മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ നടന്‍ വിനായകന്‍ പങ്കുവെച്ച വിവാദ പോസ്റ്റിന് പുതിയ വഴിത്തിരിവ്. തന്റെ പോസ്റ്റ് ആധുനിക കവിതയാണെന്ന വിനായകന്റെ വിശദീകരണത്തെ പരിഹസിച്ച് നടന്‍ ജോയ് മാത്യു. 'വിനായകന്റെ കവിത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തേണ്ടതല്ലേ? കവിത കണ്ടെത്തിയ ഇന്‍സ്പക്ടറുടെ കാവ്യഭാവന തിരിച്ചറിഞ്ഞ് മേപ്പടിയാനെ പാഠപുസ്തക കമ്മിറ്റിയില്‍ ചേര്‍ക്കേണ്ടതല്ലേ?' എന്നാണ് ജോയ് മാത്യു ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് വിനായകനെതിരെ വിമര്‍ശനങ്ങള്‍ ശക്തമായത്. മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയുടെ മരണശേഷം നടത്തിയ അപമാനകരമായ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി സൈബര്‍ ലോകത്ത് വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതിനിടെ, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, കെ.കരുണാകരന്‍, ജോര്‍ജ് ഈഡന്‍ തുടങ്ങിയ നേതാക്കളുടെ പേരെടുത്ത് അധിക്ഷേപിക്കുന്ന മറ്റൊരു പോസ്റ്റും വിനായകന്‍ പങ്കുവെച്ചു.
യൂത്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച പരാതിയെ തുടര്‍ന്ന് സൈബര്‍ പോലീസ് വിനായകനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചു. മൊഴിനല്‍കാനെത്തിയപ്പോള്‍ വിവാദ പോസ്റ്റിനെക്കുറിച്ചുള്ള വിശദീകരണമായിരുന്നു 'ആധുനിക കവിത' എന്ന വാദം. എന്നാല്‍ അദ്ദേഹത്തിന്റെ ഈ വാദമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.