പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരുക്കുന്ന പുതിയ ബോളിവുഡ് ചിത്രമായ 'ഹയ്വാന്‍' തന്റെ തന്നെ മലയാള ചിത്രമായ 'ഒപ്പം'ന്റെ റീമേക്ക് അല്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ പ്രിയദര്‍ശന്‍. ''ഒപ്പത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. തിരക്കഥയിലും സംഭാഷണത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്'' എന്ന് അദ്ദേഹം പറഞ്ഞു. അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുമെന്ന് പ്രിയദര്‍ശന്‍ വെളിപ്പെടുത്തി. ''മോഹന്‍ലാലിന്റെ കഥാപാത്രം പ്രേക്ഷകര്‍ക്ക് ഒരു സര്‍പ്രൈസ് ആയിരിക്കും'' എന്നും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ട ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. മുംബൈയില്‍ ചിത്രീകരണം നടത്താന്‍ അനുവാദം ലഭിക്കാത്തതിനാല്‍ കൊച്ചിയെ തന്നെ ലൊക്കേഷനായി തിരഞ്ഞെടുത്തതായി സംവിധായകന്‍ പറഞ്ഞു. ഒമ്പത് വര്‍ഷം മുമ്പ് ഇതേ സ്ഥലത്ത് 'ഒപ്പം' സിനിമയിലെ രംഗങ്ങളും ചിത്രീകരിച്ചിരുന്നുവെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. കെ.വി.എന്‍ പ്രൊഡക്ഷന്‍സ്, തെസ്പിയന്‍ ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ വെങ്കട് കെ. നാരായണ, ശൈലജ ദേശായി ഫെന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ബൊമന്‍ ഇറാനി, ഷരിബ് ഹാഷ്മി, അസ്രാണി, സയ്യാമി ഖേര്‍, ശ്രിയ പില്‍ഗോന്‍ക എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഛായാഗ്രഹണം ദിവാകര്‍ മണി, പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറില്‍. വാഗമണ്‍, ഊട്ടി, മുംബൈ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം.
''കരാര്‍ ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം സിനിമാരംഗത്ത് നിന്ന് വിരമിക്കണമെന്നതാണ് എന്റെ തീരുമാനം. ഏറെക്കാലമായി നിര്‍മാതാക്കളുടെ ആവശ്യം മൂലം 'ഹേരാ ഫേരി 3'യും ആലോചനയിലുണ്ട്'' എന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.