സിനിമയില്‍ താന്‍ നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് നടി പ്രതിഭ. തന്റെ തമിഴ് ഉച്ചാരണത്തെ പ്രശംസിച്ച് കൂടിക്കാഴ്ചയ്ക്ക് വിളിച്ച ഒരു സംവിധായകന്‍ പിന്നീട് ലൈംഗിക ചുവയുള്ള സംഭാഷണം നടത്തിയെന്നാണ് പ്രതിഭയുടെ ആരോപണം ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി അനുഭവം പങ്കുവച്ചത്.
രണ്ട് വര്‍ഷം മുന്‍പ് ഒരു സംവിധായകന്‍ തന്നെ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും തമിഴ് ഉച്ചാരണത്തെ അഭിനന്ദിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കാണാന്‍ പോയതെന്ന് പ്രതിഭ പറഞ്ഞു. തന്റെ സമയവും അധ്വാനവും ചെലവഴിച്ചാണ് കൂടിക്കാഴ്ചയ്ക്കായി പോയതെന്നും എന്നാല്‍ അവിടെവച്ച് സംവിധായകന്റെ 'വിലകുറഞ്ഞ പഞ്ചാരവര്‍ത്തമാനങ്ങള്‍' കേള്‍ക്കേണ്ടിവന്നെന്നും അവര്‍ കുറിച്ചു.
തന്റെ അടുത്ത് ഇത്തരം സമീപനങ്ങള്‍ വിലപ്പോവില്ലെന്ന് സംവിധായകന് മനസിലായതോടെ അദ്ദേഹം തന്റെ പുസ്തകങ്ങള്‍ സമ്മാനമായി നല്‍കിയെന്നാണ് പ്രതിഭ പറയുന്നത്. പുസ്തകങ്ങള്‍ വാങ്ങി അവിടെനിന്ന് മടങ്ങിയെങ്കിലും വീട്ടിലെത്തുന്നതിന് മുന്‍പ് അണ്ണാ നഗറിലെ ഒരു ചവറ്റുകുട്ടയില്‍ അവ ഉപേക്ഷിച്ചെന്നും നടി പറഞ്ഞു.
അത്തരം പെരുമാറ്റത്തോടുള്ള ദേഷ്യമാണ് പുസ്തകങ്ങള്‍ ഉപേക്ഷിക്കാന്‍ കാരണമെന്നും എന്നാല്‍ പിന്നീട് അതില്‍ ചെറിയൊരു കുറ്റബോധം തോന്നിയെന്നും പ്രതിഭ കുറിച്ചു.
'അവ പുസ്തകങ്ങള്‍ തന്നെയല്ലേ' എന്നായിരുന്നു പിന്നീട് തോന്നിയതെന്നും അവര്‍ വ്യക്തമാക്കി. 'മഹാനദി' എന്ന തമിഴ് പരമ്പരയിലൂടെ ശ്രദ്ധ നേടിയ പ്രതിഭ, ആന്റണി വര്‍ഗീസ് നായകനായ 'കൊണ്ടല്‍' എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. സംവിധായകന്റെ പേര് പ്രതിഭ തന്റെ കുറിപ്പില്‍ വെളിപ്പെടുത്തിയിട്ടില്ല.