Latest News

തിരിച്ച് വരുമ്പോള്‍ ഡബ്ബിങ്ങ് തുടങ്ങും; അത് കഴിഞ്ഞ് ഞങ്ങള്‍ ഒരുമിച്ചുള്ള ഒരു സിനിമയിലും വര്‍ക്ക് ചെയ്യാനുണ്ട്; എത്രയും പെട്ടന്ന് ആ സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്ന മോഹന്‍ലാല്‍; മലയാളിയും ഇന്ന് ഇതേ മനസ്സുമായി കാത്തിരിക്കുന്നു; 74ന്റെ നിറവില്‍ മലയാള സിനിമയുടെ തലപ്പൊക്കം; മമ്മൂട്ടിയ്ക്ക് പിറന്നാള്‍

Malayalilife
തിരിച്ച് വരുമ്പോള്‍ ഡബ്ബിങ്ങ് തുടങ്ങും; അത് കഴിഞ്ഞ് ഞങ്ങള്‍ ഒരുമിച്ചുള്ള ഒരു സിനിമയിലും വര്‍ക്ക് ചെയ്യാനുണ്ട്; എത്രയും പെട്ടന്ന് ആ സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്ന മോഹന്‍ലാല്‍; മലയാളിയും ഇന്ന് ഇതേ മനസ്സുമായി കാത്തിരിക്കുന്നു; 74ന്റെ നിറവില്‍ മലയാള സിനിമയുടെ തലപ്പൊക്കം; മമ്മൂട്ടിയ്ക്ക് പിറന്നാള്‍

കൊച്ചി: മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിക്ക് ഞായറാഴ്ച 74-ാം പിറന്നാള്‍. മമ്മൂട്ടി രോഗമുക്തനായി തിരിച്ചുവരുന്നതിന്റെ സന്തോഷത്തിനിടെയാണ് പിറന്നാള്‍. സഹപ്രവര്‍ത്തകരും ആരാധകരും പ്രിയതാരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നുതുടങ്ങി. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടി അസുഖം ഭേദമായി തിരിച്ചുവരിക എന്ന് പറയുന്നത് തന്നെ വലിയൊരു ഓണമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. 'മമ്മൂക്കയുടെ തിരിച്ചുവരവ് നമ്മളെ സംബന്ധിച്ച് വലിയൊരു കാര്യമാണ്. ഒരുപാട് പേരുടെ പ്രാര്‍ഥന അതിന് പുറകില്‍ ഉണ്ട്. അദ്ദേഹവുമായിട്ട് ഞാന്‍ സംസാരിക്കാറുണ്ട്. ഇന്നലെയും ഈയടുത്തുമൊക്കെ അദ്ദേഹത്തെ ഞാന്‍ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. തിരിച്ച് വരുമ്പോള്‍ ഡബ്ബിങ്ങ് തുടങ്ങുകയാണ്. അത് കഴിഞ്ഞ് ഞങ്ങള്‍ ഒരുമിച്ചുള്ള ഒരു സിനിമയിലും ഞങ്ങള്‍ക്ക് വര്‍ക്ക് ചെയ്യാനുണ്ട്. എത്രയും പെട്ടന്ന് ആ സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കട്ടേ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.- മോഹന്‍ലാല്‍ പറഞ്ഞു. ഇതു തന്നെയാണ് മമ്മൂട്ടിയെ കുറിച്ചുള്ള മലയാളികളുടെ പൊതുവികാരവും.

ഓരോ കഥാപാത്രത്തിലും നവഭാവുകത്വം സൃഷ്ടിച്ച് ആസ്വാദകരുടെ മനസിലേക്ക് കടന്ന് കൂടിയ അതുല്യ പ്രതിഭ. മലയാള സിനിമയുടെ തലപ്പൊക്കം മമ്മൂട്ടിയുടെ പിറന്നാളാണ് ഇന്ന്. 1951ല്‍ സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയെന്ന പി ഐ മുഹമ്മദ് കുട്ടി കോട്ടയം ജില്ലയിലെ ചെമ്പ് ദേശത്ത് ജനിക്കുന്നത്. ഇസ്മയില്‍- ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. അനുഭവങ്ങള്‍ പാളിച്ചകള്‍ മുതല്‍ വരാനിരിക്കുന്ന കളങ്കാവല്‍ വരെയുള്ള ചിത്രങ്ങള്‍. മലയാളത്തിന്റെ മെഗാതാരം. മേളയും വടക്കന്‍ വീരഗാഥയും മതിലുകളും വിധേയനും പൊന്തന്‍മാടയും ന്യൂഡല്‍ഹിയും വല്യേട്ടനും പാലേരിമാണിക്യവും ഭ്രമയുഗവും പുഴുവും നന്‍പകല്‍ നേരത്തും അടക്കമുള്ള കഥാപാത്ര നിര്‍മ്മിതകളിലൂടെ മഹാനടനായി മാറിയ അഭിനയ വിസ്മയം. ഇതിനിടെയാണ് ആശങ്കയായി അസുഖമെത്തിയത്. അതിനേയും അതിജീവിച്ച് തിരിച്ചു വരവിന്റെ പാതയിലാണ് സൂപ്പര്‍താരം.

