ചികിത്സയ്ക്കായി ഏഴു മാസത്തോളം സിനിമയില്‍നിന്നു വിട്ടുനിന്ന മെഗാ സ്റ്റാര്‍ മമ്മൂട്ടി കേരളത്തിലേക്ക് എത്തുക ഒരു മാസം കൂടി കഴിഞ്ഞ്. ഒരു മാസം കൂടി മമ്മൂട്ടി ചെന്നൈയില്‍ തന്നെ തുടരും. ചെന്നൈയിലുള്ള താരം പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
വിവിധ മെഡിക്കല്‍ പരിശോധനകളുടെ ഫലങ്ങള്‍ ഇന്നലെ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ തന്നെ സിനിമാ സെറ്റിലേക്ക് അടക്കം എത്താന്‍ താരം തീരുമാനിച്ചു. ഓണം കഴിഞ്ഞ ശേഷമാകും മമ്മൂട്ടിയുടെ ഇടവളയ്ക്ക് ശേഷമുള്ള അഭിനയം. മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് സെറ്റിലെത്തുകയും ചെയ്യും.രോഗമുക്തിയെക്കുറിച്ച് നിര്‍മാതാവ് ആന്റോ ജോസഫ് ഇന്നലെ രാവിലെ സമൂഹമാധ്യമത്തില്‍ കുറിച്ചതോടെയാണ് മമ്മൂട്ടിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള സൂചന ആദ്യം പുറത്തറിയുന്നത്.
ചികിത്സയുടെ ആദ്യകാലങ്ങളില്‍ ഭക്ഷണത്തിന് രുചി തോന്നിയിരുന്നില്ല. മണം അറിയാനുള്ള കഴിവും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം മാറി. ആള്‍ക്കൂട്ടങ്ങളുടെ ഇടയിലേക്ക് വൈകാതെ മമ്മൂട്ടി മടങ്ങിവരുമെന്നും വി.കെ ശ്രീരാമന്‍ പ്രതികരിച്ചിരുന്നു.
ഇപ്പോള്‍ കൂടുതല്‍ ഉഷാര്‍ വന്നിട്ടുണ്ട് എന്നാണ് സംസാരിക്കുമ്പോള്‍ തോന്നുന്നത്. വലിയ ഒരു എനര്‍ജി സംസാരത്തിലുണ്ട്. ഒരിക്കലും ഒരു രോഗിയുടെ എനര്‍ജി ഇല്ലായ്മയും ഒന്നും തോന്നിയിട്ടില്ല. പഴയ പോലത്തെ ശബ്ദവും എനര്‍ജിയും ഒക്കെയാണ് സംസാരിക്കുമ്പോള്‍ ഉള്ളതെന്നും വികെ ശ്രീരാമന്‍ പറഞ്ഞു.
ഇടയ്ക്ക് വെറുതെ വര്‍ത്തമാനം പറയാന്‍ പോലും മമ്മൂട്ടി വിളിക്കാറുണ്ടെന്ന് വി.കെ ശ്രീരാമന്‍ പറയുന്നു. അസുഖത്തെക്കുറിച്ച് മുന്‍പ് പറഞ്ഞിരുന്നു. ചികിത്സയുടെ ആദ്യകാലങ്ങളില്‍ ഭക്ഷണത്തിന് രുചി തോന്നിയിരുന്നില്ല. മണം അറിയാനുള്ള കഴിവും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം മാറി. ആള്‍ക്കൂട്ടങ്ങളുടെ ഇടയിലേക്ക് വൈകാതെ മമ്മൂട്ടി മടങ്ങിവരുമെന്നും വി.കെ ശ്രീരാമന്‍ വ്യക്തമാക്കി. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നടന്‍ മമ്മൂക്കയുടെ വിശേഷങ്ങള് പങ്ക് വച്ചത്.
