Latest News

പണം വാങ്ങിയിട്ടില്ലെന്നോ, കൊടുക്കാനില്ലെന്നോ പറയില്ല; പണം വാങ്ങിച്ചിട്ടുണ്ടെങ്കില്‍ കൊടുത്തിരിക്കും, എനിക്കറിയാം വാപ്പി ആരാണെന്ന്'; ഒരു ഭാഗം കേട്ട് സൈബര്‍ അറ്റാക്ക് നടത്താന്‍ വരരുത്;  വീഡിയോയുമായി ബാദുഷയുടെ മകള്‍; സഹപ്രവര്‍ത്തകര്‍ തമ്മില്‍ കടം വാങ്ങുന്നത് സ്വാഭാവികമാണെന്നും പറ്റിച്ചിട്ട് ബാദുഷ എവിടെപ്പോയി ഒളിക്കാനാണെന്നും സംവിധായകന്‍ ജോണ്‍ ഡിറ്റോയുടെ കുറിപ്പ്

Malayalilife
പണം വാങ്ങിയിട്ടില്ലെന്നോ, കൊടുക്കാനില്ലെന്നോ പറയില്ല; പണം വാങ്ങിച്ചിട്ടുണ്ടെങ്കില്‍ കൊടുത്തിരിക്കും, എനിക്കറിയാം വാപ്പി ആരാണെന്ന്'; ഒരു ഭാഗം കേട്ട് സൈബര്‍ അറ്റാക്ക് നടത്താന്‍ വരരുത്;  വീഡിയോയുമായി ബാദുഷയുടെ മകള്‍; സഹപ്രവര്‍ത്തകര്‍ തമ്മില്‍ കടം വാങ്ങുന്നത് സ്വാഭാവികമാണെന്നും പറ്റിച്ചിട്ട് ബാദുഷ എവിടെപ്പോയി ഒളിക്കാനാണെന്നും സംവിധായകന്‍ ജോണ്‍ ഡിറ്റോയുടെ കുറിപ്പ്

നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ എന്‍ എം തന്നില്‍ നിന്നു 20 ലക്ഷം രൂപ കടം വാങ്ങിയെന്നും തിരികെ ച്ചോദിച്ചപ്പോള്‍ സിനിമകളില്‍ നിന്നൊഴിവാക്കിയെന്നും ആരോപിച്ച് നടന്‍ ഹരിഷ് കണാരന്‍ വെളിപ്പെടുത്തിയത് രണ്ട് ദിവസം മുമ്പാണ്. ഇതിന് പിന്നാലെ ഹരിഷിനെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ഈ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാദുഷയുടെ മകളും മോഡലുമായ ഷിഫ ബാദുഷ. വാപ്പി പണം വാങ്ങിയിട്ടുണ്ടെങ്കില്‍ തിരികെ കൊടുക്കുമെന്നാണ് ഷിഫ പറയുന്നത്. ഈ സംഭവത്തിന്റെ പേരില്‍ തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്നും വീഡിയോയിലൂടെ ഷിഫ പ്രതികരിച്ചു.

വാപ്പിയോട് ഞാന്‍ എന്താണ് കാര്യമെന്ന് ചോദിച്ചു. വീട്ടിലെ കാര്യങ്ങള്‍ മക്കളും അറിഞ്ഞിരിക്കണം എന്ന് പറഞ്ഞാണ് എന്നേയും സഹോദരനേയും വളര്‍ത്തുന്നത്. എന്നോട് വാപ്പി എന്താണ് നടന്നതെന്ന് പറഞ്ഞു. പക്ഷെ ഞാനത് നിങ്ങളോട് പറയില്ല. വാപ്പിയായിട്ട് തന്നെ നിങ്ങളോട് പറയും. ബാദുഷയുടേയും നടന്റേയും ഇടയില്‍ നടന്നിട്ടുള്ള കാര്യമാണിത്. എനിക്ക് അതിന്റെ ഇടയില്‍ കയറേണ്ട ആവശ്യമില്ല'' ഷിഫ പറയുന്നു.

