ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടന്‍ അജ്മല്‍ അമീറിന് എതിരെ പുതിയ വെളിപ്പെടുത്തലുമായി ഡിസൈനറും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ റോഷ്‌ന ആന്‍ റോയ് രംഗത്തെത്തിയിട്ടുണ്ട്. അജ്മല്‍ തനിക്കയച്ചതായി പറയുന്ന ഇന്‍സ്റ്റഗ്രാം സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളാണ് റോഷ്‌ന പുറത്തുവിട്ടത്.
അജ്മല്‍ പ്രസിദ്ധീകരിച്ച വിശദീകരണ വീഡിയോയ്ക്കൊപ്പം തന്നെ റോഷ്‌നയാണ് സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചത്. ''എത്ര മനോഹരമായ വെള്ളപൂശല്‍! ചുമ്മാ ഇന്‍ബോക്സ് നോക്കിയപ്പോള്‍ കിടക്കുന്നു അണ്ണന്റെ എ.ഐ. മെസ്സേജ്,'' എന്ന കുറിപ്പോടെയായിരുന്നു അവര്‍ പോസ്റ്റ് ചെയ്തത്. ''ഹൗ ആര്‍ യു'', ''നീ അവിടെ ഉണ്ടോ'' തുടങ്ങിയ സന്ദേശങ്ങളാണ് അവിടെ കാണാനാവുന്നത്. അജ്മല്‍ അവകാശപ്പെടുന്നതുപോലെ ഈ സന്ദേശങ്ങളും എ.ഐ. വഴി സൃഷ്ടിച്ചതാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ റോഷ്‌ന ഉയര്‍ത്തുന്നത്.
തന്റേതെന്ന പേരില്‍ പ്രചരിച്ച വിഡിയോ കോള്‍ ദൃശ്യങ്ങളും ശബ്ദസന്ദേശങ്ങളും കൃത്രിമ ബുദ്ധി ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് വിശദീകരിച്ച് അജ്മല്‍ നേരത്തെ ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. എന്നാല്‍ ആ വീഡിയോയ്ക്ക് പിന്നാലെ തന്നെ, കമന്റ് ബോക്സിലൂടെ നിരവധി യുവതികള്‍ നടനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി രംഗത്തെത്തി. അജ്മല്‍ നിന്നു മോശം സന്ദേശങ്ങളും അനാവശ്യമായ വിഡിയോ കോളുകളും ലഭിച്ചതായി ചില യുവതികള്‍ ആരോപിക്കുന്നു. സിനിമയിലെ സഹനടിമാരോടും നടന്‍ അനുചിതമായി പെരുമാറിയിട്ടുണ്ടെന്ന ആരോപണവും ഉയര്‍ന്നു.
എന്നാല്‍ അജ്മല്‍ എല്ലാ ആരോപണങ്ങളും നിഷേധിച്ചിരിക്കുകയാണ്. ''വ്യാജമായി സൃഷ്ടിച്ച എ.ഐ. ഉള്ളടക്കമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ചിലര്‍ എന്റെ അക്കൗണ്ട് ഉപയോഗിച്ച് സന്ദേശങ്ങള്‍ അയച്ചതാണ്,'' എന്ന് നടന്‍ വിശദീകരിച്ചു. ഇനി മുതല്‍ തന്റെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും താനാണ് നേരിട്ട് കൈകാര്യം ചെയ്യുകയെന്നും അദ്ദേഹം അറിയിച്ചു.
എങ്കിലും, നടന്റെ വിശദീകരണത്തെ പലരും സംശയത്തോടെ കാണുന്നുണ്ട്. ''ഈ വാദങ്ങള്‍ ഭാര്യയോട് തുറന്നു പറയാന്‍ ധൈര്യമുണ്ടോ?'' എന്ന നിലപാടിലാണ് ചില ആരാധകരും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും. ഇതേ പശ്ചാത്തലത്തിലാണ് റോഷ്‌ന ആന്‍ റോയ് പുറത്തുവിട്ട പുതിയ തെളിവുകള്‍ വീണ്ടും ചര്‍ച്ചയാക്കുന്നത്. ഇതിനാല്‍ അജ്മലിനെ ചുറ്റിപ്പറ്റിയ വിവാദം അവസാനിക്കുന്നതിനുപകരം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.