മമ്മൂട്ടിക്ക് പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ലാതെയാണ് പിറന്നാള്‍ദിനമെന്ന് സന്തതസഹചാരിയായ എസ്. ജോര്‍ജ് പറഞ്ഞു. ചികിത്സാര്‍ഥം സിനിമയില്‍നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്കുപോയ മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. നാട്ടില്‍ തിരിച്ചെത്തിയാല്‍ ഉടന്‍ മഹേഷ് നാരായണന്റെ പുതിയചിത്രത്തില്‍ ചേരും. നടന്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ സന്നദ്ധപ്രവര്‍ത്തനങ്ങളുമായി ഫാന്‍സ് അസോസിയേഷന്‍. പിറന്നാള്‍ദിനമായ ഞായറാഴ്ച മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ ജില്ലാ കമ്മിറ്റിയാണ് ഫോര്‍ട്ട്കൊച്ചിയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുക. ഞായര്‍ രാവിലെ ഏഴുമുതല്‍ ഫോര്‍ട്ട്‌കൊച്ചി സെന്റ് ജോണ്‍ ഡി ബ്രിട്ടോസ് മന്ദിരത്തിലെ അന്തേവാസികള്‍ക്ക് പ്രഭാതഭക്ഷണവും വസ്ത്രവും നിത്യോപയോഗ സാധനങ്ങളും കൈമാറും. വഴിയോരങ്ങളില്‍ താമസിക്കുന്ന നിരാലംബര്‍ക്ക് പകല്‍ 12 മുതല്‍ ഭക്ഷണവസ്ത്രവിതരണം. തിങ്കള്‍ രാവിലെ ഒന്പതുമുതല്‍ കലൂര്‍ ഐഎംഎ ഹൗസില്‍ രക്തദാന ക്യാമ്പും സംഘടിപ്പിക്കും.

കഴിഞ്ഞ ദിവസം അട്ടപ്പാടിയിലെ കുട്ടികള്‍ കൊച്ചിയില്‍ എത്തിയിരുന്നു. മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായിരുന്നു ഇതും. അട്ടപ്പാടിയില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ കാടിനുള്ളില്‍ പാര്‍ക്കുന്ന ആ കുട്ടികള്‍ ചോദിച്ചത് ഞങ്ങളെ ഒന്ന് പാലക്കാട് കാണിക്കാമോ, ബസില്‍ കയറ്റാമോ എന്നായിരുന്നു. ഉത്തരമായി മമ്മൂട്ടി അദ്ദേഹത്തിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളെ കൊച്ചി മെട്രോ സിറ്റിയിലെത്തിച്ചു. അതിഥികളായി കൊച്ചി മെട്രോയില്‍ കയറി, നെടുമ്പാശേരി വിമാനത്താവളത്തിലെത്തി, വിമാനം പറക്കുന്നത് കണ്ടു, അതിനെ തൊട്ടു. ആലുവ രാജഗിരി ആശുപത്രിയിലെത്തി റോബോട്ടിക് സര്‍ജറിയുടെ വിസ്മയലോകവും നേരില്‍ക്കണ്ടു. പാലക്കാട് അട്ടപ്പാടിയിലെ ആനവായ് ഗവ. എല്‍പി സ്‌കൂളിലെ 19 വിദ്യാര്‍ഥികളും 11 അധ്യാപകരുമാണ് കൊച്ചി കണ്ട് മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കിയത്. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയുംചേര്‍ന്നാണ് വിനോദയാത്ര സംഘടിപ്പിച്ചത്.

പാലക്കാട് കാണാന്‍ ആഗ്രഹിച്ച കുട്ടികളെ കൊച്ചി കാണിക്കാന്‍ നിര്‍ദേശിച്ചത് മമ്മൂട്ടിയാണ്. മെട്രോ സ്റ്റേഷനിലെ എസ്‌കലേറ്ററും മെട്രോ ട്രെയിന്‍യാത്രയും പുത്തനനുഭവമായി. രാജഗിരി ആശുപത്രിയിലെ റോബോട്ടിക് ജനറല്‍ സര്‍ജറി വിഭാഗം മേധാവി ഡോ. ആര്‍ രവികാന്ത് റോബോട്ടിനെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനരീതികളും വിശദീകരിച്ചു. തുടര്‍ന്ന് മെട്രോ ഫീഡര്‍ ബസില്‍ നെടുമ്പാശേരിയിലെത്തി വിമാനങ്ങള്‍ ഇറങ്ങുന്നതും പറന്നുയരുന്നതും കണ്ടാസ്വദിച്ചു. വിമാനത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്ന മേഖലയില്‍ പ്രവേശിച്ച് പ്രവര്‍ത്തനരീതികളെക്കുറിച്ച് മനസ്സിലാക്കി. കേക്ക് മുറിച്ച് മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിച്ചു. രാജഗിരി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി, കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍, ഡയറക്ടര്‍ റോബര്‍ട്ട് കുര്യാക്കോസ്, എസ് ജോര്‍ജ് എന്നിവര്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

1971 ആഗസ്റ്റ് ആറിനായിരുന്നു മമ്മൂട്ടി അഭിനയിച്ച അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ആദ്യ സിനിമ റിലീസ് ചെയ്തത്. ബഹദൂറിനൊപ്പം ഒരു സീനില്‍ സാന്നിധ്യം അറിയിച്ചു. സംഭാഷണമുള്ള ആദ്യ സിനിമ 1973ലെ കാലചക്രമായിരുന്നു. കരിയര്‍ ബ്രേക്ക് നല്‍കിയത് 1980ല്‍ കെ ജി ജോര്‍ജ് സംവിധാനം ചെയ്ത മേളയും. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ ആ കൈകളിലെത്തി. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമാകട്ടെ അഞ്ച് പ്രാവശ്യവും. 1998-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ ഭാഷകളിലായി നാനൂറിലധികം സിനിമകളില്‍ വേഷമിട്ടു.

mamooty birthday celebration

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES