താരസംഘടന അമ്മയുടെ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്‍ കൊല്ലം തുളസി നടത്തിയ പരാമര്‍ശം വിവാദമാകുന്നു. ''ആണുങ്ങള്‍ ഭരിക്കണം, പെണ്ണുങ്ങള്‍ എപ്പോഴും താഴെയായിരിക്കണം'' എന്ന നടന്റെ വാക്കുകളാണ് സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനത്തിനും ട്രോളുകള്‍ക്കും വഴിവച്ചത്.
വെള്ളിയാഴ്ച എറണാകുളം ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ നടന്ന അമ്മ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് മടങ്ങുമ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കൊല്ലം തുളസി വിവാദ പരാമര്‍ശം നടത്തിയത്. ''ആണുങ്ങള്‍ അല്ലേ ഭരിക്കുന്നത്? പെണ്ണുങ്ങള്‍ എപ്പോഴും താഴെയായിരിക്കണം'' എന്നാണ് നടന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. പിന്നാലെ തന്നെ ''ഞാന്‍ വെറുതെ പറഞ്ഞതാണ്'' എന്ന് കൂട്ടിച്ചേര്‍ത്തെങ്കിലും, വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ശക്തമായ പ്രതികരണങ്ങള്‍ ഉയര്‍ന്നു.
തിരഞ്ഞെടുപ്പില്‍ ശ്വേതാ മേനോന്‍ നടന്‍ ദേവനെ 27 വോട്ടിന് തോല്‍പ്പിച്ച് പ്രസിഡന്റായി. കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി ലക്ഷ്മിപ്രിയ, ജയന്‍ ചേര്‍ത്തല എന്നിവരും, ട്രഷററായി ഉണ്ണി ശിവപാല്‍യും സ്ഥാനമേറ്റു. ജോയിന്റ് സെക്രട്ടറിയായി അന്‍സിബ ഹസന്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.