ചെന്നൈയിലും കൊച്ചിയിലും തിരുവനന്തപുരത്തും എല്ലാമായി വീടുകളും ഫ്ളാറ്റുകളും എല്ലാമുള്ള മനുഷ്യനാണ് പ്രിയദര്‍ശന്‍. വിവാഹം കഴിഞ്ഞ് ലിസിയ്ക്കും മക്കള്‍ക്കും ഒപ്പമുള്ള ജീവിതം മുഴുവന്‍ ചെന്നൈയിലായിരുന്നു. വല്ലപ്പോഴുമാണ് നാട്ടിലേക്ക് വന്നിരുന്നത്. അപ്പോള്‍ കൊച്ചിയിലോ തിരുവനന്തപുരത്തോ ഒക്കെ ഫ്ളാറ്റുകളില്‍ താമസിക്കും. ഇപ്പോഴിതാ, പ്രിയദര്‍ശന്റെ അച്ഛന്‍ കെ സോമന്‍ നായര്‍ വര്‍ഷങ്ങള്‍ക്കു മുന്നേ ഏറെ മോഹത്തോടെ സ്ഥലം വാങ്ങുകയും തുടര്‍ന്ന് പണി കഴിപ്പിക്കുകയും ചെയ്ത തിരുവനന്തപുരത്തെ വീടിന്റെ അവസ്ഥയാണ് ഇപ്പോള്‍ ഒരു വീഡിയോയിലൂടെ പുറത്തു വന്നിരിക്കുന്നത്. ശരിക്കും അമ്പലപ്പുഴക്കാരാണ് പ്രിയദര്‍ശന്റെ മാതാപിതാക്കളായ കെ.സോമന്‍ നായരും അമ്മ കെ രാജമ്മയും. തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് എത്തുകയായിരുന്നു. ഇവിടെ വളര്‍ന്ന പ്രിയദര്‍ശന്റെ കുട്ടിക്കാലം മുഴുവന്‍ ഈ വീട്ടിലായിരുന്നു. ക്രിക്കറ്റില്‍ അതീവ തത്പരനായിരുന്ന പ്രിയദര്‍ശന്റെ ഇടത് കണ്ണില്‍ കളിക്കിടെ ക്രിക്കറ്റ് പന്ത് പതിച്ച് വന്‍ പരിക്കേറ്റതും അതിനു ശേഷം കളി ഉപേക്ഷിച്ചതുമെല്ലാം ഈ വീട്ടില്‍ താമസിക്കുമ്പോഴായിരുന്നു. അമ്മയുടെ പേരായ രാജമ്മ എന്ന പേരില്‍ നിന്നുമാണ് ഈ വീടിന് രാജമല്ലി എന്നു പേരിട്ടത്.
തിരുവനന്തപുരം പാങ്ങോട് മിലിറ്ററി ക്യാമ്പിനു സമീപത്തായാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. പ്രിയദര്‍ശന്റെ കുടുംബവീടായ ഇവിടെ ഇപ്പോള്‍ ആരും തന്നെ താമസിക്കുന്നില്ല. അറ്റകുറ്റപ്പണികളുടെ ഭാഗമായി അടച്ചിട്ടിരിക്കുന്ന വീട്ടില്‍ ഇപ്പോള്‍ പണികളും ചെയ്യുന്നില്ല. കാര്‍ പോര്‍ച്ച് എന്നു കരുതാവുന്ന വീടിന്റെ ഇടതുവശത്തെ ഭാഗം ചുടുകട്ട വെച്ച് അടച്ച് പണി പൂര്‍ത്തിയാക്കിയതെല്ലാം വീഡിയോയില്‍ കാണാവുന്നതാണ്. ഈ വീടിനു പിന്നില്‍ രണ്ടേക്കറോളം സ്ഥലമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പഴയ മോഡല്‍ വീടായിരുന്നു ഇത്. അകത്തും പുറത്തുമെല്ലാം നിരവധി പണികള്‍ ചെയ്ത് മോഡേണ്‍ രീതിയില്‍ മാറ്റിയെടുത്ത് ഇവിടെ വിശ്രമകാലം ചെലവഴിക്കാന്‍ പ്രിയദര്‍ശന്‍ എത്തുമെന്നാണ് പ്രിയപ്പെട്ടവരും വിശ്വസിക്കുന്നത്. കാരണം, ചെന്നൈയിലെ വീട് ലിസിയ്ക്കു നല്‍കിയാണ് പ്രിയദര്‍ശന്‍ വിവാഹമോചനം നേടിയത്. അതിനു ശേഷം മകള്‍ കല്യാണി പ്രിയദര്‍ശനും സ്വന്തമായി വീട് വാങ്ങുകയും ചെന്നൈയിലെത്തുമ്പോഴേല്ലാം അച്ഛനും മകളും അമ്മയ്ക്കൊപ്പം ആ വീട്ടില്‍ താമസിക്കുകയും ചെയ്യാറുണ്ട്. അമേരിക്കയിലുള്ള മകന്‍ സിദ്ധാര്‍ത്ഥും ഭാര്യയും കുഞ്ഞും വിശേഷകാലത്ത് നാട്ടിലെത്തുമ്പോള്‍ എല്ലാവരും ഒത്തുചേരുന്നതും ഇവിടെയാണ്.
തിരുവനന്തപുരം നഗരത്തിന്റെ കണ്ണായ ഭാഗത്തു തന്നെയുള്ള ഈ വലിയ വീടിനും പിന്നിലേക്കുള്ള രണ്ട് ഏക്കറോളം സ്ഥലത്തിനും കോടികള്‍ വില മതിക്കും. മുന്നില്‍ താക്കോലിട്ട് പൂട്ടിയെങ്കിലും പിന്നിലെ ഗേറ്റ് അകത്തു നിന്നും പൂട്ടിയ നിലയിലാണ്. മുറ്റത്തെ വലിയ മാവും മുറ്റത്തു നിറയെ വലിയ ഏണികളും സിമെന്റും മണലുമെല്ലാം കൂട്ടിയിട്ടിരിക്കുന്നതും കാണാം.