തെലങ്കാനയിലെ ഹൈദരാബാദ്-ബെംഗളൂരു ഹൈവേയില്‍ സംഭവിച്ച വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട നടന്‍ വിജയ് ദേവരകൊണ്ട തന്റെ ആരോഗ്യനില സംബന്ധിച്ച് ആരാധകരെ ആശ്വസിപ്പിച്ച് കുറിപ്പുമായി രംഗത്ത്. കാറിനൊരു ഇടിയേറ്റെങ്കിലും താനും സംഘവും സുരക്ഷിതരാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ വിജയ് എഴുതിയിരുന്നു: ''സുഖമായിരിക്കുന്നു. കാറിന് ചെറിയൊരു ഇടിയേറ്റു, പക്ഷേ ഞങ്ങള്‍ക്ക് ഒന്നും ആയിട്ടില്ല. വര്‍ക്കൗട്ട് പൂര്‍ത്തിയാക്കി വീട്ടിലെത്തി. തലവേദനയുണ്ട്, പക്ഷേ ഒരു ബിരിയാണിയും ഉറക്കവും മതി അതിന്.''
ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തിയില്‍നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെ, പിന്നില്‍നിന്ന് വന്ന വാഹനം നടന്റെ എല്‍എം350എച്ച് ലെക്‌സസ് കാറില്‍ ഇടിക്കുകയായിരുന്നു. കാറിന് നാശനഷ്ടമുണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല. ഇടിച്ച വാഹനം നിര്‍ത്താതെ കടന്നുപോയതിനെ തുടര്‍ന്ന് വിജയ് ദേവരകൊണ്ടയുടെ ഡ്രൈവര്‍ പോലീസില്‍ പരാതി നല്‍കി. സംഭവം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.