സിനിമാ, സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി കാലടി ഓമന. നാടകത്തിലാണ് കാലടി ഓമന തുടക്കം കുറിക്കുന്നത്. ഒരുകാലത്ത് മലയാളസിനിമയില്‍ അമ്മ വേഷങ്ങളില്‍ തിളങ്ങി നിന്നിരുന്ന താരം നാടകത്തില്‍ നിന്ന് സിനിമയിലെത്തിയ മികച്ച ഒരുപാട് അമ്മ കഥാപാത്രങ്ങള്‍ നല്കിയിട്ടുണ്ട്. ദരിദ്രകുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ വേണ്ടി മാത്രം അഭിനയത്തിലേക്ക് ഇറങ്ങിയ താരം പിന്നീട് സിനിമ തന്നെ തന്റെ ജീവിതമാര്‍ഗ്ഗമാക്കി. അഭിനയത്തില്‍ താരമിപ്പോള്‍ സജീവമല്ലെങ്കിലും വെള്ളിത്തിരയില്‍ താരമവതരിപ്പിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകരിന്നും ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നതാണ്.
കല്യാണം കഴിഞ്ഞ് കുറേ നാള്‍ അഭിനയത്തില്‍ നിന്ന് മാറിനിന്ന നടി ുപി്ന്നീട് മിനിസ്‌ക്രീനില്‍ സജീവമായി.മക്കളുടെ വിവാഹവും പേരക്കുട്ടികളുടെ ജനനവുമെല്ലാം വന്നപ്പോള്‍ ഇടവേളയെടുത്തു. പിന്നീട് വീണ്ടും സജീവമാവുകയായിരുന്നു. ഭര്‍ത്താവ് അധ്യാപകനായിരുന്നു. സര്‍വീസില്‍ ഇരിക്കുമ്പോഴാണ് അദ്ദേഹം മരിച്ചത്.ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരു വ്യക്തിയാരാണെന്ന് ചോദിച്ചാല്‍ ഇന്നും ഭര്‍ത്താവിന്റെ പേരാണ് താരം പറയുന്നത്. പത്ത് വര്‍ഷത്തോളം പ്രണയിച്ച ശേഷമായിരുന്നു കാലടി ഓമനയുടെ വിവാഹം.
26 വര്‍ഷം മുമ്പ് മരിച്ചു പോയ തന്റെ ഭര്‍ത്താവ് തനിക്ക് എല്ലാം ഉണ്ടാക്കി തന്നശേഷമാണ് പോയതെന്ന് പറയുകയാണ് കാലടി ഓമന. ഭര്‍ത്താവിന്റെ മരണശേഷം പലരും വിവാഹ ആലോചനകളുമായി വന്നുവെന്നും എന്നാല്‍ ഭര്‍ത്താവിന്റെ സ്ഥാനത്ത് മറ്റൊരാളെ തനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ലെന്നും കാലടി ഓമന പറയുന്നു.
'കുടുംബിനിയായശേഷം അഭിനയം നിര്‍ത്തിയപ്പോള്‍ വിഷമം തോന്നിയില്ല. കാരണം ജന്മം കൊണ്ട് കലാകാരിയാണ് എന്ന തോന്നല്‍ എനിക്ക് ഇല്ല. ജീവിക്കാന്‍ വേണ്ടി കലയെ സ്വീകരിച്ചുവെന്ന് മാത്രമെ ചിന്തിക്കാറുള്ളു. പൂര്‍വികര്‍ക്ക് കലാബോധമില്ലായിരുന്നു. ഒരു പാവപ്പെട്ട വീട്ടിലെ അംഗമായിരുന്നു ഞാന്‍. എനിക്ക് ഇന്നുള്ളതെല്ലാം എന്റെ ഭര്‍ത്താവിന്റെ കഴിവ് കൊണ്ട് കൂടി ഉണ്ടായതാണ്. ഒരു പൈസ പോലും അനാവശ്യമായി അദ്ദേഹം കളഞ്ഞിട്ടില്ല.
കിട്ടുന്ന പൈസയ്ക്ക് മുഴുവന്‍ സ്വര്‍ണ്ണം വാങ്ങി അദ്ദേഹം ലോക്കറില്‍ സൂക്ഷിച്ചു. ശേഷം രണ്ട് പെണ്‍ മക്കളേയും നന്നായി കെട്ടിച്ച് അയച്ചു. നല്ലൊരു വീട്ടമ്മയായി ജീവിക്കാന്‍ ഞാന്‍ ഒരുപാട് മോഹിച്ചിട്ടുണ്ട്. എനിക്കൊക്കെ ഒരു ഭര്‍ത്താവിനെ കിട്ടുമോയെന്ന് പോലും ചിന്തിച്ച സമയം ഉണ്ടായിരുന്നു. ആ കാലഘട്ടം അങ്ങനെയായിരുന്നു. അവിടെ നിന്ന് എന്നെ ഇവിടെ വരെ എത്തിച്ചത്, സമ്പന്നയാക്കിയത്.
