ദേശീയ പുരസ്‌കാരങ്ങളില്‍ നിന്നും പുറത്തായ 'ആടുജീവിതം' ചിത്രത്തെക്കുറിച്ച് നടന്‍ പൃഥ്വിരാജിന്റെ പ്രതികരണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സിനിമ എടുക്കുന്നത് ഏതെങ്കിലും ജൂറിയ്ക്ക് മുന്നില്‍ മാര്‍ക്കിടാനോ ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കാനോ വേണ്ടിയല്ലെന്നും, പ്രേക്ഷകര്‍ക്കാണ് സിനിമ ഉണ്ടാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഷാര്‍ജയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
''സിനിമ എടുക്കുന്നത് ഏതെങ്കിലും ജൂറിയോ പത്ത് പേരോ കണ്ടു മാര്‍ക്കിടാനല്ല. തീര്‍ച്ചയായും അത് നല്ലതാണ്, ഫെസ്റ്റിവലുകളില്‍ പോകുന്നതും ഗുണകരമാണ്. പക്ഷേ, ആത്യന്തികമായി സിനിമ ഉണ്ടാക്കുന്നത് പ്രേക്ഷകര്‍ക്കുവേണ്ടിയാണ്. പ്രേക്ഷകര്‍ തിയറ്ററുകളില്‍ പോയി കണ്ട് ആസ്വദിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ അവാര്‍ഡ്,'' പൃഥ്വിരാജ് പറഞ്ഞു.
ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങളില്‍ 14 വിഭാഗങ്ങളില്‍ മത്സരിച്ച 'ആടുജീവിതം'ക്ക് ഒരു അവാര്‍ഡും ലഭിക്കാത്തത് വ്യാപകമായ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. മികച്ച നടന്‍, സംവിധായകന്‍, ഛായാഗ്രാഹകന്‍ തുടങ്ങിയ പ്രധാന വിഭാഗങ്ങളില്‍ ചിത്രം അവാര്‍ഡ് അര്‍ഹമായിരുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് അഭിപ്രായപ്പെട്ടത്. ചിത്രത്തിലെ രംഗങ്ങളുടെ ചെറു ക്ലിപ്പുകളും വ്യാപകമായി പ്രചരിച്ചു. അതേസമയം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ 'ആടുജീവിതം' ഒന്‍പത് അവാര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നു. ബ്ലെസിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. സംഗീതം എ.ആര്‍. റഹ്‌മാനാണ് ഒരുക്കിയത്.