അന്തരിച്ച മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യ രേണുവും കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റായ ഡോ മനു ഗോപിനാഥും ഒരുമിച്ചുള്ള ഒരു ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. ഇതോടെ ഇരുവരും വിവാഹം കഴിച്ചെന്ന തരത്തിലായിരുന്നു പ്രചരണം . എന്നാല്‍ ഒരു സ്ഥാപനത്തിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടായിരുന്നുവെന്ന് വ്യക്തമാക്കി മനു പിന്നീട് രംഗത്തെത്തി.
അതേസമയം ഫോട്ടോയുടെ പേരില്‍ കടുത്ത സൈബര്‍ അധിക്ഷേപമാണ് താന്‍ നേരിട്ടതെന്ന് പറയുകയാണ് ഇപ്പോള്‍ മനു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു മനുവിന്റെ പ്രതികരണം. എന്റെ ഫോട്ടോയുടെ താഴെ വരുന്ന കമന്റുകള്‍ എന്റെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു. എല്ലാവര്‍ക്കും മറുപടി തരാന്‍ സാധിക്കാത്തതുകൊണ്ടാണ് തിരിച്ച് ഞാന്‍ മെസ്സേജുകള്‍ അയക്കാത്തത്.
പിന്നെ ഇത്രയും കൂടുതല്‍ ആളുകള്‍ക്ക് മെസ്സേജ് അയക്കുക എന്നത് അസാധ്യമായ കാര്യമാണ്. കടുത്ത ഡിപ്രഷനിലേക്കാണ് എന്റെ യാത്രയെന്ന് ഞാന്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.ഞാനൊരു കണ്‍സള്‍ട്ടന്റ് കോളജിസ്റ്റ് അല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍ ഇതിനകം ആത്മഹത്യ ചെയ്യുമായിരുന്നു. തിരികെ ജീവിതത്തിലേക്ക് നടന്നുകയറാന്‍ സമയമെടുക്കും എന്നറിയാം. ഭ്രാന്തമായ ഈ അവസ്ഥയില്‍ നിന്നും ഞാന്‍ വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കും.
എനിക്ക് മനോബലം തന്ന് എന്റെ ഒപ്പം നിന്നവര്‍ക്ക് ഒരായിരം നന്ദി. അഖില്‍മാരാരുടെ വാക്കുകള്‍ എന്നെ വല്ലാതെ സ്വാധീനിച്ചത് പോലെ എനിക്ക് തോന്നി. അദ്ദേഹം പറഞ്ഞത് പല കാര്യങ്ങളും ശരിയാണ്. മാര്‍ഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന ശ്രീകൃഷ്ണന്റെ വാക്കുകള്‍ ഓര്‍ക്കാന്‍ ഞാന്‍ ഈ ഘട്ടത്തില്‍ ആഗ്രഹിക്കുന്നു. എന്നെ സപ്പോര്‍ട്ട് ചെയ്തവരെ പോലെ തന്നെ എന്നെ കുറ്റം പറഞ്ഞവര്‍ക്കും നെഗറ്റീവ് കമന്റ് എഴുതി അയച്ചവര്‍ക്കും ഒരുപാട് നന്ദി... എപ്പോഴും ഞാന്‍ പറയാറുള്ളത് പോലെ തന്നെ നിങ്ങളുടെ സ്നേഹവും പ്രാര്‍ത്ഥനയും അനുഗ്രഹവും സപ്പോര്‍ട്ടും തുടര്‍ന്നും എനിക്ക് വേണം. എന്റെ മനസ്സ് ശാന്തമാകാന്‍ നിങ്ങള്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം', മനു കുറിച്ചു.
ഒരു ബ്യൂട്ടി ക്ലിനിക്കിന് വേണ്ടിയാണ് താനും രേണുവും അഭിനയിച്ചതെന്നാണ് നേരത്തേ മനു പറഞ്ഞത്. പാര്‍ലറിന്റെ പരസ്യം ആയത് കൊണ്ടാണ് വിവാഹ വേഷത്തില്‍ അണിഞ്ഞൊരുങ്ങിയത്. അല്ലാതെ കണ്ടന്റിനും റീച്ചിനും വേണ്ടി ആയിരുന്നില്ല അത്തരമൊരു ഫോട്ടോഷൂട്ട് നടത്തിയത്. ആദ്യം നടി അനുമോളെ വെച്ചാണ് ഫോട്ടോ ഷൂട്ട് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് അവര്‍ പിന്‍മാറി. വിവാഹ വസ്ത്രത്തിലുള്ള ഫോട്ടോഷൂട്ട് പ്രചരിച്ചാല്‍ തന്നെ അത് നെഗറ്റീവായി ബാധിക്കുമെന്നും മുന്‍പ് ചെയ്ത അത്തരത്തിലൊരു ഫോട്ടോ അങ്ങനെ പ്രചരിച്ചിരുന്നുവെന്നും അവര്‍ ആശങ്ക പങ്കുവെച്ചു. ഇതോടെയാണ് രേണുവിലേക്ക് എത്തിയതെന്നും മനു വ്യക്തമാക്കിയിരുന്നു.