സജ്നയ്ക്കായി മറ്റുള്ളവര്‍ നല്കുന്ന ഔദാര്യത്തില്‍ അസഹിഷ്ണുക്കളാകുന്ന നിങ്ങള്‍ സമൂഹത്തില്‍ കണ്‍മുന്നില്‍ നടക്കുന്ന ചൂഷണങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നതില്‍ എന്ത് നീതി? അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

Malayalilife
topbanner
 സജ്നയ്ക്കായി മറ്റുള്ളവര്‍ നല്കുന്ന ഔദാര്യത്തില്‍ അസഹിഷ്ണുക്കളാകുന്ന നിങ്ങള്‍ സമൂഹത്തില്‍ കണ്‍മുന്നില്‍ നടക്കുന്ന ചൂഷണങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നതില്‍ എന്ത് നീതി? അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാര്‍വതി പ്രഭീഷ്

ട്രാന്‍സ്ജെന്‍ഡറായ സജ്നാ ഷാജിയുമായി ബന്ധപ്പെട്ട വിവാദമാണല്ലോ എങ്ങും. പതിവു പോലെ സോഷ്യല്‍മീഡിയയാകുന്ന നീതിനിര്‍വ്വഹണക്കോടതിയില്‍ മജിസ്ട്രേറ്റിന്റെ കുപ്പായമണിഞ്ഞ് വിധിയെഴുത്ത് തുടങ്ങികഴിഞ്ഞു സകലമാന മലയാളികളും. അതുപിന്നെയങ്ങനെയാണല്ലോ! ഭൂമിയിലെങ്ങാനും ഒരനീതി നടന്നാല്‍ സൂര്യനസ്തമിക്കുന്നതിനു മുന്നേ സ്റ്റാറ്റസിടുന്നത് ഇന്നിന്റെ നടപ്പുരീതിയാണല്ലോ. ഒരു കൈക്കൊകോടികളുടെ അഴിമതി നടത്തിയവരെ നമ്മള്‍ സിംഹാസനത്തിലിരുത്തി വാഴിക്കുന്നു; അതേ നമ്മള്‍ സജ്നാ ഷാജിമാരുടെ ചെറുപിഴവിനെ കീറി മുറിച്ച് വിചാരണ ചെയ്യുന്നു; സജ്നയ്ക്കായി മറ്റുള്ളവര്‍ നല്കുന്ന ഔദാര്യത്തില്‍ അസഹിഷ്ണുക്കളാകുന്ന നിങ്ങള്‍ സമൂഹത്തില്‍ കണ്‍മുന്നില്‍ നടക്കുന്ന ചൂഷണങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നതില്‍ എന്ത് നീതി? അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നുണ്ട് വല്ലാതെ സ്നേഹിച്ച് തലോടി മറുകൈ കൊണ്ട് ചെവിക്കുറ്റിക്കടിക്കുന്ന പ്രവണത നമ്മള്‍ മലയാളികള്‍ക്കിടയിലെ ഫാഷനാണ്. സജ്നയുടെ കാര്യത്തില്‍ സംഭവിച്ചതും അതാണ്.

തന്നെ പോലുള്ള ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് മാന്യമായി തൊഴിലെടുത്ത് ജീവിക്കാന്‍ പോലും ഈ സമൂഹം അനുവദിക്കുന്നില്ലായെന്നും പറഞ്ഞ് കരഞ്ഞ് ലൈവില്‍ വന്ന സജ്ന സമൂഹമനസാക്ഷിയെ നോവിച്ചുവെന്നത് നേര്.അതിനാല്‍തന്നെ അവരില്‍ നിന്നും ഇലപൊതി ഊണും ബിരിയാണിയും വാങ്ങണമെന്ന തരത്തിലെ ക്യാമ്പയിന്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായി. അതോടൊപ്പം സുമനസ്സുള്ള ചിലര്‍ അവരുടെ മുന്നോട്ടുള്ള സംരംഭത്തിന് സഹായഹസ്തവുമായി വരികയും ചെയ്തു. കഥ ശുഭപര്യവസായി അവിടെ തീരേണ്ടതാണ്. പക്ഷേ ചില ഓഡിയോ ക്ലിപ്പുകളുടെ ബലത്തില്‍ സമൂഹത്തെ കമ്പളിപ്പിച്ച് അവര്‍ നാടകം കളിച്ചുവെന്ന രീതിയിലായി പുതിയ വിവാദം. ഒടുക്കം അമിതമായി ഉറക്കഗുളിക കഴിച്ച് സജ്ന ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലുമായി

