പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആസിഫ് അലി ചിത്രമാണ് ടിക്കി ടാക്ക.രോഹിത് സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം ഡിസംബറില്‍ തിയറ്ററില്‍ എത്തും. തന്റെ കെജിഎഫ് എന്നായിരുന്നു ആസിഫ് ഒരു അഭിമുഖത്തില്‍ ടിക്കി ടാക്കയെ വിശേഷിപ്പിച്ചത്. എന്നാല്‍ ടിക്കി ടാക്കയുടെ ചിത്രീകരണത്തിന്റെ ഭാഗമായി നടന്ന സംഘട്ടനപരിശീലനത്തിനിടെ ആസിഫ് അലിക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് വൈകാരികമായ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് ആസിഫ് അലി.
ജോണ്‍ ഡെന്‍വര്‍ എന്ന കഥാപാത്രം എന്നിലേക്ക് വന്നപ്പോള്‍ തന്നെ ഞാന്‍ അയാളിലെ പോരാളിയുമായി പ്രണയത്തിലായി. അയാളുടെ പ്രതിരോധശേഷി, അയാള്‍ വെല്ലുവിളികളെ നേരിടുന്ന രീതി, വിട്ടുകൊടുക്കാന്‍ തയാറാല്ലാത്ത സ്വഭാവം. കഥാപാത്രത്തിനൊപ്പമുളള യാത്ര എന്നെ വ്യക്തിപരമായും അത്തരം വഴിയിലൂടെ കൊണ്ടുപോകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല.
ഒരുപാടു വിയര്‍പ്പും രക്തവും ആവശ്യപ്പെടുന്ന ചിത്രമാണ് ടിക്കി ടാക്ക. ശാരീരികമായി പരിവര്‍ത്തനം ചെയ്യാനും സംഘട്ടന കലയില്‍ പ്രാവീണ്യംനേടാനുമുളള മാസങ്ങളുടെ യാത്രയായിരുന്നു എനിക്കത്. എന്നെ മുഴുവനായും അതിനുവേണ്ടി അര്‍പ്പിച്ചുവെന്ന ആത്മവിശ്വാസത്തോടെ പറയാന്‍ എനിക്ക് കഴിയുമെന്നാണ് കരുതുന്നത്.
2023 ല്‍ ഷൂട്ടിങ് ആരംഭിച്ചപ്പോള്‍ സംഘട്ടന പരിശീനത്തിനിടെ ദൗര്‍ഭാഗ്യകരമായൊരു അപകടം സംഭവിച്ചു. തുടര്‍ന്ന് കിടപ്പിലായ ദിവസങ്ങള്‍, വീല്‍ച്ചെയറില്‍ നിരവധി ആഴ്ചകള്‍, അതിനെല്ലാമുപരി ഒരുവര്‍ഷത്തിലേറെ സമയമെടുത്ത് ഞാന്‍ കഥാപാത്രത്തിനുവേണ്ടി തയാറെടുത്തതിലെ പുരോഗതി മുഴുവന്‍ നഷ്ടമായി. ജോണ്‍ ഡെന്‍വറില്‍നിന്ന് വ്യത്യസ്തമായി ആശുപത്രിക്കിടക്കയില്‍ ഞാന്‍ ഒരു കുട്ടിയെപ്പോലെ കരഞ്ഞു.
18 മാസങ്ങള്‍ക്കുശേഷം ഞങ്ങള്‍ പൂര്‍ണതോതില്‍ ചിത്രീകരണം തുടരുകയാണ്. ചിത്രം ആവശ്യപ്പെടുന്നത് നറിവേറ്റാന്‍ ഞാന്‍ ആ പ്രക്രിയകളിലൂടെ വീണ്ടും കടന്നുപോവുകയാണ്. മെനിസ്‌കസില്‍നിന്നും ലിഗമെന്റ് പരിക്കുകളില്‍നിന്നും ഭേദപ്പെട്ട കാലുമായി കൂടുതല്‍ വിയര്‍പ്പും രക്തവുമൊഴുക്കുകയാണ്.
വര്‍ഷാവസാനത്തോടെ ടിക്കി ടാക്ക പുറത്തിറങ്ങും. എന്നാല്‍ അതിന് മുമ്പ് ഞങ്ങള്‍ എന്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് എനിക്കുളള ആവേശം പങ്കുവെക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല. കേവലം അഭിനേതാക്കളില്‍നിന്ന് മാത്രമല്ല ബന്ധപ്പെട്ട എല്ലാവരില്‍നിന്നും ഈ ചിത്രം അവരുടെ പൂര്‍ണബോധ്യവും പ്രയത്നവും ആവശ്യപ്പെടുന്നു.
മലയാളം സിനിമാ മേഖല ഒരു സുവര്‍ണതരംഗം ആഘോഷിക്കുമ്പോള്‍ മുമ്പൊരിക്കലുമില്ലാത്ത തരത്തിലുളള അനുഭവം സമ്മാനിക്കാന്‍ ഞങ്ങള്‍ ഒരുങ്ങുകയാണ്. ആക്ഷനുകള്‍കൊണ്ട് സമ്പന്നമായ മാസ് ആഘോഷത്തിന് വേണ്ടിയുളള വാണിജ്യസിനിമയുടെ അനുഭവം നല്‍കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. സിനിമയെ സ്നേഹിക്കുന്ന എല്ലാവരില്‍നിന്നും പിന്തുണ അഭ്യര്‍ഥിക്കുന്നു. ഇതുവരെ നല്‍കിയ സ്നേഹത്തിനും മാര്‍ഗനിര്‍ദേശത്തിനും നന്ദി 'ആസിഫ് കുറിച്ചു.