സംഗീതം ആസ്വദിക്കാനും സന്തോഷിക്കാനും മാത്രമല്ല, അതൊരു ചികിത്സയാണെന്നും വരെ മെഡിക്കല്‍ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. അത്തരത്തില്‍ മാനസികമായി തകര്‍ന്നു കിടക്കുന്നവരെയും ശാരീരിക പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കുമെല്ലാം ആശ്വാസമാകുന്ന സംഗീതം കെ എസ് ചിത്ര ഏറെ സ്നേഹത്തോടെയും വാത്സല്യത്തോടെയും ശാരീരിക മാനസിക വൈകല്യം നേരിടുന്ന ഒരു കുട്ടിയ്ക്ക് മുന്നില്‍ പാടുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. കൃഷ്ണാ നീ ബേഗനേ എന്ന കന്നഡ ഭക്തി ഗാനം അതിമനോഹരമായി ആ കുട്ടിയ്ക്ക് മുന്നില്‍ ചിത്ര പാടുമ്പോള്‍ പിന്നില്‍ സന്തോഷം നിറഞ്ഞ് മനസു തുളുമ്പി ഇരിക്കുകയാണ് ആ കുട്ടിയുടെ അച്ഛന്‍.
വിദേശത്ത് പോയപ്പോഴാണ് ചിത്ര ഈ കുട്ടിയുടെ വീട്ടില്‍ എത്തിയതും എപ്പോഴും ചിത്രാമ്മയുടെ പാട്ടുകള്‍ കേള്‍ക്കുന്ന കുഞ്ഞിന് ആ സ്വരം നേരില്‍ കേള്‍ക്കാനും അവസരമുണ്ടായത്. പാട്ടുപാടുന്ന മുഴുവന്‍ സമയവും അവന്റെ കൈകളില്‍ പിടിച്ച് തലോടി വാത്സല്യം പകര്‍ന്ന് പാടുന്ന ചിത്ര ചേച്ചിയെയാണ് വീഡിയോകളില്‍ കാണാന്‍ സാധിക്കുക. പാട്ടു തീരാന്‍ നേരം അവന്‍ സന്തോഷം പ്രകടിപ്പിക്കുന്നതു പോലെ കൈകള്‍ ഉയര്‍ത്തുന്നതും പാടികഴിഞ്ഞ ശേഷം മോന്‍ ഹാപ്പിയായോ എന്നു ചോദിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. പ്രണവ് എന്നാണ് ആ കുഞ്ഞുമോന്റെ പേര്.
ആയിരത്തിലധികം മനോഹരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ദൈവം കൂടെ ഇരുന്ന് പാട്ടു പാടി കൊടുക്കുന്നു.. അമ്മയെന്ന കരുണ,, ദൈവമെന്ന ശക്തി.. സംഗീതമെന്ന മരുന്ന്.. ഈ കാഴ്ച കണ്ണുനിറച്ചു.. വേറെ ആരെക്കൊണ്ട് പറ്റും ഇതുപോലെ.. ലവ് യൂ ചേച്ചീ തുടങ്ങി ചെറുതും വലുതുമായ അനേകം കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.