Latest News

പാലക്കാട് സ്വദേശിനി;  പത്ത് വര്‍ഷമായി ദുബായില്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം ജീവിതം; പാട്ടുകളെഴുതി തുടക്കം; ഫെമിനിച്ചി ഫാത്തിമ'യില്‍ അഭിനയിച്ചത് കുഞ്ഞിന് ആറ് മാസം പ്രായമുള്ളപ്പോള്‍; ഫാത്തിമ എന്ന കഥാപാത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഷംല ഹംസയെ അറിയാം

Malayalilife
പാലക്കാട് സ്വദേശിനി;  പത്ത് വര്‍ഷമായി ദുബായില്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം ജീവിതം; പാട്ടുകളെഴുതി തുടക്കം; ഫെമിനിച്ചി ഫാത്തിമ'യില്‍ അഭിനയിച്ചത് കുഞ്ഞിന് ആറ് മാസം പ്രായമുള്ളപ്പോള്‍; ഫാത്തിമ എന്ന കഥാപാത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഷംല ഹംസയെ അറിയാം

പൊന്നാനിയിലെ ഇടത്തരം മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രമായിരുന്നു 'ഫെമിനിച്ചി ഫാത്തിമ'. ചിത്രത്തിലെ ഫാത്തിമ എന്ന കഥാപാത്രമായെത്തിയ ഷംല ഹംസയാണ് 2024-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു ലക്ഷം രൂപയും ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രേക്ഷക ഹൃദയങ്ങളില്‍ മായാത്ത മുദ്ര പതിപ്പിച്ച അഭിനയമാണ് ഫാത്തിമ എന്ന കഥാപാത്രത്തിലൂടെ ഷംല കാഴ്ചവെച്ചതെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി. 

ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ഫാസില്‍ മുഹമ്മദിന് മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരവും ലഭിച്ചു. തൃത്താല പട്ടാമ്പി സ്വദേശിനിയായ ഷംല ഹംസക്ക് ഇത് ഒരു വലിയ അംഗീകാരമാണ്. കുഞ്ഞിന് ആറ് മാസം പ്രായമുള്ളപ്പോഴായിരുന്നു ഷംല ചിത്രത്തില്‍ അഭിനയിച്ചത്. ഭര്‍ത്താവ് മുഹമ്മദ് സാലിഹിനും മകള്‍ ലസിനുമൊപ്പം ഗള്‍ഫിലാണ് ഷംല ഹംസയുടെ താമസം. നേരത്തെ 'ആയിരത്തൊന്ന് നുണകള്‍' എന്ന ചിത്രത്തിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. 

2024-ലെ ഐ.എഫ്.എഫ്.കെ.യില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രം വിവിധ വിഭാഗങ്ങളിലായി അഞ്ച് പുരസ്‌കാരമാണ് ഐഎഫ്എഫ്കെയില്‍ നേടിയത്. 'ഫെമിനിച്ചി ഫാത്തിമ'യുടെ ഐഎഫ്എഫ്‌കെ പ്രീമിയറിന് കൈക്കുഞ്ഞുമായി എത്തിയ ഷംല അന്ന് വലിയ ശ്രദ്ധ നേടിയിരുന്നു. 

മത്സരവിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം, അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം, അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ മികച്ച തിരക്കഥയ്ക്കുള്ള ജൂറി പുരസ്‌കാരം, കെആര്‍ മോഹനന്‍ പുരസ്‌കാരം എന്നിവയും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. താന്‍ ഒരു തുടക്കക്കാരിയാണെന്നും ഈ പുരസ്‌കാരം വലിയ പ്രചോദനമാണെന്നും അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം ഷംല ഹംസ പ്രതികരിച്ചു. 'എനിക്ക് ചെയ്യാന്‍ സാധിക്കുമെന്ന് തോന്നിയ കഥാപാത്രമായിരുന്നു ഫാത്തിമയുടേത്. മറ്റ് താരങ്ങളില്‍ നിന്ന് മികച്ച പിന്തുണ ലഭിച്ചു. ഈ അവാര്‍ഡ് എന്റെ മാത്രം നേട്ടമല്ല, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെയെല്ലാം കൂട്ടായ പ്രയത്‌നത്തിന്റെ ഫലമാണ്,' ഷംല ഹംസ പറഞ്ഞു.

