ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസ് നിര്‍മ്മിച്ച 'ലോക' മഹാവിജയം നേടി മുന്നേറുമ്പോള്‍ ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയനാവുകയാണ് നടന്‍ ബിബിന്‍ പെരുമ്പിള്ളി. വേഫേറര്‍ ഫിലിംസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കൂടിയായ ബിബിന്‍, മലയാള സിനിമയില്‍ മികച്ച കാരക്ടര്‍ വേഷങ്ങളിലൂടെ ഇപ്പോള്‍ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുക്കുന്നത്. 'ലോക'യില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് ബിബിന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്. ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രമായെത്തുന്ന സാന്‍ഡി അവതരിപ്പിക്കുന്ന നാച്ചിയപ്പ ഗൗഡയുടെ വലം കൈയായി, ഏറെ വിശ്വസനീയമായ രീതിയിലാണ് ബിബിന്‍ പെരുമ്പിള്ളി തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത 'ആശാന്‍' എന്ന ചിത്രമാണ് ബിബിന്‍ അഭിനയിച്ചു പുറത്ത് വരാനുള്ള ഏറ്റവും പുതിയ ചിത്രം.
സിനിമ കൂടാതെ ട്രാപ് ഷൂട്ടിങ്ങില്‍ കേരളത്തിലെ ആദ്യത്തെ റിനൗണ്‍ഡ് ഷൂട്ടറായി മാറിയ ചരിതവും ബിബിന്‍ പെരുമ്പിള്ളിക്കുണ്ട്. സെക്കന്റ് ഷോ, കൂതറ, ഉസ്താദ് ഹോട്ടല്‍, തീവണ്ടി,കുറുപ്പ് , വിചിത്രം, വരനെ ആവശ്യമുണ്ട്, അടി, കിംഗ് ഓഫ് കൊത്ത, റൈഫിള്‍ ക്ലബ് തുടങ്ങിയ മലയാള ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് ബിബിന്‍.
ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മുന്നേറുന്ന കല്യാണി പ്രിയദര്‍ശന്‍- നസ്ലന്‍ ചിത്രം 'ലോക' ആഗോള തലത്തില്‍ 200 കോടി ക്ലബിലെത്തുന്ന നാലാമത്തെ മാത്രം മലയാള ചിത്രമായി മാറിയിരുന്നു. റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം 'ലോക' സ്വന്തമാക്കിയത്. ഈ ബിഗ് ബജറ്റ് ചിത്രം' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. 5 ഭാഗങ്ങളുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണിത്. ഒരത്ഭുത ലോകത്തിലേക്ക് കാഴ്ചക്കാരെ കൊണ്ട് പോകുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തില്‍ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം എത്തിച്ചത്.
ബിഗ് ബജറ്റ് ഫാന്റസി ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ അതിഥി താരങ്ങളുടെ ഒരു വലിയ നിരയും ഉണ്ട്. ഈ യൂണിവേഴ്‌സിലെ ഇനി വരാനുള്ള ചിത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട 'മൂത്തോന്‍' എന്ന കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടി ആണെന്നുള്ള വിവരവും അടുത്തിടെ പുറത്തു വിട്ടിരുന്നു. മലയാളത്തിലെ ഓള്‍ ടൈം ഹിറ്റുകളില്‍ ഒന്നായി മാറിയ 'ലോക' മികച്ച പ്രേക്ഷക പിന്തുണയോടെ പാന്‍ ഇന്ത്യന്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റര്‍ - ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ-ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബംഗ്ലാന്‍ , കലാസംവിധായകന്‍-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് - റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍-മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍- യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആര്‍ഒ- ശബരി.