വാഹനം പിടിച്ചെടുത്ത നടപടിയില്‍ ഹൈക്കോടതിയെ സമീപിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായി ലാന്‍ഡ് റോവര്‍ വാഹനം പിടിച്ചെടുത്ത നടപടി ചോദ്യം ചെയ്താണ് നടന്‍ ഹര്‍ജി നല്‍കിയത്. എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും വാഹനം വിട്ടുകിട്ടണമെന്നും ഹര്‍ജിയില്‍ പറയുന്നു. വാഹനം വാങ്ങിയതിന്റെ രേഖകള്‍ കാണിക്കുന്നതിന് മുന്‍പ് തന്നെ വാഹനം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു എന്നും ദുല്‍ഖര്‍ ഹര്‍ജിയില്‍ പറയുന്നു. രേഖള്‍ പരിശോധിക്കാന്‍ പോലും അവര്‍ കൂട്ടാക്കിയില്ല.
തന്റെ പ്രതിച്ഛായ വരെ മോശമാക്കുന്ന രീതിയിലാണ് മാധ്യമങ്ങള്‍ വരെ വാര്‍ത്ത നല്‍കിയിരിക്കുന്നത്. എന്തോ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിരുന്ന കാറ് പിടിച്ചെടുത്തത് പോലെയുള്ള വലിയ പബ്ലിസിറ്റിയാണ് ഈ വാര്‍ത്ത കൈകാര്യം ചെയ്തത്. എല്ലാം അര്‍ത്ഥത്തിലും നിയമപരമായിട്ട് തന്നെയാണ് വാഹനം വാങ്ങിയിരിക്കുന്നത്. ഇത് എങ്ങനെ എന്നും വിശദീകരിക്കുന്നു. ഇന്‍വോയിസ് അനുസരിച്ച് ഇന്റര്‍നാഷനല്‍ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ് ന്യൂഡല്‍ഹിയിലെ റീജിണല്‍ ഡലിഗേഷനു വേണ്ടി ഇറക്കുമതി ചെയ്തതാണ് വാഹനം. അതിനു ശേഷം ഇതിന്റെ ഉടമസ്ഥര്‍ തമിഴ്‌നാട്ടിലെ പുതുക്കോട്ടെയിലുള്ള താജ് മഹല്‍ ടുബാക്കോ പ്രൈ. ലിമിറ്റഡാണ്. അതിന്റെ ഉടമസ്ഥന്‍ ഹബീബ് മുഹമ്മദില്‍ നിന്നാണ് താന്‍ വാഹനം വാങ്ങിയ ആര്‍തീ പ്രൊമോട്ടേഴ്‌സിന് വാഹനം ലഭിച്ചത് എന്നാണ് മനസിലാകുന്നതെന്നും ദുല്‍ഖര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 2016ല്‍ ഇക്കാര്യം പറഞ്ഞുകൊണ്ടുള്ള താജ് മഹല്‍ കമ്പനിയുടെ രേഖയും താന്‍ സമര്‍പ്പിച്ചിരുന്നു എന്ന് ദുല്‍ഖര്‍ പറയുന്നു. തങ്ങളാണ് വാഹനം വാങ്ങിച്ചതെന്ന് കാട്ടി ആര്‍തീ പ്രൊമോട്ടേഴ്‌സ് നല്‍കിയ രേഖകളും താന്‍ ഹാജരാക്കിയിരുന്നുവെന്ന് ദുല്‍ഖര്‍ വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് ദുല്‍ഖര്‍ സല്‍മാന്റെ പനമ്പള്ളി നഗറിലെ വീട്ടില്‍ കസ്റ്റംസിന്റെ പരിശോധന നടന്നത്. പിന്നാലെ ദുല്‍ഖറിന്റെ രണ്ടുവാഹനങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇതില്‍ രണ്ടുവാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതില്‍ ഒരുവാഹനം മറ്റൊരാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നടന്‍ അമിത് ചക്കാലയ്ക്കലിന്റെ എളമക്കര പൊറ്റക്കുഴിയിലെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടന്നിരുന്നു. പൃഥ്വിരാജിന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ല. കൊച്ചിക്ക് പുറമേ തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കണ്ണൂര്‍, അടിമാലി എന്നിവിടങ്ങളിലും കസ്റ്റംസിന്റെ പരിശോധന നടന്നിരുന്നു. കൃത്യമല്ലാത്ത രേഖകളുള്ള വാഹനമാണ് പിടിച്ചെടുത്തത് എന്നാണ് കസ്റ്റംസ് പറയുന്നത്.