ഷംല ആദ്യം അഭിനയിക്കുന്നത് 'മിടുക്കി' എന്നൊരു പരിപാടിയിലാണ്. എങ്ങനെയെങ്കിലും മീഡിയയില്‍ നില്‍ക്കണം എന്ന് ഏറെ ആഗ്രഹിച്ചിരുന്നു. അഭിനയിക്കണമെന്നല്ല, പാട്ടുകളെഴുതിയിരുന്നു അതൊന്ന് സിനിമയില്‍ വരണമെന്നായിരുന്നു ഉള്ളില്‍. കുറേ പാട്ടൊക്കെ എഴുതി ഷംല ഹംസ പ്രൊഡക്ഷന്‍സ് എന്നൊരു ചാനലുണ്ടാക്കി, പലരെക്കൊണ്ടും പാടിച്ച് അതിലിട്ടു.  അപ്പോഴാണ് ദുബായില്‍ വച്ച് ആദ്യ സിനിമയുടെ ഓഡിഷന്‍ കണ്ട് അതില്‍ അഭിനയിക്കുന്നത്. 

പാട്ടെഴുതാനെന്നു കരുതിയാണ് പോയത് പക്ഷേ, അഭിനയിച്ചു നോക്കിയപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടമായി. അത് എനിക്കും ഒരു തിരിച്ചറിവായിരുന്നു. നാട്ടില്‍ പാലക്കാട് തൃത്താലയാണ് സ്വദേശം. വീട്ടില്‍ ഉപ്പ, ഉമ്മ, ഒരു സഹോദരിയും രണ്ട് സഹോദരന്മാരുമുണ്ട്. ഇളയ അനിയന്‍ ഷാഹിദ് മരയ്ക്കാര്‍ സിനിമാ മേഖലയില്‍ എഡിറ്ററാണ്. ആലപ്പുഴ ജിംഖാന, തുടരും എന്നീ സിനിമയിലൊക്കെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. ഇപ്പോ ഒരു തമിഴ് സിനിമയില്‍ അസിസ്റ്റന്റ് എഡിറ്ററായി ജോലി ചെയ്യുന്നു. ഭര്‍ത്താവ് സാലിഹിന് ദുബായിലാണ് ജോലി. മകള്‍ ലസിന്‍ സോയ്, രണ്ട് വയസ്.

ഫെമിനിച്ചി ഫാത്തിമ' എന്ന ചിത്രത്തിലൂടെ ഫാസില്‍ മുഹമ്മദ് മികച്ച നവാ?ഗത സംവിധായകനുള്ള പുരസ്‌കാരവും നേടിയിരുന്നു. ഈ നേട്ടം ചിത്രത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്ത് പകരുന്നതാണെന്ന് ഫാസില്‍ പ്രതികരിച്ചു. സംവിധായകന്‍ ഫാസില്‍ മുഹമ്മദ് സിനിമയിലൂടെ പറയുന്ന രാഷ്ട്രീയം സമകാലിക പ്രസക്തി ഉള്ളതായിരുന്നു. സമൂഹത്തിന്റെ പുരോഗമനപരമായ കുതിപ്പിന് കൂടുതല്‍ കരുത്തു നല്‍കുന്ന ഫെമിനിച്ചി ഫാത്തിമ പോലുള്ള ചിത്രങ്ങള്‍ക്ക് അംഗീകാരങ്ങള്‍ നേടുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ല. ഒക്ടോബര്‍ 10-നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. എ.എഫ്.ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്‌കറിയയും തമര്‍ കെവി യും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. 

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്തത്. 'ഫെമിനിച്ചി ഫാത്തിമ' നിരവധി ചലച്ചിത്രമേളകളില്‍ പ്രശംസ നേടിയിരുന്നു. മികച്ച നടിക്കുള്ള മത്സരത്തില്‍ ഇത്തവണ കനി കുസൃതിയും ദിവ്യ പ്രഭയും (ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്), അനശ്വര രാജന്‍ (രേഖാചിത്രം), ജ്യോതിര്‍മയി (ബോഗെയ്ന്‍ വില്ല), സുരഭി ലക്ഷ്മി (അജയന്റെ രണ്ടാം മോഷണം), നസ്രിയ നസീം (സൂക്ഷ്മദര്‍ശിനി) എന്നിവരും ശക്തമായ മത്സരം കാഴ്ചവെച്ചിരുന്നു. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. 128 എന്‍ട്രികള്‍ ആണ് പ്രാഥമിക ജൂറിയുടെ പരിഗണനയ്ക്ക് വന്നത്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.
 

feminichi fathima shamla hamsa

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES