Latest News

'കഴുത്തിന് ഉളുക്ക്, പിന്നാലെ ഭക്ഷ്യവിഷബാധയും'; സ്റ്റണ്ട് സീന്‍ റിഹേഴ്‌സല്‍ 'അല്പം ഓവറായി'; വേദന എവിടെയാണെന്ന് പോലും മനസിലായില്ല; തുറന്നു പറഞ്ഞ് മഞ്ജു വാര്യര്‍

Malayalilife
 'കഴുത്തിന് ഉളുക്ക്, പിന്നാലെ ഭക്ഷ്യവിഷബാധയും'; സ്റ്റണ്ട് സീന്‍ റിഹേഴ്‌സല്‍ 'അല്പം ഓവറായി'; വേദന എവിടെയാണെന്ന് പോലും മനസിലായില്ല; തുറന്നു പറഞ്ഞ് മഞ്ജു വാര്യര്‍

ആര്യയെ നായകനാക്കി മനു ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'മിസ്റ്റര്‍ എക്‌സി'ലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി താന്‍ നേരിട്ട വെല്ലുവിളികള്‍ പങ്കുവെച്ച് നടി മഞ്ജു വാര്യര്‍. കഴുത്തിനേറ്റ പരിക്കും ഭക്ഷ്യവിഷബാധയും അവഗണിച്ചാണ് ചിത്രത്തിലെ അതിസാഹസികമായ സ്റ്റണ്ട് സീനുകള്‍ പൂര്‍ത്തിയാക്കിയതെന്ന് താരം വെളിപ്പെടുത്തി. സ്‌പൈ ആക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കും നിരവധി ആക്ഷന്‍ രംഗങ്ങളാണുള്ളത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി നടത്തിയ കഠിനമായ തയ്യാറെടുപ്പുകള്‍ക്കിടെയാണ് പരിക്കേറ്റതെന്ന് മഞ്ജു പറഞ്ഞു. 'മുന്‍പ് 'പ്രതി പൂവന്‍കോഴി'യിലെപ്പോലെയുള്ള റിയലിസ്റ്റിക് ആക്ഷന്‍ മാത്രമേ ചെയ്തിട്ടുള്ളൂ. 

'തുനിവി'ല്‍ തോക്ക് പിടിച്ചുള്ള സീനുകള്‍ ഉണ്ടായിരുന്നുവെങ്കിലും പൂര്‍ണ്ണരൂപത്തിലുള്ള ആക്ഷന്‍ ചെയ്യുന്നത് ഈ സിനിമയിലാണ്. ഷൂട്ടിംഗിന് മുന്‍പുള്ള റിഹേഴ്‌സല്‍ അല്പം കൂടിപ്പോയതോടെ കഴുത്ത് ഉളുക്കി. ആ വേദനയും വെച്ചാണ് സ്റ്റണ്ട് സീനുകള്‍ ചെയ്തത്,' - 'ഗലാട്ട പ്ലസിന്' നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറഞ്ഞു. കഴുത്തിലെ ഉളുക്കിന് പുറമെ ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ ഭക്ഷ്യവിഷബാധയും മഞ്ജുവിനെ തളര്‍ത്തി. 

തൂത്തുക്കുടിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുന്നതിനിടെ വഴിയില്‍ നിന്ന് കഴിച്ച ഭക്ഷണം വിനയാകുകയായിരുന്നു. 'പരിക്ക് ഒരു വശത്തും ഭക്ഷ്യവിഷബാധ മറുവശത്തും. ഇതിനിടയിലാണ് സ്റ്റണ്ട് സീനുകള്‍ അഭിനയിച്ചത്. എവിടെയാണ് വേദനിക്കുന്നതെന്ന് പോലും മനസ്സിലാകാത്ത വിധം ശരീരം മുഴുവന്‍ വേദനയായിരുന്നു. എങ്കിലും അതൊക്കെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ നല്ല രസമാണ്,' - തമാശരൂപേണ താരം കൂട്ടിച്ചേര്‍ത്തു. 

ശാരീരികമായി നേരത്തെ തന്നെ നടത്തിയ തയ്യാറെടുപ്പുകള്‍ ഇത്തരം വെല്ലുവിളികളെ അതിജീവിക്കാന്‍ സഹായിച്ചുവെന്നും മഞ്ജു പറഞ്ഞു. ആര്യ നായകനാകുന്ന 'മിസ്റ്റര്‍ എക്‌സ്' നാളെ തിയേറ്ററുകളിലെത്തും.

manju warrier Mr X

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES