ഇന്ത്യയില്‍ നിലവില്‍ ലോകനിലവാരമുള്ള സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നത് മലയാളത്തിലാണെന്ന് പ്രശസ്ത ബോളിവുഡ് നടന്‍ മകരന്ദ് ദേശ്പാണ്ഡേ. ഇവിടുത്തെ പ്രേക്ഷകരുടെ സിനിമയെക്കുറിച്ചുള്ള അറിവും കാഴ്ചപ്പാടുമാണ് താരങ്ങള്‍ക്ക് പരീക്ഷണ ചിത്രങ്ങള്‍ ചെയ്യാന്‍ ധൈര്യം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മലയാള സിനിമ ഒരേ സമയം പുതുമ നിറഞ്ഞതും മനുഷ്യരോട് ചേര്‍ന്ന് നില്‍ക്കുന്നതുമാണ്. എന്തുകൊണ്ടാണ് മലയാളത്തില്‍ മികച്ച സിനിമകള്‍ ഉണ്ടാകുന്നത് എന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. സുഹൃത്തുക്കളെ കാണുമ്പോള്‍ അടുത്തിടെ ഏത് മലയാളം സിനിമ കണ്ടു എന്ന് ചോദിക്കാറുണ്ട്. അതിന് കാരണം ഇവിടുത്തെ പ്രേക്ഷകരുടെ സിനിമപരിജ്ഞാനമാണ്. ഇതാണ് പരീക്ഷണ ചിത്രങ്ങള്‍ ചെയ്യാന്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് ധൈര്യം നല്‍കുന്നത്. എന്നാല്‍ ബോളിവുഡില്‍ അങ്ങനെയൊരു സാഹചര്യം നിലവിലില്ല,' മകരന്ദ് ദേശ്പാണ്ഡേ പറഞ്ഞു.
ഷഹ്മോന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'വവ്വാല്‍' എന്ന പുതിയ സിനിമയുടെ പൂജ ചടങ്ങുകള്‍ക്ക് കൊച്ചിയില്‍ എത്തിയതായിരുന്നു അദ്ദേഹം. ഓണ്‍ഡിമാന്റ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരും പ്രധാന താരങ്ങളായ ലെവിന്‍ സൈമണ്‍, ലക്ഷ്മി ചപോര്‍ക്കര്‍, പ്രവീണ്‍, ഗോകുലന്‍ എന്നിവരും പങ്കെടുത്തു. ജോസഫ് നെല്ലിക്കല്‍ ആദ്യ ക്ലാപ്പ് നല്‍കി.
മനോജ് എംജെ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കലാണ്. ഫൈസല്‍ പി ഷഹ്മോനാണ് എഡിറ്റര്‍. ജോണ്‍സണ്‍ പീറ്റര്‍ സംഗീതവും അനില്‍ മാത്യു പ്രൊഡക്ഷന്‍ കണ്‍ട്രോളും നിര്‍വഹിക്കുന്നു. ചിത്രീകരണം അടുത്തയാഴ്ച ആരംഭിക്കും.