''മമ്മൂട്ടിക്ക് രോഗവിമുക്തി ഇന്നൊരു ദിവസം പെട്ടെന്ന് ഉണ്ടായതല്ല. മമ്മൂട്ടി എന്നെ ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ട്. ചിലപ്പോള്‍ ഒരാഴ്ച കൂടുമ്പോള്‍ വിളിക്കും. ഇന്നലെയും മിനിയാന്നും ഒക്കെ വിളിച്ചിരുന്നു. അപ്പോഴൊക്കെ ഇതിനെപ്പറ്റി ഒന്നുമല്ല പറഞ്ഞിരുന്നത്. ആദ്യഘട്ടത്തില്‍ വിളിക്കുമ്പോള്‍ ഭക്ഷണത്തിന് രുചിയില്ല നടക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നൊക്കെ പറയുമായിരുന്നു. പക്ഷേ, അതൊന്നും വലിയ പ്രാധാന്യമുള്ള കാര്യമായിട്ടൊന്നുമല്ല സംസാരിക്കുന്നത്. എന്നെ വിളിക്കുമ്പോള്‍ സംസാരിക്കുന്നത് വേറെ പലതും ആയിരുന്നു. ചിലപ്പോള്‍ രാഷ്ട്രീയമായിരിക്കും, ചിലപ്പോള്‍ കൃഷിയെപ്പറ്റി ആയിരിക്കും, അങ്ങനെ എല്ലാറ്റിനെപ്പറ്റിയും സംസാരിക്കും. ഇതൊക്കെ എന്നോടാണ് സംസാരിക്കുന്നത്.
എനിക്കാണെങ്കില്‍ ഇതിനെപ്പറ്റിയൊക്കെ മൂപ്പര്‍ക്ക് ഉള്ള അത്ര ഗ്രാഹ്യമില്ല. ചില ആളുകളെ പറ്റി പറയുമ്പോള്‍, 'നിനക്ക് എന്താ തോന്നുന്നത്' എന്ന് ചോദിക്കും. ഞാന്‍ പറയും, 'അയാള്‍ നിങ്ങള്‍ വിചാരിക്കുന്ന പോലത്തെ ആളല്ല' എന്ന്. 'അപ്പോള്‍ നീ എന്താ വിചാരിച്ചത്' എന്ന് എന്നോട് ചോദിക്കും. അവിടെ നമ്മള്‍ കുടുങ്ങും. ഇങ്ങനത്തെ രീതിയിലുള്ള വര്‍ത്തമാനങ്ങള്‍ ആണ് ഞങ്ങള്‍ തമ്മിലുള്ളത്. അല്ലാതെ ഭയങ്കര ബൗദ്ധിക ചര്‍ച്ചകളോ ബൗദ്ധിക വ്യായാമങ്ങളോ ഒന്നും ഉണ്ടാകാറില്ല. പക്ഷേ, ഞങ്ങള്‍ തമ്മില്‍ കുറേനേരം സംസാരിച്ചു കഴിയുമ്പോള്‍ അതില്‍ നിരവധി വിഷയങ്ങള്‍ ഉണ്ടായിരിക്കും. ഈ വിഷയങ്ങള്‍ ഒന്നും ആധികാരികമായിരിക്കണമെന്നില്ല. ചിലപ്പോള്‍ നോവലിനെ പറ്റി, ചിലപ്പോള്‍ ക്യാമറകളെ പറ്റി, സിനിമകളേയും നാടകത്തെപ്പറ്റിയും ഒരുപാട് സംസാരിക്കും.
