Latest News

വസ്ത്ര വിചാരണയിലെ പാക്ഷിക ശാസ്ത്രം

Malayalilife
topbanner
 വസ്ത്ര വിചാരണയിലെ പാക്ഷിക ശാസ്ത്രം

ഇന്നലെ:

'ജോക്കി'
ഒരു അടിവസ്ത്രമാണ്...
ജോക്കീടെ മുകള്‍പരപ്പ്
തരുണികളില്‍
ആസക്തി ഉളവാക്കും.
അവരുടെ രാവുകളെ
നാട്ടിലെ ചന്ദ്രന്മാര്‍
ഗന്ധര്‍വന്മാരായെത്തി
പകലുകളാക്കും.
അവരിലെ താരുണ്യത്തെ
ഇല്ലായ്മ ചെയ്യും.
അവരുടെ അന്തപ്പുരങ്ങളും  
ആറാടുന്ന ജലാശയങ്ങളും
കൊഴുകൊഴുപ്പുള്ളതും
വഴുവഴുപ്പുള്ളതുമാക്കും.
പൊതുയിടങ്ങളിലവര്‍
അന്ധരാകേണ്ടി വരും.  
അവരുടെ ഉഷ്ണംതിങ്ങിയ
ദീര്‍ഘനിശ്വാസങ്ങള്‍
സ്വച്ഛന്ദമായ കാറ്റിനെ
വിഷലിപ്തമാക്കും.
ഉടയാത്ത
'ഭാരതീയ സാംസ്‌കാരിക' ഭരണിക്ക്
ഉടച്ചില്‍ സംഭവിക്കും.
ആയതിനാല്‍,
ആണുടലില്‍ ആണത്തം കാട്ടി;
കുറുമ്പ് കാട്ടി നടക്കുന്ന    
ജോക്കീടെ മുകള്‍പരപ്പുകളുടെ
പൊതുജന സമക്ഷമുള്ള
അവതരണം; അഥവാ,
'ലോ വെയ്സ്റ്റ് സ്‌റ്റൈല്‍' നിരോധിച്ചും    
ലംഘനങ്ങള്‍ക്ക് ഏമാന്മാര്‍ വക
കലിതീരെ ചൂരല്‍ പ്രയോഗങ്ങള്‍
കല്‍പ്പിച്ചും ഈ കോടതി
ഇതിനാല്‍ ഉത്തരവാകുന്നു.

എന്ന്,
(ഒപ്പ്)
അഖില കേരള സദാചാര  കച്ചേരി
ഉത്തരവിന്‍പടി,
ശിരസ്തദാര്‍.

സ്ഥലം: കേരളം  
തിയ്യതി:
സദാചാരം തൂക്കിലേറുന്നതിനു
തലേനാള്‍.

ഇന്ന്:

കളത്രപ്രദേശമൊഴികെ;  
തരുണീത്തുടകള്‍, മാറിടങ്ങള്‍,
പൊക്കിള്‍, കക്ഷം, പൃഷ്ഠം
എന്നീ 'കുളിര്‍' ദേശങ്ങള്‍
ഉത്തേജനാ പ്രദേശങ്ങളോ
അവയവങ്ങളോ ആണെന്ന
നിയമനിര്‍വചന- പരിപാലന
ശാസനങ്ങളേതുമില്ലയെന്നും
ഉള്ളവ,
പേടമാന്‍തളിര്‍മേനികളില്‍
മതിഭ്രമംകൊണ്ട മനുക്കളുടെ
കാല്പനിക ശാസ്ത്രമാണെന്നും
ഈ കോടതി നിരീക്ഷിക്കുന്നു.

കൂടാതെ,
ടി പ്രദേശങ്ങളുടെ;
പച്ചയായ പെണ്ണുടലുകളിലോ
പശിമയുള്ള പ്രതലങ്ങളിലോ
ഭാഗികമോ പൂര്‍ണ്ണമോ ആയ
അനാവരണം, തരുണികളുടെ  
ജന്മാവകാശമാണെന്നും
തന്മൂലം,
നിയന്ത്രണവും താരുണ്യവും
നഷ്ടമാകുന്ന തരുണര്‍ക്ക്
ഓജസ്, സമയം, മാനം തുടങ്ങിയ
വ്യയങ്ങള്‍ക്കു നഷ്ടപരിഹാരത്തിന്
അര്‍ഹതയില്ലെന്നും
കോടതി കണ്ടെത്തിയിരിക്കുന്നു.

ആയതിനാല്‍,  
തരുണന്‍ ആകാശം എന്നിവര്
തരുണീ ഭൂമിക്കെതിരെ സമര്‍പ്പിച്ച
മേല്‍ നമ്പര്‍ ഹര്‍ജിയില്‍  
അശ്‌ളീല- ആഭാസ- നഗ്‌നതാ
പ്രദര്‍ശന നിരോധന നിയമം
അനുവദിക്കാനാവില്ലെന്നും
പെണ്ണുടലില്‍ പുതഞ്ഞുക്കിടക്കുന്ന
ബ്രാവള്ളിയോ ബ്രാതന്നെയോയുള്ള
'പൊതുജന സമക്ഷ പ്രദര്‍ശനം'
കുറ്റകരമല്ലെന്നും കണ്ടു
ടി ഹര്‍ജി റദ്ദ് ചെയ്ത് ഉത്തരവാകുന്നു.

എന്ന്,
(ഒപ്പ്)
അഖില കേരള-
ദുരാചാര നിര്‍മാര്‍ജന കച്ചേരി
ഉത്തരവിന്‍പടി,
ശിരസ്തദാര്‍.

സ്ഥലം: കേരളം  
തിയ്യതി:
സദാചാരം തൂക്കിലേറ്റപ്പെട്ട നാള്‍.

സതീഷ് കളത്തില്‍.
കളത്തില്‍ (H), ശങ്കരയ്യ റോഡ്,
പി.ഓ. പൂത്തോള്‍, തൃശ്ശൂര്‍- 680 004
9446 761 243, 7012 490551

Read more topics: # സദാചാരം
Sathish Kalathil poem

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES