''അടയാളപ്പെടുത്തുക കാലമേ... ഇത് ഘടികാരങ്ങള്‍ നിലക്കുന്ന സമയം...''
മലപ്പുറത്തെ സെവന്‍സ് മൈതാനങ്ങളില്‍ വാക് ചാരുത കൊണ്ട് ആവേശമാകുന്ന കമന്റേറ്റര്‍മാരെ അനുസ്മരിപ്പിച്ച് ലോകം മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ മലയാളി കമന്റേറ്ററാണ് ഷൈജു ദാമോദരന്‍. പകിട്ടാര്‍ന്ന പന്താട്ടത്തെ അതേ ചാരുതയോടെ കാണികളുടെ കാതുകളില്‍ എത്തിച്ചുകൊണ്ട് ചുരുങ്ങിയ കാലങ്ങള്‍ കൊണ്ടാണ് അദ്ദേഹം ശ്രദ്ധേയനായത്. ഷൈജു ദാമോദരനെ പോലെ ഒരു കമന്റേറ്ററാകാന്‍ കൊതിച്ച മലപ്പുറത്തെ ഒരു പെണ്‍കുട്ടിയുടെ കഥ. മനു സി കുമാര്‍ ഒരുക്കിയ കല്യാണി പ്രിയദര്‍ശന്‍ ചിത്രം 'ശേഷം മൈക്കില്‍ ഫാത്തിമ' എന്ന ചിത്രം പറയുന്നത് അത്തരമൊരു കഥയാണ്.
മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോള്‍ ആവേശം ഉണര്‍ത്തി തിയേറ്ററുകളിലാകെ ഒരു സ്റ്റേഡിയം വൈബ് സമ്മാനിച്ചിരിക്കുകയാണ് ചിത്രം. ആദ്യാവസാനം പ്രേക്ഷകരുടെ ഖല്‍ബ് നിറയ്ക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ചേര്‍ത്തുവെച്ചിട്ടുണ്ട് ചിത്രത്തില്‍. ഒരു സ്‌പോര്‍ട്‌സ് സിനിമയുടെ ചേരുവകളുമായുള്ളൊരു ഫീല്‍ഗുഡ്, ഇന്‍സ്പിരേഷനല്‍ സിനിമയെന്ന് 'ശേഷം മൈക്കില്‍ ഫാത്തിമ'യെ വിശേഷിപ്പിക്കാം.
''എട്ടാം മാസം ഉമ്മാന്ന് വിളിച്ചപ്പോള്‍ തുറന്ന തൊള്ളയാ, പിന്നീടിതുവരെ പൂട്ടിയിട്ടില്ലെ''ന്നാണ് ഫാത്തിമ എന്ന പാത്തുവിനെ കുറിച്ച് ഉമ്മുമ പറയാറ്. നാട്ടില്‍ അതിനാല്‍ തന്നെ അവള്‍ക്കൊരു പേരുണ്ട്, ചിലമ്പച്ചി. പാടത്തും പറമ്പിലുമൊക്കെ ആണ്‍പിള്ളേര് ഫുട്‌ബോള്‍ കളിക്കുമ്പോള്‍ ഗോള്‍ കീപ്പറും ഒപ്പം കളിപറച്ചിലുകാരിയും കൂടിയാണവള്‍. ഫുട്‌ബോള്‍ ഉരുളുന്ന പോലെയുള്ള അഴകില്‍ അവള്‍ കളി പറയുന്നത് കേള്‍ക്കാന്‍ തന്നെ ചേലാണ്. എന്നും എപ്പോഴും എന്തെങ്കിലും മിണ്ടീം പറഞ്ഞിരുന്നില്ലേല്‍ പാത്തുവിന് വല്ലാത്തൊരേനക്കേടാണ്. വീട്ടില്‍ ടി.വിയില്‍ ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണ്‍ കണ്ടിരിക്കുമ്പോള്‍ അവള്‍ അതിന്റെ കമന്ററി പറയും. വലുതാകുമ്പോള്‍ അതൊക്കെ മാറുമെന്ന് ഉപ്പയും ഉമ്മയും കരുതിയെങ്കിലും വലുതായപ്പോള്‍ അത് കുറച്ച് കൂടിയെങ്കിലേ ഉള്ളൂ.
''കൂടുതലൊന്നുമില്ല ഒരു മൂന്ന് കിളി പറന്നുപോയിട്ടുണ്ടെ''ന്നാണ് പാത്തുവിന്റെ കൂട്ടുകാരികള്‍ അവളെ പറ്റി പറയണത്. വീട്ടിലും നാട്ടിലും പാത്തുവിന്റെ കലപില അങ്ങനെ പാട്ടാണ്. ഒരിക്കല്‍ നാട്ടില്‍ സെവന്‍സിന് കമന്ററി പറയാന്‍ ആളില്ലാതായപ്പോള്‍ ഫുട്‌ബോള്‍ മൈതാനത്തില്‍ തന്റെ വാക് ചാരുതകൊണ്ട് ആവേശം കൊള്ളിക്കാന്‍ പാത്തുവിന് ഇക്ക വഴി ഒരു അവസരം കിട്ടുന്നു. പാത്തുവിന്റെ ഖല്‍ബില്‍ ഒരു കമന്റേറ്ററാകണമെന്ന സ്വപ്നത്തിന് അന്നായിരുന്നു കിക്കോഫ്. അവിടം മുതല്‍ ഐഎസ്എല്‍ കമന്റേറ്റര്‍ എന്ന സ്വപ്നത്തിലേക്കുള്ള പാത്തുവിന്റെ സംഭവബഹുലമായ യാത്രയാണ് ചിത്രം പറയുന്നത്.