പക്ഷേ, എനിക്ക് ഇതൊന്നും വലിയ പിടിയുള്ള കാര്യമായിരിക്കില്ല. ഇടയ്ക്കിടയ്ക്ക് മൂപ്പര്‍ക്ക് ഇതിനെപ്പറ്റി സംസാരിക്കാന്‍ ഒരാളെ കിട്ടണം. അതിനാണ് എന്നെ വിളിക്കുന്നത്. എനിക്കൊന്നും പറയാനില്ലാതാവുമ്പോള്‍ ചോദിക്കും, 'നീ വലിയ വിവരം ഒന്നും ഇല്ലാതെ ബുദ്ധിജീവി ചമഞ്ഞ് നടക്കുകയാണ് അല്ലേ' എന്ന്. മൂപ്പര്‍ക്ക് ഇങ്ങനെയൊക്കെ സംസാരിക്കാന്‍ ഒരു ചാന്‍സ് കിട്ടണം. ഇന്നലെ വിളിച്ചപ്പോള്‍ മുഴുവന്‍ എന്നെ ക്യാമറകളെ പറ്റി പഠിപ്പിക്കുകയായിരുന്നു. ഒരുപാട് ക്യാമറകളെ പറ്റി പറഞ്ഞു. ഫ്യൂജി എന്ന് പറയുന്ന ഒരു ക്യാമറയെ പറ്റി കുറെ പറഞ്ഞു. പിന്നെ ചന്ദ്രനിലേക്ക് ആദ്യം പോയവര്‍ കയ്യില്‍ വച്ച ഒരു ഹാന്‍ഡ് മെയ്ഡ് ക്യാമറയുണ്ട്, അതിനെപ്പറ്റി പറഞ്ഞു. അത് ഉണ്ടാക്കിയ സ്ഥലത്തെ പറ്റി കുറെ ആലോചിച്ചു. പിന്നെ പറഞ്ഞു, സ്വീഡനില്‍ ആണെന്ന് തോന്നുന്നു അത് ഉണ്ടാക്കിയത് എന്ന്. ക്യാമറയുടെ പേരും പറഞ്ഞു. എനിക്കിപ്പോള്‍ അധികം ഓര്‍മയൊന്നും നില്‍ക്കില്ല. അതുകൊണ്ട് ഓര്‍ക്കുന്നില്ല. ഇങ്ങനെ നിരവധി കാര്യങ്ങളാണ് സംസാരിച്ചത്.
അസുഖത്തിന്റെ കാര്യങ്ങളെ പറ്റിയൊക്കെ മുന്‍പ് പറഞ്ഞിരുന്നു. അത് ഞാന്‍ ചോദിച്ചിട്ട് പറയുന്നതൊന്നുമല്ല. കുറച്ചുദിവസം മുന്‍പ് വിളിച്ചപ്പോള്‍ രണ്ടു മൂന്ന് ടെസ്റ്റുകള്‍ കഴിഞ്ഞു, അതൊക്കെ ഓക്കേയാണ് എന്നു പറഞ്ഞിരുന്നു. പിന്നെ പറഞ്ഞു, 'ഇനി ഒരു ടെസ്റ്റ് കൂടി ഉണ്ട്. അത് പാസായാല്‍ മാത്രമേ പുറത്തിറങ്ങാന്‍ പറ്റുകയുള്ളൂ' എന്ന്. പക്ഷേ അതു കുറേ മുന്‍പാണ് പറഞ്ഞത്. ഇന്നലെ വിളിച്ചപ്പോള്‍ ടെസ്റ്റിനെ പറ്റി ഒന്നും പറഞ്ഞില്ല. ഇന്ന് ടെസ്റ്റ് ഉണ്ട്, അത് ഫൈനലാണ് എന്നൊന്നും പറഞ്ഞിരുന്നില്ല. ഞാന്‍ ഓട്ടോറിക്ഷയില്‍ വരുമ്പോഴാണ് എന്നെ വിളിച്ചത്. കുറെ നേരമായി വിളിക്കുന്നുണ്ട്. പക്ഷേ, ഓട്ടോറിക്ഷയുടെ ശബ്ദം കൊണ്ട് ഫോണ്‍ അടിച്ചത് കേട്ടില്ല. പിന്നീട് നോക്കിയപ്പോള്‍ മമ്മൂട്ടി വിളിക്കുന്നു. അങ്ങനെ ഫോണ്‍ എടുത്തു. അപ്പോഴാണ് ഓട്ടോറിക്ഷയില്‍ ആണെന്ന് പറഞ്ഞതും 'കാറില്ലേ, കാര്‍ എവിടെ പോയി' എന്നൊക്കെ ചോദിച്ചതും.
