ശരീരത്തിലെ അസാധാരണ കോശങ്ങള്‍ നിയന്ത്രണം വിട്ട് മറ്റു അവയവങ്ങളിലേക്കും കലകളിലേക്കും വ്യാപിക്കുന്ന രോഗമാണ് ക്യാന്‍സര്‍. മെറ്റാസ്റ്റാസിസ് എന്ന പ്രക്രിയയിലൂടെ ട്യൂമറുകള്‍ രൂപപ്പെടുകയും, അത് ആരോഗ്യകരമായ അവയവങ്ങളെ ബാധിക്കുകയും ചെയ്യുന്നു. ക്യാന്‍സര്‍ നേരത്തെ കണ്ടെത്തുന്നത് ചികിത്സയില്‍ നിര്‍ണായകമായതിനാല്‍, ചില പ്രാരംഭ ലക്ഷണങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
മലാശയ രക്തസ്രാവവും മലവിസര്‍ജ്ജന ശീലങ്ങളിലെ മാറ്റങ്ങളും അവഗണിക്കരുത്
വയറുവേദന, മലാശയ രക്തസ്രാവം, ദീര്‍ഘകാല മലബന്ധം അല്ലെങ്കില്‍ വയറിളക്കം തുടങ്ങിയ മാറ്റങ്ങള്‍ പലപ്പോഴും വന്‍കുടല്‍ ക്യാന്‍സറിന്റെ ലക്ഷണമാകാം. രണ്ടു മാസത്തിലേറെയായി തുടരുമെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറുടെ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നന്നായി ഉറങ്ങിയിട്ടും അമിത ക്ഷീണം അനുഭവപ്പെടുന്നത്
മതിയായ വിശ്രമത്തിനു ശേഷവും ക്ഷീണം അനുഭവപ്പെടുന്നത് ശരീരത്തിലെ അണുബാധകള്‍ക്കും, പ്രത്യേകിച്ച് വന്‍കുടല്‍ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ചില ക്യാന്‍സര്‍ തരങ്ങള്‍ക്കും സൂചനയായേക്കാം.
അപ്രതീക്ഷിതമായി ഭാരം കുറയുന്നത്
ശ്രമിക്കാതെ തന്നെ ശരീരഭാരം കുറയുകയാണെങ്കില്‍, അത് ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ക്യാന്‍സറുകളുടെ ലക്ഷണമായി കാണപ്പെടാം. അന്നനാളം, ആമാശയം, കരള്‍, പാന്‍ക്രിയാസ് എന്നിവയിലുള്ള അര്‍ബുദങ്ങളുടെ ആദ്യ സൂചനയാകാം ഇത്.
വയറുവേദനയും വീര്‍ക്കലും തള്ളിക്കളയരുത്
നീണ്ടുനില്‍ക്കുന്ന വയറുവേദന, വീര്‍ക്കല്‍, അല്ലെങ്കില്‍ അസ്വസ്ഥത – ഇവ വന്‍കുടല്‍ ക്യാന്‍സറിന്റെയും വയറിലെ ക്യാന്‍സറിന്റെയും ലക്ഷണങ്ങളായിരിക്കും. സ്ഥിരമായി ആവര്‍ത്തിക്കുന്നുവെങ്കില്‍ പരിശോധന ആവശ്യമാണ്.
തുടര്‍ച്ചയായ ചുമ – ശ്വാസകോശ അര്‍ബുദത്തിന്റെ സൂചന
ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന ചുമയോ ചുമയുടെ തീവ്രത വര്‍ധിക്കുന്നതോ ഉണ്ടെങ്കില്‍ അത് ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണമായേക്കാം. രക്തസ്രാവമുള്ള ചുമയും ശ്വാസതടസ്സവും ഗുരുതരമായ മുന്നറിയിപ്പുകളാണ്.
ചര്‍മ്മത്തിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കുക
പുതിയ മറുകുകള്‍, സുഖപ്പെടാത്ത വ്രണങ്ങള്‍, അല്ലെങ്കില്‍ പിഗ്മെന്റേഷനില്‍ ക്രമരഹിതത്വം – ഇവ ചര്‍മ്മ ക്യാന്‍സറിന്റെ ആദ്യ ലക്ഷണങ്ങളായിരിക്കും. മെലനോമ പോലുള്ള രോഗങ്ങള്‍ നേരത്തെ കണ്ടെത്തുന്നത് ജീവന്‍ രക്ഷിക്കാനാകും.
വിദഗ്ധര്‍ പറയുന്നു, ശരീരത്തിലെ ചെറു മാറ്റങ്ങള്‍ പോലും നിരന്തരം ശ്രദ്ധിക്കുന്നത് ക്യാന്‍സറിനെ നേരത്തെ തിരിച്ചറിയാനുള്ള മികച്ച മാര്‍ഗമാണെന്ന്. സമയബന്ധിതമായ പരിശോധനയും ആരോഗ്യമുള്ള ജീവിതശൈലിയുമാണ് പ്രതിരോധത്തിന്‍റെ പ്രധാന ആയുധം.