പ്രമുഖ മലയാളി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ തമാശരൂപേണയുള്ള പരാമര്‍ശം തമിഴ്നാട്ടില്‍ വലിയ വിവാദത്തിന് തിരികൊളുത്തുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്യെയും നടി തൃഷയെയും പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് ധ്യാന്‍ നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ തമിഴ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള തര്‍ക്കങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരിക്കുന്നത്.
വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ നടി തൃഷ പങ്കെടുത്തതിനെ മുന്‍നിര്‍ത്തിയായിരുന്നു ധ്യാന്‍ സംസാരിച്ചത്. താന്‍ ഭാവിയില്‍ മുഖ്യമന്ത്രിയാകുമ്പോള്‍ നടി നവ്യ നായര്‍ സാരിയുടുത്ത് മുന്നില്‍ ഉണ്ടാകണം എന്നായിരുന്നു ധ്യാന്‍ അഭിമുഖത്തില്‍ പറഞ്ഞത്. കേരളത്തില്‍ നേരത്തെ തന്നെ വലിയ രീതിയില്‍ പ്രചരിച്ച ഈ തമാശ, തമിഴ് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയ പേജുകളിലും എത്തിയതോടെയാണ് തമിഴ് ആരാധകര്‍ ഇതിനെതിരെ രംഗത്തുവന്നത്. ധ്യാന്‍ ശ്രീനിവാസന്റെ പതിവ് ഹാസ്യശൈലിയെക്കുറിച്ച് ധാരണയില്ലാത്ത തമിഴ് സിനിമാ പ്രേമികള്‍ ഈ പരാമര്‍ശത്തെ ഗൗരവമായി കാണുകയും നടനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയുമായിരുന്നു.
സംഭവം വിവാദമായതോടെ ധ്യാനിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചേരിതിരിവ് ദൃശ്യമാണ്. തമിഴ്നാടിനെയും തങ്ങളുടെ പ്രിയതാരങ്ങളെയും അപമാനിക്കുന്നതാണ് മലയാളി നടന്റെ പ്രസ്താവനയെന്ന് വിജയ് ആരാധകര്‍ ആരോപിക്കുന്നു. മലയാളി താരങ്ങളെ തമിഴ് ജനത പ്രോത്സാഹിപ്പിക്കുന്നത് നിര്‍ത്തണമെന്നതുള്‍പ്പെടെയുള്ള കടുത്ത കമന്റുകളും തമിഴ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഉയരുന്നുണ്ട്.
അതേസമയം, ധ്യാന്‍ ശ്രീനിവാസന്റെ പതിവ് അഭിമുഖ ശൈലി അറിയാവുന്ന മലയാളി പ്രേക്ഷകര്‍ രസകരമായ ട്രോളുകളുമായാണ് ഇതിനോട് പ്രതികരിക്കുന്നത്. തമിഴ്നാട്ടിലേക്ക് ഇനി പോകാന്‍ കഴിയില്ലെന്ന് നടന്‍ അജു വര്‍ഗീസ് മുന്‍പ് തമാശയായി പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്, 'എന്റെ സുഹൃത്തിന് ഭ്രാന്താണ്, വിജയ് സര്‍ ക്ഷമിക്കണം' എന്ന രീതിയിലുള്ള ട്രോളുകള്‍ മലയാളികള്‍ പങ്കുവെക്കുന്നുണ്ട്.
തമിഴ് മാധ്യമങ്ങള്‍ക്ക് പുറമെ എന്‍.ഡി.ടി.വി. അടക്കമുള്ള പ്രമുഖ ദേശീയ മാധ്യമങ്ങളും ഈ വിഷയം വാര്‍ത്തയാക്കിയിട്ടുണ്ട്. ഒരു സാധാരണ സിനിമാ അഭിമുഖത്തിലെ തമാശക്കപ്പുറം, രണ്ട് സംസ്ഥാനങ്ങളിലെ സിനിമാ ആരാധകര്‍ തമ്മിലുള്ള വലിയൊരു സോഷ്യല്‍ മീഡിയ യുദ്ധമായി ഈ സംഭവം നിലവില്‍ മാറിയിരിക്കുകയാണ്.