പ്രേംനസീര്‍ ചലച്ചിത്ര രത്‌നം അവാര്‍ഡ് വാങ്ങാനെത്തിയ വേദിയിലാണ് വിനയന്‍ സിനിമാ രംഗത്ത് നിന്നും തനിക്ക് ലഭിച്ച കയ്‌പ്പേറിയ അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. പ്രസംഗത്തിനിടയിലാണ് താന്‍ മലയാള സിനിമയില്‍ അനുഭവിച്ച ദുരിതത്തിനെല്ലാം കാരണക്കാരന്‍ നടന്‍ ദിലീപാണെന്ന് വിനയന്‍ വെളിപ്പെടുത്തിയത്. ദിലീപിന്റെ പകയാണ് എല്ലാത്തിനും പിന്നിലെന്നാണ് വിനയന്‍ പറഞ്ഞത്. ദിലീപിന്റഎ പ്രതികാരം തനിക്ക് നഷ്ടപ്പെടുത്തിയത് പത്ത് വര്‍ഷങ്ങളാണെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.
ഒരു സംവിധായകനില്‍ നിന്നും 40 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയ ശേഷം അഭിനയിക്കാന്‍ തയ്യാറാകാതിരുന്നത് ചോദ്യം ചെയ്തതിലെ പകയായാണ് ദിലീപ് തന്നെ പത്ത് വര്‍ഷം വീട്ടിലിരുത്തിയതെന്നാണ് വിനയന്‍ പറഞ്ഞത്. താന്‍ മാക്ടയുടെ നേതൃത്വത്തിലുണ്ടായിരുന്ന കാലത്ത് 40 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയിട്ട് ഒരു സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ ദിലീപ് തയാറാകാതിരുന്നപ്പോള്‍ അതു ശരിയല്ലെന്നു കര്‍ശനമായി പറഞ്ഞു. ഇതോടെ മലയാള സിനിമ വ്യവസായത്തില്‍ നിന്നു തന്നെ പുറത്താക്കുമെന്നായിരുന്നു നടന്‍ ദിലീപ് പറഞ്ഞത്. അതിന്റെ തുടര്‍ച്ചയായിരുന്നു തനിക്കെതിരെയുള്ള വിലക്കെന്നുമാണ് നടന്‍ വിനയന്റെ വെളിപ്പെടുത്തല്‍.
10 വര്‍ഷത്തെ നിയമ പോരാട്ടത്തിനു ശേഷം അനുകൂല വിധി സമ്പാദിച്ചതിനു ശേഷമാണ് ചലച്ചിത്ര സംഘടനകളുടെ വിലക്ക് മറികടന്നു വീണ്ടും സിനിമ ചെയ്തത്. അപ്പോഴേക്കും 10 വര്‍ഷങ്ങളാണ് നഷ്ടപ്പെട്ടത്. ഒരു കാലത്തും അവാര്‍ഡുകള്‍ക്ക് തന്നെ പരിഗണിക്കാറില്ല. സത്യം വിളിച്ചു പറയുന്നവനെ എന്തിനു അവാര്‍ഡിനു പരിഗണിക്കണമെന്നാണ് അവര്‍ ചിന്തിക്കുക.
അന്നന്നു കാണുന്നവരെ അപ്പാ എന്നു വിളിക്കുന്നവരുടെ മേഖലയാണ് സിനിമ. ഊമപ്പെണ്ണിനു ഉരിയാടാ പയ്യന്‍ എന്ന സിനിമ ചെയ്യുന്ന കാലത്ത് നടന്‍ ജയസൂര്യയുടെ ചിത്രം നല്‍കാന്‍ പോലും ചലച്ചിത്ര വാരികയെ വിലക്കിയവരാണ് സിനിമ രംഗത്തുള്ളവര്‍. പുതിയവര്‍ വന്നാല്‍ തങ്ങളുടെ അവസരം നഷ്ടപ്പെടുമോയെന്നു ഭയന്ന ചിലരായിരുന്നു ഇതിനു പിന്നില്‍.
മനുഷ്യസ്‌നേഹത്തിന്റെയും വിനയത്തിന്റെയും കാര്യത്തില്‍ നസീറിനു പിന്നില്‍ നടക്കാന്‍ പോലും യോഗ്യതയുള്ള ഒരാളും ഇന്ന് മലയാള സിനിമയിലില്ലെന്നും വിനയന്‍ പറഞ്ഞു. മനുഷ്യസ്‌നേഹിയും നിഷ്‌കളങ്കനുമായ പ്രേംനസീറിന്റെ രാഷ്ട്രീയ പ്രവേശം എന്തുകൊണ്ട് അന്നത്തെ മലയാളി തടഞ്ഞുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അദ്ദേഹത്തെ പോലൊരാള്‍ അധികാരത്തിലെത്തിയിരുന്നെങ്കില്‍ സാധാരണക്കാര്‍ക്ക് ഏറെ ഗുണം ലഭിക്കുമായിരുന്നുവെന്നും വിനയന്‍ പറഞ്ഞു.