ഇവിടെ ആരാണ് ശരി? ആരാണ് തെറ്റ്? ആ ലൈവ് വരുവാന്‍ കാരണമായ സംഭവം ഒരു നാടകമായിരുന്നോ? അല്ല! അന്നത്തെ വഴിയോരക്കച്ചവടത്തില്‍ ബാക്കിയായ ബിരിയാണി പായ്ക്കറ്റുകളും സത്യമാണ്. അങ്ങനെയൊരു പ്രശ്നം അവര്‍ നേരിട്ടപ്പോഴാണ് അവര്‍ ലൈവ് വന്നത്. ആ ലൈവ് വൈറലായതോടെ പിന്തുണയും ലഭിച്ചു. ചിലപ്പോള്‍ ആ വീഡിയോ വൈറലാകാന്‍ വേണ്ടി കൂടുതല്‍ വൈകാരികമായി അവര്‍ അഭിനയിച്ചിരിക്കാം. കൂടുതല്‍ ജനപിന്തുണ കിട്ടിയപ്പോള്‍ സ്വന്തമായി ഒരു വീട് കൂടെ കിട്ടുന്നെങ്കില്‍ കിട്ടട്ടേയെന്നും ആഗ്രഹിച്ചിരിക്കാം. അത് മുതലാക്കാന്‍ ചില സോ കോള്‍ഡ് നന്മമരങ്ങളും ശ്രമിച്ചിരിക്കാം. ഇതില്‍ സുശാന്ത് നിലമ്പൂരിന്റെ ഇടപെടല്‍ തീര്‍ത്തും സംശയകരമാണ്. ആ ഇടപെടലും പതിനഞ്ചുലക്ഷം വാഗ്ദാനവുമാണ് സജ്നയെ കെണിയില്‍ വീഴ്ത്തിയത്.

ട്രാന്‍സ്ജെന്‍ഡറുകള്‍ക്കിടയില്‍ തന്നെ നല്ല രീതിയില്‍ ചേരിപ്പോരുണ്ട്. അത് കഴിഞ്ഞ കുറേ നാളുകളായി നമ്മള്‍ സോഷ്യല്‍മീഡിയയിലൂടെയും മറ്റും കാണുന്നുമുണ്ട്. ഈ സജ്നയുടെ ഓഡിയോ ക്ലിപ്പ് പുറത്തായതിനുപിന്നിലും ഇതേ ചേരിപ്പോരു തന്നെയാണ്. ട്രാന്‍സ്ജെന്‍സറുകള്‍ക്കിടയില്‍ സെലിബ്രിറ്റി സ്റ്റാറ്റസ് പേറുന്നവരുണ്ട്; അതല്ലാതെ ഒരു നേരത്തെ ഭക്ഷണത്തിനായി ഭിക്ഷ യാചിക്കുന്നവരുമുണ്ട്. ഇന്ന് സിനിമാമേഖലയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായി തിളങ്ങി നില്ക്കുന്ന പലരും ഒരുകാലത്ത് നരകയാതന നേരിട്ട ട്രാന്‍സുകളാണ്. സിനിമാമേഖലയിലുള്ളവരുടെ, പ്രമുഖ താരങ്ങളുടെ അനുഭാവപൂര്‍വ്വമായ ഇടപെടലുകളാണ് അവരെ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളാക്കി മാറ്റിയതും ഇന്നവരനുഭവിക്കുന്ന സകല സേഫ് സോണുകള്‍ക്കും കാരണവും.

