'കല്‍ക്കി-2898 എഡി' സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ ദീപിക പദുക്കോണ്‍, പുതിയൊരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ആരാധകരുടെ മുന്നിലെത്തി. ബോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനൊപ്പമുള്ള തന്റെ പുതിയ സിനിമയെ കുറിച്ചായിരുന്നു താരം പങ്കുവെച്ചത്.
''ഒരു സിനിമ നിര്‍മിക്കുമ്പോള്‍ അനുഭവങ്ങളും, അതിനൊപ്പം സിനിമ സൃഷ്ടിക്കുന്നവരുമാണ് വിജയത്തേക്കാള്‍ പ്രധാനപ്പെട്ടത്. ഇത് തന്നെയാണ് 18 വര്‍ഷം മുമ്പ് 'ഓം ശാന്തി ഓം' ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന്‍ എന്നെ പഠിപ്പിച്ച ആദ്യപാഠം. അന്ന് മുതല്‍ ഞാന്‍ എടുത്ത എല്ലാ തീരുമാനങ്ങളിലും അത് പാലിച്ചു വരുന്നു. അതുകൊണ്ടുതന്നെ ഞങ്ങള്‍ ഇന്ന് ആറാം തവണയും ഒന്നിക്കുന്നു,'' ദീപിക തന്റെ കുറിപ്പില്‍ വ്യക്തമാക്കി.
ഷാരൂഖിന്റെ കൈ സ്വന്തം കൈയില്‍ ചേര്‍ത്തുപിടിക്കുന്ന ചിത്രം കൂടി താരം പോസ്റ്റിനൊപ്പം പങ്കുവെച്ചു. സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദിനേയും ഷാരൂഖ് ഖാനേയും ദീപിക പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്തു. 'കിംഗ്', 'ഒന്നാം ദിവസം' എന്ന ഹാഷ്ടാഗുകളും പോസ്റ്റില്‍ ഉള്‍പ്പെടുത്തി.