കേരളക്കരയില്‍ സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ് അമല്‍ നീരദ് സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം വരത്തന്‍. ഇതിനിടയിലാണ് ചിത്രത്തെക്കുറിച്ച് ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നത്. അമേരിക്കന്‍ ചിത്രമായ സ്ട്രോ ഡോഗ്സ് എന്ന ചിത്രത്തിന്റെ പ്രമേയം കടംകൊണ്ടാണ് വരത്തന്‍ എന്നതായിരുന്നു ആക്ഷേപം. ഡേവിഡ് സാമവുല്‍ പെക്കിന്‍പ എന്ന അമേരിക്കന്‍ സംവിധാകയന്‍ 1971ല്‍ എടുത്ത ഈ ചിത്രത്തിന്റെ കോപ്പിയാണ് വരത്തന്‍ എന്ന് സോഷ്യല്‍ മീഡിയില്‍ ആക്ഷേപം ഉയരുന്നു. ഒരു സിനിമ റിക്രിയേറ്റ് ചെയ്യുന്നതില്‍ തെറ്റില്ലെങ്കിലും അത് ടൈറ്റിലില്‍ അനൗണ്‍സ് ചെയ്യാത്തത് മൂന്നാംകിട പരിപാടിയായിപ്പോയെന്നാണ് സോഷ്യമീഡിയയില്‍ ഉയരുന്നു വിവാദം.
സമാനരീതിയില്‍ വിദേശ പടങ്ങളെ അവലംബിച്ച് സിനിമയെടുക്കുന്ന മിഷ്‌ക്കിനെപ്പോലുള്ള തമിഴ് സംവിധായകര്‍, സ്റ്റോറിയും സ്റ്റോറി ഐഡിയയും മാത്രമല്ല, റഫര്‍ചെയ്ത സിനിമകള്‍പോലും എഴുതികാണിക്കാറുണ്ട്. അഞ്ജലിമോനോന്റെ 'കൂടെ' പോലുള്ള ചിത്രങ്ങളും ഇതേരീതിയില്‍ ക്രെഡിറ്റ് കൊടുക്കുന്നുണ്ട്. എന്നാല്‍ അമല്‍നീരദിനപ്പോലുള്ള സംവിധായകര്‍ ഈ സത്യസന്ധതകാണിക്കുന്നില്ലെന്നാണ് വിമര്‍ശനം. എന്നാല്‍ ഇത്തരത്തില്‍ ഏതെങ്കിലും ചിത്രത്തില്‍ ആകൃഷ്ടനായാണ് വരത്തന്‍ ഒരുക്കുന്നതെന്ന് സംവിധായകന്‍ എവിടെയും പറഞ്ഞിരുന്നുമില്ല. അമല്‍ നീരദിന്റെ തന്നെ, ബിഗ് ബിയും അന്‍വറുമെല്ലാം വിദേശസിനിമകള്‍ പകര്‍ത്തിയുണ്ടാക്കിയ ചിത്രങ്ങളായിരുന്നെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ അമേരിക്കന്‍ ചിത്രത്തിന്റെ ത്രെഡ് ഉപയോഗിച്ച് വേറിട്ടൊരു ചിത്രമൊരുക്കുകയോ, അതിന്റെ പ്രമേയം കടം കൊണ്ട് മലയാളത്തില്‍ മറ്റൊരു ചിത്രമൊരുക്കുകയോ ആയിരുന്നില്ല അമല്‍ നീരദ് ചെയ്തത്. അമേരിക്കന്‍ ചിത്രം പങ്കുവെച്ച ചോദ്യങ്ങളും കഥാപാത്രങ്ങളുടെ മാനസിക ഘടനയും സിനിമയില്‍ നിന്ന് പുറത്തുവരുന്ന അര്‍ത്ഥതലങ്ങളുമടക്കം മലയാളത്തിലേക്ക് പകര്‍ത്തുകയായിരുന്നു സംവിധായകന്‍. മറ്റൊരു രീതയില്‍ പറഞ്ഞാല്‍ ഈച്ചക്കോപ്പിയടി തന്നെ.
