അന്തരിച്ച നേതാക്കളെ അധിക്ഷേപിച്ചതില്‍ നടന്‍ വിനായകനെതിരെ പരാതി. മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള അന്തരിച്ച പ്രമുഖ നേതാക്കളെ സമൂഹ മാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചുവെന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ്, യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി എന്നിവര്‍ ഡിജിപിക്കാണ് പരാതി നല്‍കിയത്. വിഷയത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി.
വിനായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് മനഃസാക്ഷിയെ വേദനിപ്പിക്കുന്നതാണ്. കൂടാതെ രാഷ്ട്രീയ അണികളെ പ്രകോപനപരമായണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രകോപനപരമായ പോസ്റ്റുകള്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്ന പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നതില്‍ നിന്നു വിനായകനെ വിലക്കണമെന്നും പരാതിയിലുണ്ട്.
വിഎസ് അച്യുതാനന്ദന് അഭിവാദ്യമര്‍പ്പിച്ചതിനെ തുടര്‍ന്ന് വിനായകന് ശക്തമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയത്.
എന്റെ തന്തയും ചത്തു, സഖാവ് വിഎസും ചത്തു. ഗാന്ധിയും ചത്തു. നെഹ്റുവും ചത്തു. ഹൈബിയുടെ തന്ത ജോര്‍ജ് ഈഡനും ചത്തു. നിന്റെ അമ്മേടെ നായര് ചാണ്ടിയാണേല്‍ അയാളും ചത്തുവെന്നാണ് വിനായകന്റെ മറുപടി.
ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക് പോസ്റ്റിട്ട നടന്‍ വിനായകന് വി.എസിന്റെ മരണത്തിലും സമാനപരാമര്‍ശവുമായി രംഗത്തെത്തുകയായിരുനന്നു.
മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് തെരുവില്‍ മുദ്രവാക്യം വിളിച്ചതിന്റെ പേരിലാണ് വിനായകന് അധിക്ഷേപം നേരിടേണ്ടി വന്നത്. ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയെക്കുറിച്ച് വിനായകന്‍ നടത്തിയ പരാമര്‍ശം ചൂണ്ടിക്കാണിച്ചാണ് താരത്തിനെതിരെ ചിലര്‍ രംഗത്തെത്തിയത്. തനിക്കെതിരെയുള്ള അധിക്ഷേപ കമന്റുകളുടേയും പോസ്റ്റുകളുടേയും മറ്റും സ്‌ക്രീന്‍ഷോട്ട് വിനായകന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.
വിഎസിന് അഭിവാദ്യം അര്‍പ്പിക്കാന്‍ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച കൂട്ടായ്മയിലാണ് വിനായകന്‍ പങ്കെടുത്തത്. 'ഇല്ലാ ഇല്ലാ മരിക്കുന്നില്ല, സഖാവ് വിഎസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ' എന്ന മുദ്രാവാദ്യം ഏറ്റുവിളിക്കുന്ന വിനായകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. പിന്നാലെയാണ് താരത്തിനെതിരെ അധിക്ഷേപങ്ങളുയരുന്നത്.
അതേസമയം, കളങ്കാവല്‍ എന്ന ചിത്രമാണ് വിനായകന്റേതായി ഇനി വരാനിരിക്കുന്ന സിനിമ. മമ്മൂട്ടിയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ജിതിന്‍ കെ ജോസ് ആണ് സംവിധാനം ചെയ്യുന്നത്. കളങ്കാവലില്‍ മമ്മൂട്ടി നെഗറ്റീവ് റോളിലാണ് എത്തുന്നതെന്നാണ് വിവരം.