മലയാള സിനിമയിലെ പുതിയ ചിത്രമായ മേനേ പ്യാര്‍ കിയയിലെ 'മനോഹരി' ഗാനം അന്താരാഷ്ട്ര ശ്രദ്ധ നേടി. യുഎഇയിലെ ജാസ്റോക്കേഴ്സ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ കുട്ടികള്‍ ഗാനത്തിന് ചുവടുവച്ച് തയ്യാറാക്കിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ഗാനം ലോകമൊട്ടാകെ ചര്‍ച്ചയായത്. മലയാള സിനിമാഗാനം ആഗോള തലത്തില്‍ അംഗീകാരം നേടിയത് സന്തോഷകരമാണെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ഓസ്ട്രേലിയ ആസ്ഥാനമായ ജാസ്റോക്കേഴ്സ് യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന, കലയും വിദ്യാഭ്യാസവും ഏകോപിപ്പിക്കുന്ന സ്ഥാപനം ആണ്. അവരുടെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഗാനാവിഷ്‌കാരമാണ് വൈറലായത്. ഓഗസ്റ്റ് 29-ന് റിലീസിന് ഒരുങ്ങുന്ന മേനേ പ്യാര്‍ കിയയില്‍ ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍, അസ്‌കര്‍ അലി, മിദൂട്ടി, അര്‍ജുന്‍, ജഗദീഷ് ജനാര്‍ദ്ദനന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. റൊമാന്റിക് ട്രാക്കില്‍ തുടങ്ങി ത്രില്ലര്‍ ഭാവത്തിലേക്ക് മാറുന്ന കഥയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
നവാഗതനായ ഫൈസല്‍ ഫസലുദ്ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വരികള്‍ എഴുതിയത് മുത്തുവാണ്. 'മനോഹരി'യ്ക്ക് ഇലക്ട്രോണിക് കിളിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. നിഹാല്‍ സാദിഖും വിജയ് ആനന്ദും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. ഇതിനോടകം തന്നെ ഈ ഗാനം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി, സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയാകുകയും ചെയ്തു.