സിനിമാതാരം നവ്യ നായര്‍ തന്റെ കാറിന് മുന്നില്‍ അപകടകരമായ രീതിയില്‍ സ്‌കൂട്ടര്‍ ഓടിച്ചുപോയ യാത്രികരുടെ വീഡിയോ പങ്കുവെച്ചത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ഹെല്‍മറ്റ് ധരിക്കാതെ, മദ്യപിച്ചെന്ന് വ്യക്തമാകുന്ന തരത്തില്‍ അലക്ഷ്യമായി വണ്ടിയോടിച്ച് പോയ രണ്ടുപേരുടെ ദൃശ്യങ്ങളാണ് താരം തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്തുവിട്ടത്.
നവ്യയുടെ കാറിന് തൊട്ടുമുന്നില്‍ക്കൂടി പോകുന്ന സ്‌കൂട്ടറാണ് വീഡിയോയില്‍ കാണുന്നത്. സ്‌കൂട്ടറില്‍ രണ്ടുപേരായിരുന്നു ഉണ്ടായിരുന്നത്. ഇവരില്‍ ആരാണ് വണ്ടിയോടിക്കുന്നത് എന്ന് സംശയം തോന്നുന്ന തരത്തിലായിരുന്നു ഇവരുടെ സഞ്ചാരം. മദ്യപിച്ചതിന്റെ ലക്ഷണങ്ങള്‍ സ്‌കൂട്ടര്‍ യാത്രികരില്‍ വ്യക്തമായിരുന്നു. സ്‌കൂട്ടറിന്റെ പിന്നിലിരുന്ന ആള്‍ ഏത് നിമിഷവും താഴെ വീഴാമെന്ന മട്ടിലാണ് ഇരുന്നിരുന്നത്.
യാത്രികര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല എന്നതും വീഡിയോയില്‍ വ്യക്തമാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി ലംഘിച്ചുള്ള ഇവരുടെ ഈ യാത്ര, മറ്റുള്ളവരുടെ ജീവനും കൂടി ഭീഷണിയാകുന്നതായിരുന്നു. കുറേനേരം ഈ അപകടകരമായ യാത്ര നവ്യ തന്റെ കാറില്‍ ഇരുന്ന് നിരീക്ഷിക്കുകയും അത് ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. 'ചില വഴിയോരക്കാഴ്ചകള്‍. സേഫ് റൈഡ് ഗയ്‌സ്,' എന്ന അടിക്കുറിപ്പോടെയാണ് നവ്യ വീഡിയോ പോസ്റ്റ് ചെയ്തത്.
അപകടകരമായ രീതിയില്‍ പോയ സ്‌കൂട്ടര്‍ യാത്രികര്‍ പിന്നീട് വഴിയരികില്‍ വണ്ടി നിര്‍ത്തി. അതുവരെയുള്ള ദൃശ്യങ്ങള്‍ നവ്യ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. റോഡില്‍ മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് താരം ഈ വീഡിയോ പങ്കുവെച്ചത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ രസകരവും അതോടൊപ്പം യാത്രയുടെ അപകടസാധ്യതകള്‍ ചൂണ്ടിക്കാണിച്ചുമുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നത്.
പൊതുസ്ഥലങ്ങളില്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. രത്തീന സംവിധാനം ചെയ്ത 'പാതിരാത്രി' എന്ന ചിത്രമാണ് നവ്യയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ഈ ചിത്രത്തില്‍ സൗബിന്‍ ഷാഹിറിനൊപ്പം നവ്യ ഒരു പോലീസ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. നവ്യയുടെ കരിയറിലെ ആദ്യത്തെ പോലീസ് വേഷം കൂടിയായിരുന്നു ഇത്.