''വാപ്പി കള്ളനാണെന്ന് പറഞ്ഞ് വരുന്നവരോട് പറയാനുള്ളത്, വാപ്പിച്ചി ആരുടേയും കയ്യില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നോ, കൊടുക്കാനില്ലെന്നോ ഞാന്‍ പറയില്ല. സിനിമയാണ്. സിനിമയില്‍ റോളിങ് ഉണ്ട്. ഈ പറയുന്ന കേസ് തീര്‍ത്തും വ്യത്യസ്തമാണ്. ഒരു ഭാഗം മാത്രം കേട്ട് എനിക്കും കുടുംബത്തിനുമെതിരെ സൈബര്‍ അറ്റാക്ക് നടത്താന്‍ വരരുത്. എനിക്ക് എങ്ങും കൊള്ളാന്‍ പോകുന്നില്ല''.

'വാങ്ങിച്ചിട്ടുണ്ടെങ്കില്‍ ബാദുഷ കൊടുത്തിരിക്കും. എനിക്കറിയാം വാപ്പി ആരാണെന്ന്. ആരോടും തെളിയിക്കേണ്ടതില്ല. എന്നെ ആരും നിര്‍മാതാവ് ബാദുഷയുടെ മകള്‍ ആണെന്ന് പറഞ്ഞ് പരിചയപ്പെടുത്തേണ്ടതില്ല. അത് അദ്ദേഹത്തിന്റെ മകള്‍ ആണെന്ന് പറയുന്നതില്‍ മടിയുണ്ടായിട്ടല്ല. എനിക്ക് എന്റേതായൊരു വ്യക്തിത്വമുണ്ട്. നിര്‍മാതാവ് ബാദുഷയുടെ മകള്‍ എന്നതിലുപരിയായി ഷിഫ ബാദുഷ എന്നറിയപ്പെടാനാണ് ഞാനാഗ്രഹിക്കുന്നത്. 

ബാദുഷയുടെ മകള്‍ ആണെന്നതില്‍ ഞാന്‍ എന്നും അഭിമാനിക്കുന്നുണ്ട്. വാപ്പിയുടെ പേരും പറഞ്ഞ് എന്റെയും അമ്മയുടേയും സഹോദരന്റേയും കമന്റ് ബോക്സില്‍ തുള്ളുന്ന ചേട്ടന്മാരോട്, ആ സമയം കൊണ്ട് വേറെ വല്ല നല്ല കാര്യവും ചെയ്യൂവെന്നേ പറയാനുള്ളൂ'' എന്നും ഷിഫ പറയുന്നു.

ഈ വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ജോണ്‍ ഡിറ്റോയും കുറിപ്പ് പങ്ക് വച്ചി. സഹപ്രവര്‍ത്തകര്‍ തമ്മില്‍ കടം വാങ്ങുന്നത് സ്വാഭാവികമാണ്. അതില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ വിളിച്ച് പറഞ്ഞ് വ്യക്തിഹത്യ നടത്തുന്നത് ശരിയല്ലെന്നാണ് ജോണ്‍ ഡിറ്റോ പറയുന്നത്. 

അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം: നടന്‍ ഹരീഷ് കണാരന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ എന്‍ എം ബാദുഷയ്‌ക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നു. ഹരീഷിനോട് 20 ലക്ഷം രൂപ ബാദുഷ വാങ്ങി സമയത്ത് കൊടുത്തില്ല എന്ന്.പണം തിരികെ ചോദിച്ചപ്പോള്‍ എആര്‍ എം എന്ന സിനിമയില്‍ നിന്നു ഉള്‍പ്പെടെ പല സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തി എന്നും ഹരീഷ് ആരോപിച്ചിരിക്കുന്നു. എന്‍ എം ബാദുഷ തട്ടിപ്പ് നടത്തുന്ന ആളായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.സിനിമാ നിര്‍മ്മാണം റിലീസിംഗ് തുടങ്ങിയവയ്ക്ക് വേണ്ടിവരുന്ന വലിയ സാമ്പത്തിക ചിലവ് പരിഹരിക്കാന്‍ പലപ്പോഴും പ്രൊഡ്യൂസര്‍മാരും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും ഒക്കെ ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെ പണം കടം വാങ്ങിയാണ് ചെയ്യുന്നത്. പറഞ്ഞ സമയത്ത് കൊടുക്കാന്‍ വയ്യാതെയുമാവാം. 