അതേ അനുഭാവപൂര്‍ണ്ണമായ ഇടപെടലാണ് നടന്‍ ജയസൂര്യ സജ്നയ്ക്കായി നടത്തിയത്. അത് അവര്‍ക്ക് ഹോട്ടല്‍ തുടങ്ങാനുള്ള സഹായമാണ് താനും. ഇപ്പോള്‍ സജ്നയ്ക്കെതിരെ കടുത്ത ആരോപണവുമായി മുന്നില്‍ നില്ക്കുന്നതും പ്രമുഖരായ ചില ട്രാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളാണ് എന്നതും ചേര്‍ത്തുവായിക്കണം. അപ്രഖ്യാപിത ആക്ടിവിസ്റ്റുകള്‍ കൂടിയാണവരില്‍ പലരും. ട്രാന്‍സ് കമ്മ്യൂണിറ്റിക്ക് കിട്ടേണ്ടുന്ന അനുകൂല്യങ്ങള്‍ അവരുടെ കൈകളില്‍ കൂടിയും അല്ലെങ്കില്‍ അവര്‍ ചെയ്തു കൊടുത്തതായി മാത്രമേ പൊതുസമൂഹം അറിയാവൂ എന്ന നിര്‍ബന്ധബുദ്ധിയുള്ളവര്‍. ചാനലുകളിലും നവോത്ഥാനറാലികളിലും കസേര അലങ്കരിക്കുന്ന ഇക്കൂട്ടര്‍ക്ക് വ്യക്തമായ പൊളിറ്റിക്കല്‍ അജണ്ടയും പ്ലാനുമുണ്ട്. ഇവര്‍ക്ക് മുകളില്‍ കൂടി അതേ കമ്മ്യൂണിറ്റിയിലെ ആരും വലുതാവുന്നത് ഇഷ്ടമല്ലാത്തവര്‍. ഇവിടെയാണ് സീമാ വിനീതിനെപ്പോലുള്ള ഒറ്റയാള്‍പ്പോരാളികള്‍ വ്യത്യസ്തമാകുന്നത്.

അഭ്രപാളിയിലെ മേരിക്കുട്ടിയെ കണ്ട് സഹതാപം ചൊരിഞ്ഞവരാണ് നമ്മളിലേറിയ പങ്കും. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തിലെ മേരിക്കുട്ടിമാരെ കിട്ടുന്ന അവസരം മുതലാക്കി നന്നായി വേദനിപ്പിക്കുകയും ചെയ്യും. ഒരുപാട് പരാധീനതകള്‍ക്കിടയില്‍, അപഹാസ്യങ്ങള്‍ക്കിടയില്‍ ജീവിച്ചുപ്പോരുന്ന യഥാര്‍ത്ഥ ട്രാന്‍സ്ജെന്‍ഡറിന്റെ പ്രതീകമാണ് സജ്ന. തൊഴിലെടുത്ത് ജീവിക്കാനുള്ള അവസരത്തിനുവേണ്ടിയാണ് അവര്‍ ലൈവ് വന്നതെങ്കില്‍ കൂടി വെറുതെ സഹായിക്കണേയെന്നവര്‍ പറഞ്ഞില്ല.അവരുടെ വഴിയോരക്കച്ചവടത്തില്‍ ഒരു കൈതാങ്ങ് മാത്രമാണ് ആവശ്യപ്പെട്ടത്. ഇനി ഒരുപക്ഷേ വീഡിയോ ചെയ്തത് ആരെങ്കിലും ഉപദേശിച്ചിട്ട് തന്നെ ആയിരിക്കാം ; ആരെങ്കിലും പണം നല്‍കി സഹായിക്കും എന്നും പറഞ്ഞു കാണും. അതിനിത്രവലിയ സോഷ്യന്‍ ഓഡിറ്റിങ്ങിന്റെ ആവശ്യമുണ്ടോ? ഇത്ര വലിയ ജനകീയ വിചാരണ വേണമോ? തീര്‍ത്തും കാപട്യം അറിയാത്തതുകൊണ്ടായിരിക്കില്ലേ വിശ്വാസത്തോടെ തീര്‍ത്ഥയെന്ന ട്രാന്‍സിനോട് അത് കാര്യങ്ങളൊക്കെ ഫോണില്‍ വിളിച്ച് സംസാരിച്ചത് .ആ ഫോണ്‍ സംഭാഷണം പുറത്ത് വിട്ടവര്‍ക്ക് അതുകൊണ്ടെന്ത് കിട്ടി?

