പേരന്റിങ്ങിനെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചുമൊക്കെ നിരന്തരം സംസാരിക്കുന്ന താരങ്ങളിലൊരാളാണ് അശ്വതി ശ്രീകാന്ത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരത്തിന്റെ പോസ്റ്റുകളൊക്കെ പലപ്പോഴും ചര്‍ച്ചയായി മാറാറുണ്ട്.ഇപ്പോളിതാ തന്റെ മകളുടെ പേരന്റ്സ്-ടീച്ചേഴ്സ് മീറ്റിംഗുമായി ബന്ധപ്പെട്ട ഒരനുഭവം പങ്കുവെച്ച് എഴുതിയ കുറിപ്പും ശ്രദ്ധ നേടുകയാണ്.
'മകളുടെ പേരന്റ്സ് ടീച്ചേഴ്‌സ് മീറ്റിങ്ങ് ആയിരുന്നു. ടീച്ചേഴ്‌സിനെല്ലാം അവളെക്കുറിച്ച് വളരെ നല്ല അഭിപ്രായം. വളരെ അനുസരണയുള്ള, നന്നായി പഠിക്കുന്ന കുട്ടിയെന്ന് അവരെല്ലാം ആവര്‍ത്തിച്ചു പറഞ്ഞു. എ സ്റ്റാറില്‍ കുറഞ്ഞതൊന്നും അവളില്‍ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നും. ഞാന്‍ ചിരിച്ചുകൊണ്ട് പുറത്തിറങ്ങിയെങ്കിലും നെഞ്ചിലൊരു കനം...
നാലാമത്തെ വയസില്‍ എനിക്കൊരു അനുജന്‍ ഉണ്ടായപ്പോഴാകണം പരിഗണന കിട്ടാന്‍ ഏറ്റവും നല്ല വഴി നല്ല കുട്ടി ആയിരിക്കുകയാണെന്ന് ഞാന്‍ മനസിലാക്കിയത്. ഞാന്‍ നന്നായി പഠിച്ചതു പോലും ടീച്ചേഴ്‌സിന്റെയും പേരന്റ്‌സിന്റെയും പ്രതീക്ഷയ്ക്ക് ഒപ്പം നില്‍ക്കാനായിരുന്നു എന്നു തോന്നുന്നു. ഒരു വശത്ത് അത് ഗുണം ചെയ്‌തെങ്കിലും അതിന് വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. എന്റെ യഥാര്‍ത്ഥ 'സെല്‍ഫ്' എന്താണെന്ന് എനിക്കു തന്നെ അറിയാതായി. വീട്ടിലും സ്‌കൂളിലും 'ഗുഡ് ഗേള്‍' പട്ടം കിട്ടാന്‍ ഞാനൊരു പീപ്പിള്‍ പ്ലീസറായി. ആരെങ്കിലും തെറ്റിദ്ധരിക്കുമോ എന്നോര്‍ത്ത് പറഞ്ഞ കാര്യങ്ങള്‍ വിശദീകരിച്ച് ഞാനൊരു ഓവര്‍ എക്‌സ്‌പ്ലെയ്‌നര്‍ ആയി. ആരെങ്കിലും ഒന്ന് മുഖം കറുപ്പിച്ചാല്‍ അവരെന്നെ വെറുക്കാനുള്ള സാധ്യതകള്‍ കല്‍പിച്ചുകൂട്ടി ഞാനൊരു ഓവര്‍ തിങ്കര്‍ ആയി. ആരോടും നോ പറയില്ല, അവരെന്നെക്കുറിച്ച് എന്തു വിചാരിക്കും എന്ന ചിന്തയാണ് മുന്നില്‍ നിന്നത്.
ഒരു പീപ്പിള്‍ പ്ലീസര്‍ ആകുന്നുണ്ടോ കുഞ്ഞേ എന്നു ചോദിച്ചപ്പോള്‍ അവള്‍ മറുപടി തന്നു: ''നോ അമ്മ, എന്റെ ബൗണ്ടറികള്‍ ക്രോസ് ചെയ്യാന്‍ ആരെയും ഞാന്‍ അനുവദിക്കില്ല. ഞാന്‍ സഹാനുഭൂതിയുള്ള ഒരാളാണ് എന്നാണ് എനിക്കു തോന്നുന്നത്. അത്രയേ ഉള്ളൂ. എ സ്റ്റാറുകളില്‍ ഒതുങ്ങുന്നതല്ല അവളുടെ മൂല്യം എന്നുകൂടി പറഞ്ഞുറപ്പിച്ച് എന്റെ ഉള്ളിലെ കുട്ടി ആശ്വാസം കണ്ടു. പന്ത്രണ്ടു വയസില്‍ അവള്‍ക്ക് മനസിലായത് എനിക്ക് വെളിവായത് മുപ്പതുകളിലാണ്'', അശ്വതി ഫേസ്ബുക്കില്‍ കുറിച്ചു.