അതിനിടയാണ് പറഞ്ഞത് 'ലാസ്റ്റ് ടെസ്റ്റ് പാസായി' എന്ന്. അതില്‍ ഒരു എക്‌സൈസ്‌മെന്റ് ഒന്നുമില്ല കേട്ടോ. എനിക്ക് വലിയ സന്തോഷമുണ്ടെങ്കിലും ഞാന്‍ അത് പ്രകടിപ്പിച്ചില്ല. ഞാന്‍ പറഞ്ഞു അതൊക്കെ നമുക്ക് അറിയാമായിരുന്നു എന്ന്. 'നീ എല്ലാം അറിയുന്ന ആള്‍ ആണല്ലോ' എന്നൊക്കെ പറഞ്ഞ് എന്നെ കുറെ ചീത്ത പറഞ്ഞു. അങ്ങനെയാണ് ആ വര്‍ത്തമാനം മുഴുവനും ഉണ്ടായിരുന്നത്. അതിനിടെ ഇവിടെ ഒരു ഫോട്ടോ എക്‌സിബിഷന്‍ നടക്കുന്നുണ്ട്, അതിനെപ്പറ്റി ചോദിച്ചു. ആള്‍ക്കാര്‍ കാണാന്‍ വരുന്നുണ്ടോ എന്നൊക്കെ. മൂപ്പരുടെ ഒരു പടം വച്ചിട്ടുണ്ട്. മൂപ്പരുടെ പടത്തെ പറ്റി ആരെങ്കിലും മോശം പറയുന്നുണ്ടോ എന്നാണ് പ്രധാനമായും ചോദിക്കുക. ഇപ്രാവശ്യം വച്ചിട്ടുള്ള ഫോട്ടോകളില്‍ മൂപ്പരുടെ ഫോട്ടോ, എല്ലാ ഫൊട്ടോഗ്രാഫര്‍മാര്‍ക്കും ഇഷ്ടപ്പെട്ട ഒന്നാണ്.
ഇതിനിടെ റോഡുകളെ പറ്റി സംസാരിച്ചിരുന്നു. എനിക്കാണെങ്കില്‍ വീട്ടില്‍ നിന്നും ഇറങ്ങിയിട്ട് ഈ റോഡുകളിലൂടെ പോകാന്‍ വലിയ ബുദ്ധിമുട്ടുണ്ട്. എങ്ങനെയാണ് ഈ റോഡുകളിലൂടെ സഞ്ചരിക്കുക. അതിനെപ്പറ്റി പറഞ്ഞപ്പോള്‍ മൂപ്പര് പറഞ്ഞു, 'എടാ പരശുരാമന്‍ മഴു എറിഞ്ഞിട്ട് ഉണ്ടായതാണ് കേരളം. നിനക്ക് അറിയില്ലേ അപ്പോള്‍ സമുദ്രമാണ് ബേസിക്കലി നമ്മുടെ നാട്. മഴക്കാലമാണ് കേരളത്തില്‍ മിക്കവാറും 365 ദിവസവും, അപ്പോള്‍ റോഡില്‍ കുഴി ഉണ്ടാകും അത് സ്വാഭാവികമാണ്'. അപ്പോള്‍ ഞാന്‍ ചോദിച്ചു, 'നാഷണല്‍ ഹൈവേകളില്‍ ഒന്നും കുഴിയില്ലല്ലോ' എന്ന്. ഇതിനു മുന്‍പും ഞങ്ങള്‍ ഇങ്ങനെയൊക്കെയാണ് സംസാരിക്കുക. സിനിമയില്‍ സജീവമായി വരുന്ന കാലത്ത് പോലും ഞങ്ങള്‍ സംസാരിക്കുമ്പോള്‍ പല കാര്യങ്ങളും ഇങ്ങനെ വിശദമായിട്ട് സംസാരിക്കും.