ഇവിടെ കണ്‍മുന്നില്‍ കോടികളുടെ അഴിമതി നടത്തിയവരെ നമ്മള്‍ സിംഹാസനത്തിലിരുത്തി വാഴിക്കുന്നു. സാധാരണക്കാരുടെ നികുതിപ്പണം വരെ വെട്ടിച്ച് കുംഭ വീര്‍പ്പിക്കുന്നവരെ മുടങ്ങാതെ വോട്ടു ചെയ്ത് അധികാരത്തിലെത്തിക്കുന്നു. തൊട്ടതിനും പിടിച്ചതിനുമെല്ലാം ബക്കറ്റുപ്പിരിവു നടത്തി സ്വന്തം കീശ വീര്‍പ്പിക്കുന്ന രാഷ്ട്രീയപ്രബുദ്ധതയെ അംഗീകരിക്കുന്നു. പ്രളയത്തിന്റെ പേരില്‍ പോലും കാരുണ്യം വിറ്റ് കലാപരിപാടി നടത്തിയവര്‍ നവോത്ഥാനനായകന്മാരായി അരങ്ങുവാഴുന്നു. രാഷ്ട്രീയലക്ഷ്യം മാത്രം വച്ച് നന്മമരമായി അരങ്ങുവാഴുന്ന ശുഭ്രവസ്ത്രധാരികള്‍ പി.ആര്‍ വര്‍ക്കിലൂടെ സമര്‍ത്ഥമായി ജനങ്ങളെ പറ്റിക്കുന്നു. എങ്ങും ചോദ്യമില്ലാത്ത തൊമ്മിക്കുഞ്ഞുങ്ങളായി നില്ക്കുന്ന അതേ നമ്മള്‍ സജ്നാ ഷാജിമാരുടെ ചെറു പിഴവിനെ കീറി മുറിച്ച് വിചാരണചെയ്ത് ആത്മരതിയടയുന്നു.സജ്ന ചെറിയ തെറ്റാവാം; ഒരു പക്ഷേ ശരിയുമാവാം. അതിനെ അതിന്റെ വഴിക്ക് ജീവിക്കാന്‍ അനുവദിക്കുക. സജ്നയ്ക്കായി മറ്റുള്ളവര്‍ നല്കുന്ന ഔദാര്യത്തില്‍ അസഹിഷ്ണുക്കളാകുന്ന നിങ്ങള്‍ സമൂഹത്തില്‍ കണ്‍മുന്നില്‍ നടക്കുന്ന ചൂഷണങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നതില്‍ എന്ത് നീതി? എന്ത് ധാര്‍മ്മികത?കാക്ക നെല്ല് തിന്നുന്നത് കോഴിക്ക് കണ്ടു കൂടായെന്നു പറയുന്നതുപോലെയാണ് സജ്നയ്ക്കെതിരെ വാളെടുക്കുന്നവരെന്ന് മനസ്സിലാക്കുക പൊതുസമൂഹമേ!
വളര്‍ത്തിയതും നീയേ ചാപ്പാ
കൊല്ലിക്കുന്നതും നീയേ ചാപ്പാ!

sajna shaji issue anju parvathi prabheesh writes

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES