കരിയറിലെ ചില കയ്‌പേറിയ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് മലയാളികളുടെ പ്രിയ ഗായിക മഞ്ജരി. സ്റ്റേജ് ഷോകള്‍ക്കിടയില്‍ താന്‍ പലതവണ അപമാനിക്ക പ്പെട്ടിട്ടുണ്ടെന്നും, എന്നാല്‍ കാണികളേക്കാള്‍ ഏറെ കൂടെയുള്ളവരില്‍ നിന്നാണ് അത്തരം വേദനാജനകമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളതെന്നും മഞ്ജരി വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
'വേദനകള്‍ സമ്മാനിച്ച സ്റ്റേജ് ഷോകള്‍ ജീവിതത്തില്‍ ഇഷ്ടം പോലെയുണ്ടായിട്ടുണ്ട്. ഒരിക്കല്‍ ഒരു ന്യൂ ഇയര്‍ ഷോയ്ക്കിടയില്‍ വളരെ ചെറിയൊരു കാര്യത്തിന്റെ പേരില്‍ എന്നെ അപമാനിക്കുകയുണ്ടായി. അത് ആരാണെന്ന് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. പ്രമുഖരായ എല്ലാ ഗായകരും പങ്കെടുത്ത ഒരു വലിയ ഷോയായിരുന്നു അത്. അവിടെ കാണികളില്‍ നിന്നല്ല, മറിച്ച് എന്റെ കൂടെയുണ്ടായിരുന്നവരില്‍ നിന്നാണ് എനിക്ക് അപമാനം നേരിടേണ്ടി വന്നത്,' മഞ്ജരി പറഞ്ഞു.
പ്രേക്ഷകരില്‍ നിന്നുള്ള പ്രതികരണങ്ങളെ താന്‍ അപമാനമായി കാണുന്നില്ലെന്നും ഗായിക വ്യക്തമാക്കി. 'പ്രേക്ഷകര്‍ക്ക് നമ്മളെ വ്യക്തിപരമായി അറിയില്ല, അവര്‍ നമ്മുടെ പാട്ടുകളെ മാത്രം സ്‌നേഹിക്കുന്നവരാണ്. എന്നാല്‍ നമ്മള്‍ എന്താണെന്ന് കൃത്യമായി അറിഞ്ഞുകൊണ്ട്, കൂടെ നിന്ന് ചതിക്കുന്ന വ്യക്തിയാണ് നമ്മളെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുക. അത്തരം പ്രതിസന്ധികളെയെല്ലാം ഞാന്‍ അതിജീവിച്ചു. എല്ലാവരുടെ ജീവിതത്തിലും ഇങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടാകും, അതില്‍ നിന്നെല്ലാം പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വേണം മുന്നോട്ട് വരാന്‍,' മഞ്ജരി കൂട്ടിച്ചേര്‍ത്തു.
2004-ല്‍ 'വാമനപുരം ബസ് റൂട്ട്' എന്ന ചിത്രത്തിലെ 'താനെ തമ്പുരു..' എന്ന ഗാനത്തിലൂടെയാണ് മഞ്ജരി മലയാള ചലച്ചിത്ര ഗാനലോകത്തേക്ക് ചുവടുവെക്കുന്നത്. തുടര്‍ന്ന് രമേശ് നാരായണന്‍, ഇളയരാജ, എം.ജി. രാധാകൃഷ്ണന്‍, കൈതപ്രം വിശ്വനാഥന്‍, വിദ്യാസാഗര്‍, എം. ജയചന്ദ്രന്‍, ഔസേപ്പച്ചന്‍, മോഹന്‍ സിത്താര എന്നിവര്‍ക്കൊപ്പവും, അന്തരിച്ച സംഗീത സംവിധായകരായ രവീന്ദ്രന്‍ മാസ്റ്റര്‍, ജോണ്‍സണ്‍ മാസ്റ്റര്‍ എന്നിവര്‍ക്കൊപ്പവും നിരവധി അനശ്വര ഗാനങ്ങള്‍ മഞ്ജരി ആലപിച്ചു. മികച്ച ചലച്ചിത്ര ഗായികയ്ക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം രണ്ടുതവണ നേടിയ താരം, ജനപ്രിയ ഗസല്‍ ഗായിക എന്ന നിലയിലും ശ്രദ്ധേയയാണ്.