ഞാന്‍ ആദ്യം അഭിനയിച്ച സിനിമ, ഞാന്‍ എന്റെ അഭിനയജീവിതത്തിന്റെ പകുതി പൂര്‍ത്തിയാക്കിയിട്ടുള്ള സിനിമ, ഇതിനെ പറ്റിയൊക്കെ മൂപ്പര്‍ക്ക് അറിയാം. അത്തരം കാര്യങ്ങളൊക്കെ അദ്ദേഹം ഓര്‍മയില്‍ സൂക്ഷിക്കും. മൂപ്പരുടെ ഭാഷാ പരിജ്ഞാനം ഒക്കെ വളരെ വലുതാണ്. ഇടയ്ക്ക് എന്നെ നാലു തെറിയും വിളിക്കും. ആ ഒരു രീതിയിലാണ് ഇപ്പോഴും സംസാരിക്കുക അതിലൊന്നും ഒരു മാറ്റവും വന്നിട്ടില്ല. മൂപ്പര്‍ക്ക് ഇതുപോലെ തുറന്നു സംസാരിക്കാന്‍ പറ്റുന്ന ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ട്. അവരോട് ഉള്ളിലുള്ളതെല്ലാം പറയും.
ഇനി പുറത്തിറങ്ങി ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഒക്കെ വരാന്‍ ഡോക്ടര്‍ അനുവാദം കൊടുക്കേണ്ടിവരും. കാരണം പുറത്തിറങ്ങി ഒരുപാട് ആളുകളുമായി ഇടപഴകുമ്പോള്‍ ഇന്‍ഫെക്ഷന്‍ വരാന്‍ സാധ്യതയുണ്ടല്ലോ. അതുകൊണ്ട് ഡോക്ടര്‍മാര്‍ പറഞ്ഞാല്‍ മാത്രമേ പുറത്തിറങ്ങാന്‍ പറ്റുകയുള്ളൂ. എന്നാലും അധികം വൈകില്ല എന്ന് തോന്നുന്നു. മുന്‍പൊരിക്കല്‍ വിളിച്ചപ്പോള്‍ ഭക്ഷണത്തിന് ഇപ്പോള്‍ ടേസ്റ്റ് ഉണ്ട്. ഞാന്‍ നന്നായി ഭക്ഷണം കഴിച്ചു എന്നൊക്കെ പറഞ്ഞു. ചികിത്സയുടെ ആദ്യകാലങ്ങളില്‍ ഭക്ഷണത്തിന് ടേസ്റ്റ് ഉണ്ടായിരുന്നില്ല എന്നാണ് പറഞ്ഞത്. പിന്നെ മണം അറിയാനുള്ള കഴിവും നഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ അതൊക്കെ മാറി. ഇപ്പോള്‍ കൂടുതല്‍ ഉഷാര്‍ വന്നിട്ടുണ്ട് എന്നാണ് സംസാരിക്കുമ്പോള്‍ തോന്നുന്നത്.
വലിയ ഒരു എനര്‍ജി സംസാരത്തിലുണ്ട്. ഒരിക്കലും ഒരു രോഗിയുടെ എനര്‍ജി ഇല്ലായ്മയും ഒന്നും തോന്നിയിട്ടില്ല. പഴയ പോലത്തെ ശബ്ദവും എനര്‍ജിയും ഒക്കെയാണ് സംസാരിക്കുമ്പോള്‍ ഉള്ളത്. കുറച്ചുനാളായി അങ്ങനെ തന്നെയാണ്. അസുഖത്തിന്റെ ആരംഭത്തില്‍ സംസാരിക്കുമ്പോഴും ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു. അതുകൊണ്ട് മൂപ്പര്‍ക്ക് അസുഖം വന്നു എന്ന് ഫോണില്‍ കൂടെ സംസാരിക്കുമ്പോള്‍ എനിക്ക് തോന്നിയിട്ടില്ല. ആള് എന്നും അങ്ങനെ തന്നെയായിരുന്നു. അതുകൊണ്ട് ഒരു വ്യത്യാസവും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഇന്നലെ സംസാരിച്ചപ്പോള്‍ ചെടികളെ പറ്റിയൊക്കെ പറഞ്ഞു. ചെടികള്‍ ക്രോപ്പ് ചെയ്യണം, വ്യത്യാസം കൊണ്ടുവരണം, മാവുകളൊക്കെ നന്നായിട്ട് നോക്കിയാലേ അത് പൂക്കുകയുള്ളൂ എന്നൊക്കെ. മൂപ്പരുടെ വീട്ടില്‍ മരങ്ങള്‍ കുറെ വച്ചിട്ടുണ്ട്. അവിടെ അത് നോക്കാന്‍ ഒരാള്‍ വരും. അതിനെപ്പറ്റി സംസാരിച്ചു, അഗ്രികള്‍ച്ചറിനെയും ഫാമിങ്ങിനെ പറ്റിയും ഒക്കെ. ഇനിയിപ്പോള്‍ വിശ്രമമെല്ലാം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ തീര്‍ക്കാനുള്ള സിനിമകളൊക്കെ തീര്‍ക്കും എന്നാണ് എനിക്ക് തോന്നുന്നത്.