ഭര്‍ത്താവ് എല്ലാം മേടിച്ചിരിക്കുന്നത് എന്റെ പേരിലാണ്. സര്‍വീസില്‍ ഇരിക്കുമ്പോഴാണ് അദ്ദേഹം മരിച്ചത്. ഭര്‍ത്താവ് പറഞ്ഞതുകൊണ്ടല്ല ഞാന്‍ അഭിനയം നിര്‍ത്തിയത്. ചെറുപ്പം മുതല്‍ ഞാന്‍ അഭിനയിക്കുകയല്ലേ... കുറച്ച് കാലം ഓമന ഒന്ന് റെസ്റ്റെടുക്കട്ടേയെന്ന മനോഭാവമായിരുന്നു അദ്ദേഹത്തിന്. ഒന്ന് നുള്ളി നോവിക്കുകയോ മോശമായി ഒരു വാക്ക് പറയുകയോ ഒന്നും ചെയ്തിട്ടില്ല. അങ്ങനൊരു ഭര്‍ത്താവ് ഉണ്ടാകുമോയെന്ന് സംശയമാണ്. പുള്ളിയെ കണ്ടാല്‍ എല്ലാവരും പറയും ലാലു അലക്‌സിന്റെ ഛായയാണെന്ന്. അഭിനയിക്കാന്‍ അറിയില്ല. പക്ഷെ കവിത എഴുതുമായിരുന്നു. ദേശീയ അവാര്‍ഡ് കിട്ടിയതിന് തുല്യമാണ് അദ്ദേഹം എന്റെ ജീവിതത്തിലേക്ക് വന്നുവെന്നത്. സ്‌നേഹ സമ്പന്നനായിരുന്നു.
എനിക്കൊപ്പം ചെറിയ പെണ്‍കുട്ടികളൊക്കെ അഭിനയിച്ചിട്ടുണ്ട്. അവരൊക്കെ ഭര്‍ത്താക്കന്മാര്‍ ചെയ്ത ഓരോ കാര്യങ്ങള്‍ എന്നോട് പറഞ്ഞ് വിഷമിക്കാറുണ്ട്. പക്ഷെ എന്റെ ഭര്‍ത്താവ് അങ്ങനൊന്നും എന്നോട് ചെയ്തിട്ടില്ല. ഇരുപത്തിയാറ് വര്‍ഷം മുമ്പാണ് അദ്ദേഹം മരിച്ചത്. ഭര്‍ത്താവ് മരിച്ചശേഷം തോളില്‍ ചാരാനും വഴിതെറ്റിക്കാന്‍ ശ്രമിച്ചുമെല്ലാം പലരും വന്നിട്ടുണ്ട്. അല്ലാതെ വിവാഹം കഴിക്കാമെന്ന് പറഞ്ഞും വന്നിട്ടുണ്ട്. പക്ഷെ അപ്പോഴെല്ലാം ഞാന്‍ എന്റെ മക്കളെയാണ് ആലോചിച്ചത്. അവര്‍ രണ്ടുപേരും സുന്ദരികളും മിടുക്കികളുമാണ്.
അവര്‍ക്ക് നല്ലൊരു ജീവിതം കിട്ടുമോ?. മക്കളെ എങ്ങനെയാകും അയാള്‍ നോക്കുക എന്നൊക്കെ ആലോലിച്ച് രണ്ടാം വിവാഹം വേണ്ടെന്ന് വെച്ചു. ഭാസി അണ്ണന്റെ കൂടെയുള്ള ജീവിതത്തിന്റെ ഓര്‍മകള്‍ പോരെ മുന്നോട്ട് ജീവിക്കാന്‍ എനിക്ക്. മറ്റാരും എന്റെ മനസില്‍ കയറിയിട്ടില്ല. അച്ഛനില്ലാത്ത മക്കള്‍ക്ക് നല്ല ആലോചന വരുമോയെന്ന ആശങ്ക എനിക്ക് ഉണ്ടായിരുന്നു.
പൈസയുണ്ടെങ്കിലും കല്യാണത്തിന് സഹായിക്കാനും മറ്റും ആളുകള്‍ വേണ്ടേ. സുകുമാരിയൊക്കെ ചേര്‍ന്നാണ് എന്റെ മക്കള്‍ക്ക് വിവാഹ ആലോചനകള്‍ കൊണ്ടുവന്നത്. മൂത്തമകളെ വിവാഹം കഴിച്ചത് പ്രവാസിയായ ബിസിനസുകാരനാണ്...'' കാലടി ഓമന പറയുന്നു.