ഇനി രണ്ട് സിനിമകളും തമ്മിലുള്ള സാമ്യങ്ങളും വ്യത്യാസങ്ങളും നോക്കാം. ജോലി സംബന്ധമായ ചില തിരിച്ചടികള്‍ക്ക് ശേഷം വിദേശ നഗരത്തില്‍ വാസം അവസാനിപ്പിച്ച് ഫഹദിന്റെ എബിയും ഐശ്യര്യയുടെ പ്രിയാപോളും ദുബായില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചുവരികയാണ്. പ്രിയയുടെ പപ്പയുടെ കേരളത്തിലെ പതിനെട്ടാം മൈല്‍ എന്ന ഗ്രാമത്തിലെ തോട്ടത്തിലുള്ള ഒറ്റപ്പെട്ട വസതിയിലേക്കാണ് അവര്‍ താമസിക്കാന്‍ എത്തുന്നത്. പപ്പയുടെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന പതിനെട്ടാം മൈലിലേക്കുള്ള തിരിച്ചുവരവ് ഐശ്വര്യയ്ക്ക് വല്ലാത്തൊരു അനുഭൂതിയാണ്. എന്നാല്‍ ഗൃഹാതുരത്വം എന്ന വാക്ക് പോലും എബിക്ക് പരിചിതമല്ല. ആ വാക്ക് പറയാന്‍ തന്നെ എന്തൊരു പാട് എന്നാണ് അയാള്‍ ചോദിക്കുന്നത്. അയാള്‍ പൂര്‍ണ്ണമായും നഗരത്തോട് ചേര്‍ന്ന് നിന്ന് ജീവിതം നയിക്കുന്ന ഒരു വ്യക്തിയാണ്. ജോലിയിലുണ്ടായ തിരിച്ചടികളും മറ്റുമാണ് ഭാര്യയ്ക്കൊപ്പം ഗ്രാമത്തിലേക്ക് പോകാന്‍ അയാളെ പ്രേരിപ്പിക്കുന്നത്.
വേക് ലി എന്ന സാങ്കല്‍പ്പിക ഇംഗ്ലീഷ് ഗ്രാമമാണ് സ്ട്രോ ഡോഗ്സിന്റെ കഥാപരിസരം. ഇവിടെ നിന്നും അമേരിക്കയില്‍ പോയ ഏമി ഗണിതശാസ്ത്രജ്ഞനായ ഭര്‍ത്താവുമായി ഗ്രാമത്തിലേക്ക് തിരിച്ചുവരുന്നതിടത്താണ് കഥ ആരംഭിക്കുന്നത്. ഏമിയുടെ ഭര്‍ത്താവ് ഡേവിഡ് ഒരു ആധുനിക നഗരത്തിന്റെ ഉത്പന്നമാണ്. നഗരകേന്ദ്രീകൃത സാമൂഹ്യവിചാരവും അതുളവാക്കുന്ന ജീവിതക്രമവും തൊഴില്‍ വിഭജനവും വൈകാരികമായ ചില അവസ്ഥകളും നഗരജീവിതം അയാളിലേക്ക് നിറച്ചിട്ടുണ്ട്. ഗണിതശാസ്ത്ര സംബന്ധിയായ ജോലികള്‍ക്ക് വേണ്ടിയാണ് ഡേവിഡ് ഗ്രാമത്തിലേക്ക് വരുന്നത് തന്നെ.
പച്ചപ്പും തണുപ്പും മഞ്ഞും നിറഞ്ഞ ഗ്രാമം ചിതിയുടെ വലക്കെണ്ണികള്‍ ഒരുക്കിയാണ് വരത്തനില്‍ എബിയെയും പ്രിയയെയും വരവേല്‍ക്കുന്നത്. പ്രിയയെ കാണാന്‍ ഗ്ലാസ് തിരിച്ചുവെക്കുന്ന ടാക്‌സി ഡ്രൈവറും പത്രം കൊണ്ട് മുഖം മറച്ച് പ്രിയയെ നോക്കുന്ന ഗ്രാമീണനും ചായക്കടയിലെ കത്തുന്ന നോട്ടങ്ങളില്‍ നിന്നും തണുപ്പ് നിറഞ്ഞ ആ നാട് ഒളിപ്പിച്ച വയലന്‍സിന്റെ ചൂടുള്ള സ്വഭാവം തുടക്കത്തില്‍ തന്നെ സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്. നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്ന മലയാള സിനിമയുടെ പതിവ് ശീലത്തെ തച്ചുടച്ചാണ് വരത്തന്‍ കഥ പറയുന്നത്