കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടി അധികാരത്തില്‍ തിരിച്ചെത്തിയ പശ്ചാത്തലത്തില്‍, സോഷ്യല്‍ മീഡിയയില്‍ തരംഗമായി ബാലതാരം വൃദ്ധി വിശാലിന്റെ പുത്തന്‍ ഇന്‍സ്റ്റാഗ്രാം റീല്‍. എല്‍ഡിഎഫിനെ തൂത്തെറിഞ്ഞ് 102 സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സഖ്യം അധികാരം പിടിച്ചതോടെ രാഷ്ട്രീയ-സിനിമ മേഖലകളില്‍ നിന്നുള്ള നിരവധി പ്രതികരണങ്ങളാണ് പുറത്തുവരുന്നത്.
എന്നാല്‍, മത്സരരംഗത്തുണ്ടായിരുന്ന ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥികളെയും അവരുടെ സെലിബ്രിറ്റി മുഖങ്ങളെയും പരിഹസിച്ചുകൊണ്ടുള്ള വൃദ്ധിയുടെ വീഡിയോയാണ് ഇപ്പോള്‍ സൈബര്‍ ഇടങ്ങളില്‍ ചര്‍ച്ചാവിഷയം. ട്വന്റി ട്വന്റിക്ക് വേണ്ടി ജനവിധി തേടിയ ചലച്ചിത്ര-റിയാലിറ്റി ഷോ താരങ്ങളായ അഖില്‍ മാരാര്‍, റോബിന്‍ രാധാകൃഷ്ണന്‍, അഞ്ജലി നായര്‍, ആതിര എന്നിവര്‍ക്ക് കനത്ത തോല്‍വിയാണ് നേരിടേണ്ടി വന്നത്. 'ചക്ക' അടയാളത്തിലായിരുന്നു ഇവരുടെ മത്സരം. ഈ ചിഹ്നത്തെ മുന്‍നിര്‍ത്തി ചക്ക കഴിച്ചുകൊണ്ടാണ് വൃദ്ധി തന്റെ പുതിയ റീല്‍ അവതരിപ്പിച്ചിരിക്കുന്നത്.
മലയാള സിനിമയിലെ ഇതിഹാസ നടി ഫിലോമിനയുടെ പ്രശസ്തമായ 'നിങ്ങടെ ഭ്രാന്തൊക്കെ മാറിയോ ചെക്കന്മാരെ' എന്ന ഡയലോഗിന്റെ അകമ്പടിയോടെയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ പരാജയ വാര്‍ത്തയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികളെ ട്രോളി വൃദ്ധി ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അന്ന് അഖില്‍ മാരാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ വീഡിയോയ്ക്ക് താഴെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ കമന്റുകളുമായി എത്തിയിരുന്നു.
അതിന്റെ രണ്ടാം ഭാഗമെന്നോണം ഇപ്പോള്‍ പങ്കുവെച്ച വീഡിയോയ്ക്ക് വലിയ പിന്തുണയാണ് കോണ്‍ഗ്രസ് അനുകൂലികളില്‍ നിന്നും മറ്റ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ നിന്നും ലഭിക്കുന്നത്. 'ചക്കയില്‍ മത്സരിച്ചവര്‍ക്ക് ചക്കക്കുരു പോലും കിട്ടിയില്ല', 'പക വീട്ടാനുള്ളതാണ്', 'തോല്‍വി കണ്ടപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് ഈ വീഡിയോയാണ്' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍.
അതേസമയം, കുട്ടിത്തം മാറാത്ത പ്രായത്തില്‍ ഇത്തരത്തിലുള്ള രാഷ്ട്രീയ പരിഹാസങ്ങള്‍ വേണ്ട എന്ന നിലപാടില്‍ വിമര്‍ശനം ഉയര്‍ത്തുന്നവരും കുറവല്ല. എങ്കിലും, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ കേരളം ആഘോഷിക്കുന്ന പ്രധാന ട്രോളുകളില്‍ ഒന്നായി വൃദ്ധിയുടെ 'ചക്ക' റീല്‍ മാറിക്കഴിഞ്ഞു. വലിയ അവകാശവാദങ്ങളുമായി എത്തിയ ട്വന്റി ട്വന്റിക്ക് ഇത്തവണ വലിയ തിരിച്ചടിയാണ് കേരളം നല്‍കിയത് എന്ന യാഥാര്‍ത്ഥ്യം കൂടി ഈ വീഡിയോ അടിവരയിടുന്നു. കടുത്ത രാഷ്ട്രീയ മത്സരത്തിനൊടുവില്‍ ഇത്തരത്തിലുള്ള രസകരമായ നിമിഷങ്ങളും കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെ ഭാഗമാവുകയാണ്.