ഫാത്തിമ നൂര്‍ജഹാന്‍ എന്ന പാത്തുവായി കല്യാണി പ്രിയദര്‍ശന്‍ ജീവിക്കുകയായിരുന്നു എന്ന് തന്നെ പറയാം. സദാ സംസാരിച്ചുകൊണ്ടിരിക്കുന്ന പാത്തുവിന്റെ ഊര്‍ജ്ജവും പ്രസരിപ്പും കല്യാണി നന്നായി സ്‌ക്രീനില്‍ എത്തിച്ചിട്ടുണ്ട്. അന്യായ സ്‌ക്രീന്‍ പ്രസന്‍സിനാലും ചിത്രത്തെ മുഴുവനായി തോളിലേറ്റുന്നുണ്ട് താരം. വിദേശത്ത് പഠിച്ചിരുന്നയാളായതിനാല്‍ മലയാളം പോലും ശരിക്ക് വഴങ്ങാതിരുന്ന ഒരു കല്യാണിയുണ്ട്. അതില്‍ നിന്നും സ്വന്തം പരിശ്രമത്താല്‍ മലപ്പുറം സ്ലാങ്ങില്‍ പാത്തുവിന് സ്വന്തം ശബ്ദം തന്നെ നല്‍കിയും കല്യാണി ചിത്രത്തില്‍ ഞെട്ടിച്ചിട്ടുണ്ട്.
പാത്തുവിന്റെ വാപ്പ മുനീറായെത്തിയ സുധീഷ് മികച്ച കാസ്റ്റിംഗാണ്. വൈകാരിക രംഗങ്ങളിലടക്കം മികവുറ്റ രീതിയില്‍ അദ്ദേഹം പെര്‍ഫോം ചെയ്തിട്ടുണ്ട്. പാത്തുവിന്റെ സുഹൃത്തുക്കളായെത്തുന്ന ഫെമിനയും ഷഹീന്‍ സിദ്ധിഖും, ഇക്കയായെത്തിയ അനീഷ് ജി മേനോനും, പ്രതിനായക വേഷങ്ങളിലെത്തിയ സാബുമോനും ഷാജു ശ്രീധറും തങ്ങള്‍ക്ക് ലഭിച്ച വേഷങ്ങള്‍ മികച്ചതാക്കി സ്‌ക്രീനിലെത്തിച്ചിട്ടുണ്ട്. മാല പാര്‍വതി, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ഷൈജു ദാമോദരന്‍, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങി നിരവധി താരങ്ങള്‍ സിനിമയില്‍ ശ്രദ്ധേയ വേഷങ്ങളിലുണ്ട്.
സെവന്‍സ് മത്സരങ്ങളുടെ ആവേശവവും ആരവവും അഭ്രപാളിയിലും എത്തിക്കാന്‍ മനു സി കുമാറിന്റെ മികവുറ്റ തിരക്കഥയ്ക്കും കൈയ്യടക്കമുള്ള സംവിധാനത്തിനും സാധിച്ചിട്ടുണ്ട്. അത് പാടില്ല, ഇങ്ങനെ നടക്കരുത്, ഇത് ഇടരുത് അങ്ങനെ അങ്ങനെ ഒരു സ്ത്രീയ്ക്ക് സമൂഹം കല്‍പ്പിച്ചുവെച്ചിരിക്കുന്ന അരുതായ്മകള്‍ക്ക് നേരെ ശക്തമായി തന്റെ പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് പാത്തു എന്ന കഥാപാത്രത്തിലൂടെ മനു പറഞ്ഞുവെച്ചിട്ടുണ്ട്. സന്താന കൃഷ്ണന്‍ രവിചന്ദ്രന്‍ ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങളും സിനിമയുടെ ടോട്ടല്‍ മൂഡിന് ചേര്‍ന്നതാണ്. ഹിഷാം അബ്ദുല്‍ വഹാബ് ഒരുക്കിയിരിക്കുന്ന പാട്ടുകളും പശ്ചാത്തല സംഗീതവും സിനിമയുടെ കഥാഗതിയോട് ചേര്‍ന്നുതന്നെ നീങ്ങുന്നതായാണ് അനുഭവപ്പെട്ടത്. കാണികള്‍ ഇരമ്പിയാര്‍ക്കുന്ന മൈതാന മധ്യത്തില്‍ നടക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ മാമാങ്കം കാണുന്ന അതേ ഫീലില്‍ കാണാന്‍ കഴിയുന്നൊരു ചിത്രമാണ് 'ശേഷം മൈക്കില്‍ ഫാത്തിമ' എന്ന് നിസ്സംശയം പറയാം.