മമ്മൂട്ടിയെ കുറിച്ച് അറിയാന്‍ ആള്‍ക്കാര്‍ക്ക് താല്പര്യമുണ്ടാകും. എന്താണ് അദ്ദേഹത്തിന് സംഭവിച്ചത് എന്ന് അറിയാന്‍ താല്പര്യമുണ്ടാകും. എന്നാണ് തിരിച്ചു വരുന്നത് എന്ന് നോക്കിയിരിക്കുകയായിരിക്കും. അങ്ങനെയിരിക്കുമ്പോഴാണ് ജോര്‍ജിന്റെയും ആന്റോ ജോസഫിന്റെയും ഒരു അറിയിപ്പ് വരുന്നത്. അത് നമ്മള്‍ പറയുന്നതുപോലെ അല്ല. ആധികാരികമായി പറയുന്നതാണ്. മൂപ്പര്‍ക്ക് അസുഖം ഭേദമായി എന്ന് ഞാന്‍ പറയുന്നതുപോലെ അല്ല അവര്‍ പറയുന്നത്. അവര്‍ പറയുമ്പോള്‍ അത് ഒഫീഷ്യല്‍ ആണ്. അതിനുശേഷമാണ് ഞാന്‍ പോസ്റ്റ് ഇട്ടത്. എന്നോട് സംസാരിച്ചെങ്കിലും ഞാന്‍ പോസ്റ്റ് ഒന്നും ഇട്ടിട്ടില്ലായിരുന്നു.
ഒഫീഷ്യലായി അറിയിപ്പ് വരുന്നതിനു മുന്നേ ഞാന്‍ ഇടുന്നത് ശരിയല്ലല്ലോ. ഔദ്യോഗികമായി ഒരു അറിയിപ്പ് വന്നതിനുശേഷമാണ് എനിക്ക് കിട്ടിയ വിവരം ഞാന്‍ പങ്കുവെച്ചത്. ചിലപ്പോഴൊക്കെ വിഡിയോ കോള്‍ വിളിച്ച് സംസാരിക്കാറുണ്ട്. ഇന്ന് പക്ഷേ വിഡിയോ കോളില്‍ അല്ല വിളിച്ചത്. കഴിഞ്ഞ ദിവസം വിഡിയോ കോളില്‍ ആണ് സംസാരിച്ചത്. അവിടെയിരുന്ന് ഓരോ ക്യാമറ എടുപ്പിച്ച് അതൊക്കെ എന്നെ കാണിച്ചു തന്നു. അതിന്റെ കാര്യങ്ങളൊക്കെ വിശദീകരിച്ചു. ചിലപ്പോള്‍ ഓരോ കാര്യങ്ങള്‍ പറയുമ്പോഴും കുട്ടികളുടെ മാതിരി ഉത്സാഹം കാണിക്കുന്നത് കാണാം. ഉറപ്പായും അവന്‍ തിരിച്ചു വരും, അത് എനിക്ക് ഉറപ്പുണ്ടായിരുന്നു.''