കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തുന്ന ഡൊമിനിക് അരുണ്‍ ചിത്രം ലോക മലയാള സിനിമ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ കുറിക്കുന്നു. റിലീസ് ചെയ്തിട്ട് വെറും ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം നൂറുകോടി ക്ലബ്ബില്‍ പ്രവേശിച്ചു. ഇതോടെ മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ നൂറുകോടി കടക്കുന്ന മൂന്നാമത്തെ ചിത്രമായും നൂറുകോടി ക്ലബ്ബില്‍ ഇടം നേടുന്ന പന്ത്രണ്ടാമത്തെ ചിത്രമായും ലോക മാറി.
ഏകദേശം മുപ്പത് കോടി രൂപ ചെലവഴിച്ച് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വേഫെറര്‍ ഫിലിംസിന്റെ ഏഴാമത്തെ നിര്‍മ്മിതിയാണ് ഇത്. സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗം എന്ന നിലയില്‍ ലോകക്ക് വലിയ പ്രാധാന്യമുണ്ട്. ഹോളിവുഡ് നിലവാരത്തിലുള്ള സാങ്കേതിക വിദ്യകളും ദൃശ്യ വൈവിധ്യവുമാണ് ചിത്രത്തിന് വലിയ സ്വീകരണം നേടിക്കൊടുത്തിരിക്കുന്നത്.
കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ഹീറോ കഥാപാത്രമായി എത്തുന്ന ചിത്രം മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും മികച്ച പ്രതികരണം നേടിയിട്ടുണ്ട്. ചന്ദു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം പ്രേക്ഷകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ആദ്യ ഭാഗം തന്നെ വന്‍ വിജയമായി മാറിയതോടെ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ അടുത്ത ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.