ബാദുഷ ഹരീഷ് കണാരനില്‍ നിന്ന് മാത്രമല്ല ധര്‍മ്മജന്‍ ബോള്‍ഗാട്ടിയോടും പണം വാങ്ങിയിട്ടുണ്ട് എന്ന് ഹരീഷ് പറയുന്നു. ഹരീഷേ എന്നിട്ട് ധര്‍മ്മജന്‍ എന്തുകൊണ്ടാണ് താങ്കള്‍ ചെയ്ത വിധം പരസ്യമായി അത് പറയാതിരുന്നത്? അവഹേളിക്കാത്തത്? പിന്നെ താങ്കള്‍ പറഞ്ഞ ഒരു പ്രധാന കാര്യം എ ആര്‍ എം എന്ന സിനിമയില്‍ നിന്ന് ബാദുഷ താങ്കളെ ഒഴിവാക്കാന്‍ ശ്രമിച്ചു എന്നാണ്. അഞങ ന്റെ സംവിധായകന്‍ താങ്കളോട് പറഞ്ഞത്രേ. 

എ ആര്‍ എം എന്ന സിനിമയുടെ സംവിധായകനോട് ചോദിക്കട്ടെ,താങ്കളുടെ സിനിമയില്‍ ഹരീഷിനെപ്പോലെ മുതിര്‍ന്ന താരത്തെ കാസ്റ്റ് ചെയ്യുന്നത് താങ്കള്‍ നേരിട്ട് അല്ലേ?ഹരീഷേ സിനിമ ഇറങ്ങിക്കഴിഞ്ഞിട്ടാണ് താങ്കളെ കാസ്റ്റ് ചെയ്തിരുന്നു എന്ന് താങ്കള്‍ അറിഞ്ഞത് എന്നത് കൃത്യമായ ഡ്രാമയാണ്.ടോവിനോയെപ്പോലെ ഒരു താരത്തിന്റെ ബിഗ് ബജറ്റ് സിനിമ വരുമ്പോള്‍ സ്വാഭാവികമായും താങ്കള്‍ ഡയറക്ടറെ വിളിക്കും.താങ്കളെക്കാള്‍ വലിയ താരമായ സുരാജ് വെഞ്ഞാറമൂട് വലിയ സിനിമകളുടെ വേഷം കിട്ടാന്‍ അങ്ങോട്ടു വിളിച്ചതായി അറിയാം. 

ഇനി താങ്കളുമായി ഒരു പ്രശ്‌നം നിലനില്‍ക്കെ ഒരുമിച്ചു വര്‍ക്ക് ചെയ്യാന്‍ കംഫര്‍ട്ട് അല്ല എന്നതിനാല്‍ താങ്കളെ ഒഴിവാക്കി എന്നതില്‍ എന്താണ് തെറ്റ്?താങ്കള്‍ ഒഴിവാക്കാനാവാത്ത നടനെന്നുമല്ലല്ലോ മലയാള സിനിമയില്‍. ബാദുഷ വാങ്ങിയ 20 ലക്ഷം രൂപ താങ്കള്‍ക്ക് ഉടന്‍ അദ്ദേഹം തിരിച്ചു തരും. അപ്പോഴും താങ്കള്‍ ഉണ്ടാക്കിയ ഡാമേജ് ബാദുഷയില്‍ നിന്ന് മാറ്റാന്‍ താങ്കള്‍ക്ക് സാധിക്കുമോ? താങ്കളുടെ 20 ലക്ഷം രൂപ കടം വാങ്ങി പറ്റിച്ച് മലയാള സിനിമയില്‍നിന്ന് ബാദുഷ എവിടെപ്പോയി ഒളിക്കാനാണ്? 

അയാള്‍ പ്രൊഡക്ഷന്‍ ബോയ് ആയി തുടങ്ങി, കണ്‍ട്രോളറായി നിര്‍മ്മാതാവായി,രണ്ടും ഒരുമിച്ച് ചെയ്തുകൊണ്ട് മുന്നോട്ടുപോകുന്നു. ബാദുഷയെ ചില കാര്യങ്ങളില്‍ നേരിട്ട് വിമര്‍ശിച്ച് എഴുതിയിട്ടുള്ള ആളാണ് ഞാന്‍.എന്നെ ഒരു വിധത്തിലും സിനിമയില്‍ സഹായിച്ചിട്ടുള്ള ആളുമല്ല. പക്ഷേ സാമ്പത്തിക പ്രശ്‌നം ഉണ്ടാകുമ്പോള്‍ സുഹൃത്തുക്കളില്‍ നിന്നും ഒക്കെ കടം വാങ്ങി സിനിമാരംഗത്ത് നില്‍ക്കുന്ന ഒരാളെ ഒരു സാമൂഹ്യവിരുദ്ധന്‍ തട്ടിപ്പുകാരന്‍ എന്ന നിലയില്‍ അവതരിപ്പിക്കുന്നത് അല്പം കടന്നകയ്യാണ് ഹരീഷേ, !


