തന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈല്‍ ആരംഭിച്ചതിനെതിരേ നടി സംയുക്ത വര്‍മ. ബ്ലൂ ടിക്കോട് കൂടിയുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മാത്രമാണ് ഉപയോഗിക്കുന്നതെന്നും അല്ലാതെ വരുന്ന സന്ദേശങ്ങളൊന്നും തന്റെ അറിവോടെയല്ലെന്നും നടി പങ്ക് വച്ചു.
ഭര്‍ത്താവും നടനുമായ ബിജു മേനോന്റെ അക്കൗണ്ടിലൂടെയാണ് താരം വീഡിയോ പങ്കുവച്ചത്.സംയുക്ത വര്‍മ എന്ന പേരില്‍ ബ്ലൂ ടിക്കോടു കൂടിയുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മാത്രമാണ് ഞാന്‍ ഉപയോഗിക്കുന്നത്. അല്ലാതെയുള്ള ഒരു സമൂഹമാധ്യമങ്ങളിലും ഞാന്‍ സജീവമല്ല. സംയുക്ത വര്‍മ എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ ആരംഭിച്ചിട്ടുള്ള ഒരു അക്കൗണ്ടും എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല.
അത് ഒരുപാടു പേര്‍ ഞാനാണെന്ന് തെറ്റിദ്ധരിച്ച് ഫോളോ ചെയ്യുകയും പേഴ്‌സണല്‍ മെസജ് അയക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് തട്ടിപ്പുകള്‍ നടക്കുന്ന കാലഘട്ടമാണിത്. എല്ലാവരും ശ്രദ്ധിച്ചിരിക്കണമെന്നും സംയുക്ത വര്‍മ പറഞ്ഞു.
സംയുക്ത വര്‍മയെന്ന പേരില്‍ 1.75 ലക്ഷം ഫോളോവേഴ്‌സ് ഉള്ള വ്യാജ അക്കൗണ്ട് ഫെയ്‌സ്ബുക്കിലുണ്ട്. പലപ്പോഴും നടിയുടെ കുടുംബ ചിത്രങ്ങളും മറ്റു വിശേഷങ്ങളും ഈ പേജിലൂടെ പങ്കുവയ്ക്കാറുണ്ട്.
മലയാളികള്‍ക്ക് മറക്കാനാകാത്ത ഒട്ടനവധി നായിക വേഷങ്ങള്‍ സമ്മാനിച്ച നടിയാണ് സംയുക്ത വര്‍മ്മ. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരം യോഗാ പഠനവും അഭ്യസിപ്പിക്കലുമൊക്കെയായി ഇപ്പോള്‍ സജീവമാണ്.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് ഹരിശ്രീ കുറിച്ച സംയുക്ത, അതേ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി. തുടര്‍ന്ന് പതിനഞ്ചോളം ചിത്രങ്ങള്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും തൊട്ടതെല്ലാം പൊന്നാക്കിയ താരമാണ് സംയുക്ത.
ബിജു മേനോനുമായുള്ള വിവാഹ ശേഷമായിരുന്നു സംയുക്ത സിനിമ ജീവിതത്തോട് വിടപറഞ്ഞത്. 2002ലായിരുന്നു ഇവരുടെ വിവാഹം. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബിജുവും സംയുക്തയും നായികാനായകന്മാരായി എത്തി. കുടുംബ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുകയാണ് താരമിപ്പോള്‍.