നടന്‍ നിവിന്‍ പോളിക്കെതിരായ വഞ്ചനക്കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാംഭാഗത്തിന്റെ വിതരണാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നിര്‍മാതാവ് പി.എസ്. ഷംനാസ് നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സംവിധായകന്‍ എബ്രിഡ് ഷൈനും പ്രതിയായിരുന്നു.
പരാതിയില്‍ പറയുന്നതനുസരിച്ച്, രണ്ടാംഭാഗം നിര്‍മിക്കുന്നതിന് കരാറിലേര്‍പ്പെട്ടശേഷം ചിത്രത്തിന്റെ പകര്‍പ്പവകാശം നിര്‍മാതാവിന്റെ അറിവില്ലാതെ വിറ്റതായി ആരോപണമുണ്ട്. ഷംനാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യര്‍ നിര്‍മിച്ചത് ഷംനാസും നിവിന്‍ പോളിയും ചേര്‍ന്നായിരുന്നു. ആ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടതിനെ തുടര്‍ന്ന്, അടുത്ത ചിത്രത്തില്‍ ഷംനാസിനെ നിര്‍മാണ പങ്കാളിയാക്കാമെന്ന് പ്രതികള്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും, എന്നാല്‍ പിന്നീട് ഫിലിം ചേംബറില്‍ ഷംനാസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത സിനിമയുടെ പകര്‍പ്പവകാശം വിദേശ കമ്പനിക്ക് വിറ്റതും വിശ്വാസവഞ്ചനയും ചതിയുമാണെന്നും പരാതിയില്‍ ആരോപിക്കുന്നു.