പ്രൊഡക്ഷന്‍ രംഗത്തേക്ക് വന്ന് സിനിമയുടെ നിര്‍മ്മാതാക്കള്‍ വരെയായി മാറി വിജയ പരാജയങ്ങള്‍ നേരിട്ട് നില്‍ക്കുന്ന പലരെയും എനിക്ക് അറിയാം. ബാദുഷയും അത്തരത്തില്‍ ഒരാളാണ്. ബാദുഷയ്ക്കും അനില്‍ മാത്യുവിനും ഒക്കെ സംഭവിച്ചതെന്താണ്? കൃത്യമായ സാമ്പത്തിക ആസൂത്രണത്തിന്റെയും മാനേജിങ്ങിന്റേയും കുറവ് തന്നെ.ആ വീഴ്ചയ്ക്ക് വളമാകുന്നത് പലപ്പോഴും കാരണമാകുന്നത് ചില താരങ്ങള്‍ തന്നെയാണ്.താരങ്ങള്‍ക്ക് നഷ്ടമേ ഇല്ല.സെലിബ്രിറ്റി സ്റ്റാറ്റസ്.സ്റ്റേജ് ഷോകള്‍.എല്ലാം വരുമാനമാര്‍ഗങ്ങള്‍ മാത്രം. എന്നാല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ സ്വന്തം പിആര്‍ഒ മാരാക്കുന്ന താരങ്ങള്‍ അവരെ സമയത്ത് ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. 

പുതിയ മുഖം എന്ന സിനിമയുടെ മുഖ്യ നിര്‍മ്മാണ പങ്കാളിയായ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ മാത്യുവിന് നല്ല ലാഭം കിട്ടി. എന്നാല്‍ അതേ പൃഥ്വിരാജിനെ വെച്ച് ഹീറോ എന്ന പടം പിടിച്ചപ്പോള്‍ ലഭിച്ച ലാഭവും മുതലും ഉള്‍പ്പെടെ പോയി. പൃഥ്വിരാജ് ആ സിനിമയില്‍ ഒരു കോംപ്രമൈസിനും തയ്യാറായില്ല. പിന്നീട് അനില്‍ മാത്യുവിന് ഒരു ഡേറ്റ് പോലും നല്‍കിയുമില്ല.നിങ്ങള്‍ നിര്‍മ്മാതാക്കളാകുമ്പോള്‍ ആദ്യം അന്തരിച്ച പ്രമുഖ നിര്‍മ്മാതാവ് സുനിതാ പ്രൊഡക്ഷന്‍സിന്റെ എം. മണി സാറിനെ ഓര്‍ക്കുക.അദ്ദേഹം എങ്ങനെയാണ് സാമ്പത്തിക കാര്യങ്ങള്‍ നിര്‍വഹിച്ചത് എന്ന് പഠിക്കുക. 

ബാദുഷ,താരങ്ങളുടെ വില കൂട്ടിയത് നിങ്ങളൊക്കെ ചേര്‍ന്നാണ്.എഴുത്തുകാരെയും ടെക്‌നീഷ്യന്മാരെയും മൂന്നാംകിടകളായി തള്ളി താരത്തിന്റെ ഡേറ്റിന് സിനിമയിലെ നിയന്ത്രണാവകാശം നല്‍കിയത് ഇപ്പോള്‍ തിരിച്ചടിക്കുന്നു. മലയാള സിനിമ രംഗത്തെ സാമ്പത്തിക അച്ചടക്കം എന്ന വിഷയത്തില്‍ ഫെഫ്ക്കയും സിനിമാ സംഘടനകളും കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കുക. ബാദുഷ, കടങ്ങളൊക്കെ തീര്‍ത്ത് സാമ്പത്തിക അച്ചടക്കം പാലിച്ച് മുന്നോട്ടു പോവുക..

john ditto director about hareesh kanaran

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES