Latest News

'മലയാളം അറിയാത്ത മണ്ടന്മാര്‍ക്കും മണ്ടികള്‍ക്കും വേണ്ടിയാണ് ഇത്'; 'തൂകി'യതല്ല, റെഡ് ഹാന്‍ഡഡ് ആയി 'തൂക്കി'യതാണ്; ഹിറ്റ് ഗാനത്തിലെ വരികളെക്കുറിച്ച് ശബരീഷ് വര്‍മ്മ 

Malayalilife
 'മലയാളം അറിയാത്ത മണ്ടന്മാര്‍ക്കും മണ്ടികള്‍ക്കും വേണ്ടിയാണ് ഇത്'; 'തൂകി'യതല്ല, റെഡ് ഹാന്‍ഡഡ് ആയി 'തൂക്കി'യതാണ്; ഹിറ്റ് ഗാനത്തിലെ വരികളെക്കുറിച്ച് ശബരീഷ് വര്‍മ്മ 

ബോക്‌സ് ഓഫീസില്‍ പടയോട്ടം തുടരുന്ന 'വാഴ 2' ലെ ഹിറ്റ് വരിയെക്കുറിച്ച് ചിലര്‍ക്കുള്ള തെറ്റിദ്ധാരണയില്‍ വിശദീകരണവുമായി ഗാനരചയിതാവും നടനുമായ ശബരീഷ് വര്‍മ്മ. ചിത്രത്തിലെ 'തൂക്കി ചുവന്ന കരങ്ങളോടെ...' എന്ന് തുടങ്ങുന്ന ഗാനത്തിലെ വരികളെക്കുറിച്ച് ആരാധകര്‍ക്കിടയിലുള്ള തെറ്റിദ്ധാരണ തിരുത്തിയാണ് ശബരീഷ് രംഗത്തെത്തിയത്. വരികള്‍ തെറ്റായി പാടുന്നവര്‍ക്കും അര്‍ത്ഥം മനസ്സിലാകാത്തവര്‍ക്കുമായാണ് സോഷ്യല്‍ മീഡിയയിലൂടെ താരം വിശദീകരണം നല്‍കിയത്.

ഗാനത്തിലെ 'തൂക്കി' എന്ന വാക്കിന്റെ അര്‍ത്ഥം വ്യക്തമാക്കാന്‍ രസകരമായ ഉദാഹരണമാണ് ശബരീഷ് പങ്കുവെച്ചത്. 'മലയാളം അറിഞ്ഞുകൂടാത്ത മണ്ടന്മാര്‍ക്കും മണ്ടികള്‍ക്കും വേണ്ടിയാണ് ഇത് പറയുന്നത്. തൂക്കി ചുവന്ന കരങ്ങളോടെ എന്നാല്‍ 'Caught red handed' എന്നാണ് അര്‍ത്ഥം. 15-ാം നൂറ്റാണ്ടിലോ 16-ാം നൂറ്റാണ്ടിലോ നിലവിലുണ്ടായിരുന്ന ഒരു സ്‌കോട്ടിഷ് പ്രയോഗമാണിത്. കൊലപാതകം ചെയ്ത് കയ്യില്‍ ചോരയുമായി പിടിക്കപ്പെടുക എന്ന അര്‍ത്ഥത്തില്‍ തുടങ്ങിയ ഈ പ്രയോഗം ഇന്ന് ഏതൊരു തെറ്റ് ചെയ്യുമ്പോഴും പിടിക്കപ്പെടുന്നതിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു.' - ശബരീഷ് വിശദീകരിച്ചു. 

പലരും വരികള്‍ മാറിപ്പോകുന്നുണ്ടെന്നും താരം ചൂണ്ടിക്കാട്ടി. 'വരികള്‍ ശ്രദ്ധിക്കുക, അത് 'തൂക്കി' എന്നാണ്, 'തൂകി' എന്നല്ല. പലരും മെസേജ് അയച്ചും കമന്റുകളിലൂടെയും സംശയം ചോദിക്കുന്നുണ്ട്. ഇനി ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അവര്‍ക്ക് ഈ റീല്‍ അയച്ചു കൊടുക്കുക. തൂകി, പൂക്കി, ഊക്കി എന്നൊന്നുമല്ല പാട്ടിലെ വാക്ക്.' - ശബരീഷ് പരിഹാസരൂപേണ പറഞ്ഞു. 

 നവാഗതരെ അണിനിരത്തി നവാഗത സംവിധായകന്‍ ഒരുക്കിയ 'വാഴ 2' മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 200 കോടി ക്ലബ്ബിലും ഇടംപിടിച്ചു. ചിത്രത്തിലെ കോമഡിയും ഇമോഷനും പോലെ തന്നെ പാട്ടുകളും ഹിറ്റാണ്.

പാട്ട് ഏറ്റെടുത്തവര്‍ക്കും തനിക്ക് അവസരം നല്‍കിയ മ്യൂസിക് ഡയറക്ടര്‍ ആര്‍ക്കേഡോയ്ക്കും വരികളുടെ ആത്മാവറിഞ്ഞ് പാടിയ മാളവികയ്ക്കും ശബരീഷ് നന്ദി അറിയിച്ചു. 10 സംഗീത സംവിധായകരെ ഏകോപിപ്പിച്ച് പുത്തന്‍ പരീക്ഷണം നടത്തിയ അങ്കിതിനും, ചിത്രത്തിന്റെ കപ്പിത്താന്‍ വിപിന്‍ ദാസിനും സംവിധായകനും അടക്കം മുഴുവന്‍ 'വാഴ' ടീമിനും ശബരീഷ് അഭിനന്ദനങ്ങള്‍ നേര്‍ന്നു.

shabareesh varma about vazha 2 song

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES