ക്ഷണപ്രകാരം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ വസതിയിലെത്തി ദുല്‍ഖര്‍ സല്‍മാന്‍. ഞായറാഴ്ച രാവിലെയാണ് ദുല്‍ഖര്‍ രേവന്ത് റെഡ്ഡിയുടെ വസതിയിലെത്തിയത്. ചലച്ചിത്ര നിര്‍മ്മാതാക്കളായ സ്വപ്ന ദത്തും ചെറുകുരി സുധാകറും ദുല്‍ക്കറിനൊപ്പം ഉണ്ടായിരുന്നു. ഇളം നീല നിറത്തിലുള്ള പൊന്നാട അണിയിച്ചാണ് ദുല്‍ഖര്‍ സല്‍മാനെ രേവന്ത് റെഡ്ഢി സ്വീകരിച്ചത്.
തെലുങ്ക് ചിത്രമായ ലക്കി ഭാസ്‌കറിലെ അഭിനയത്തിന് ദുല്‍ഖര്‍ സല്‍മാന് കഴിഞ്ഞ വര്‍ഷം മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരുന്നു. എന്നാല്‍ ദുല്‍ഖറിന് നേരിട്ടെത്തി അവാര്‍ഡ് ഏറ്റുവാങ്ങാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് താരം തെലങ്കാനയില്‍ എത്തിയപ്പോള്‍ രേവന്ത് റെഡ്ഢിയുടെ വസതി സന്ദര്‍ശിച്ചതെന്നാണ് സൂചന. 2024 ല്‍ റിലീസ് ചെയ്ത തെലുങ്ക് ചിത്രങ്ങള്‍ക്കായുള്ള പുരസ്‌കാരങ്ങളില്‍ നാലെണ്ണമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ലക്കി ഭാസ്‌ക്കര്‍ അന്ന് സ്വന്തമാക്കിയത്. മൂന്നാമത്തെ മികച്ച ചലച്ചിത്രം, മികച്ച എഡിറ്റര്‍, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്‌കാരങ്ങളാണ് ലക്കി ഭാസ്‌കറിനെ തേടിയെത്തിയത്.
മികച്ച എഡിറ്റര്‍ക്കുള്ള അവാര്‍ഡ് ഈ ചിത്രത്തിലൂടെ നവീന്‍ നൂലി നേടിയപ്പോള്‍, മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡ് ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ വെങ്കി അറ്റ്‌ലൂരിയ്ക്കായിരുന്നു. 'കിംഗ് ഓഫ് കൊത്ത'യുടെ പരാജയത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രമായിരുന്നു 'ലക്കി ഭാസ്‌കര്‍'. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയായിരുന്നു ലക്കി ഭാസ്‌കര്‍. ചിത്രത്തിലൂടെ ദുല്‍ഖര്‍ വലിയ തിരിച്ചുവരവാണ് നടത്തിയത്. 100 കോടിക്ക് പുറത്ത് നേടിയ ചിത്രം കേരളത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമയാണ്. ഒരു ബാങ്ക് കാഷ്യറുടെ വേഷമാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്.