ജോയ്സ് വര്‍ഗീസ് കാനഡ
അനന്തമായ ആകാശത്തിനും നിയതമായ ഭൂമിക്കുമിടയില്‍ സുശീലയും ഓണത്തിരക്കുകളില്‍ ഓടി നടന്നു. സ്പന്ദിക്കുന്ന ജീവബിന്ദുക്കളിലെല്ലാം ഓണം എന്ന മന്ത്രം മാത്രം തുടിച്ചു.
കര്‍ക്കിട മഴയില്‍ പൊടിച്ച പുല്ലു ചെത്തിക്കോരി പഴയ തറവാടിന്റെ മുറ്റത്തിന്റെ അരികുകള്‍ വൃത്തിയാക്കിയിരിക്കുന്നു. ഒതുക്കു കല്ലിലെ പൂപ്പല്‍ എത്ര ഉരച്ചു കളഞ്ഞിട്ടും സുശീലക്കു തൃപ്തി തോന്നിയില്ല.
നവവധുവിനെ പോലെ തറവാടും തൊടിയും അണിഞ്ഞൊരുങ്ങുന്നത് ഓണത്തിനു മാത്രം.
തൊടിയില്‍ തുമ്പപ്പൂവും കൊങ്ങിണിപ്പൂവും കിണറ്റിന്‍ കരയില്‍ മുക്കുറ്റിപ്പൂവും ഓണത്തിന് വിരുന്നെത്തിയിരിക്കുന്നു.
മുററത്തെ വാടാര്‍മല്ലിയും കോളാമ്പിയും പവിഴമല്ലിയും ചെണ്ടുമല്ലിയും തെച്ചിയും ചെമ്പരത്തിയും മന്ദാരവും വയലറ്റും മഞ്ഞയും ചുവപ്പും വെള്ളയും പൂക്കള്‍ ചൂടി നില്‍ക്കുന്നു.
ചാണകം മെഴുകിയ മുററത്തു പൂക്കളമിട്ടിരുന്ന ഈ തറവാട്ടിലെ കുട്ടികള്‍ക്കൊപ്പം താനുമുണ്ടായിരുന്നു. വേലക്കാരിയുടെ മകളായിട്ടില്ല, സുശീല അവരുടെ കളിക്കൂട്ടുകാരി കൂടിയായിരുന്നു. മക്കള്‍ എല്ലാവരും ഉദ്യോഗവും വിവാഹവുമായി വലിയ തറവാട്ടില്‍ നിന്നും പറന്നു പോയിരിക്കുന്നു.
ആ വീട്ടില്‍, പല മുറികളും ഭാരമേറിയ ചേര്‍ത്തടച്ച മരവാതിലുകള്‍ക്കു പിറകല്‍ ഇരട്ടും മാറാലയും പൊടിയും കുടിപ്പാര്‍ത്തു.
ജനാലയഴികളിലും മരസ്സാമാനങ്ങളിലും ചേക്കേറിയ പ്രാണികളും ഇരട്ടവാലന്‍ പുഴുക്കളും ഇരുട്ടിലും പൊടിയിലും യഥേഷ്ടം വിഹരിച്ചു.
ചാക്രിക ചലനം പോലെ തറവാട്ടില്‍, തന്റെ അമ്മയ്ക്കു ശേഷം സുശീല ജോലികള്‍ ഏറെറടുത്തു. വീടു നിറയുന്ന ദിവസത്തിനു മുന്നൊരുക്കമായി, ദ്രവിച്ച ജനാലക്കീറുകള്‍ കരഞ്ഞു തുറന്നു മലര്‍ന്നു. സുശീല വൃത്തിയാക്കി തുറന്നിട്ട ജനാലയുടെ മരയഴികളിലൂടെ മുറികളില്‍ ഓണവെയില്‍ ഒളിച്ചു നോക്കി. കടന്നെത്തിയ വെളിച്ചം, മുറികളുടെ തറയില്‍ ജനാലയഴികളുടെ നിഴല്‍ ചിത്രം തീര്‍ത്തു.
മക്കള്‍ ദൂരെയായപ്പോള്‍, ഒററപ്പെട്ടുപ്പോയ കരുണന്‍ മാഷും മാധവേടത്തിയും മാത്രമുള്ള തറവാട്. അവരെ മകളെ പോലെ നോക്കാന്‍, അവരുടെ ശാഠ്യങ്ങള്‍ക്കു ഒപ്പം നില്‍ക്കാന്‍, മനസ്സു തുറക്കലുകള്‍ക്ക് കാതു ചേര്‍ക്കാന്‍, ചെറിയ യാത്രകള്‍ക്കു കൂട്ടു പോകാന്‍, സ്‌നേഹപൂര്‍വ്വം ശാസിക്കാന്‍ ഇപ്പോള്‍ സുശീല മാത്രം.
ധൃതിയില്‍ ജോലികള്‍ തീര്‍ത്തു വെയ്ക്കുമ്പോഴും സുശീലയുടെ മനസ്സില്‍ അമ്മയെ കാത്തിരിക്കുന്ന തന്റെ രണ്ടു പെണ്‍മക്കളുടെയും വൃദ്ധമായ അമ്മയുടെയും ചിന്തകള്‍ അലട്ടി.
ചെറിയ ഉരുളികളില്‍ നിറഞ്ഞ കാളനും എരിശ്ശേരിയും കൂട്ടുക്കറിയും
മാമ്പഴപുളിശ്ശേരിയും മാങ്ങാക്കറിയും വാഴയില മുറിച്ചെടുത്തു മൂടിവെച്ചു. ഇലയുടെ പച്ചപ്പിനടിയില്‍ സ്വാദും മണവും കൂട്ടിക്കലര്‍ന്നു. മണ്‍ക്കലങ്ങളിലെ പുളിയിഞ്ചിയും നാരങ്ങക്കറിയും കഴുത്തിലെ നേര്‍ത്ത വെള്ളത്തുണിക്കെട്ടുമായി സുശീലയുടെ കൈപ്പുണ്യമായി, മണം പരത്തി.
ഒരാഴ്ചയായി, ഉരുളിയിലെ കാഞ്ഞ വെളിച്ചെണ്ണയില്‍ മൊരിഞ്ഞു കോരിയ കായുപ്പേരിയും ശര്‍ക്കരവരട്ടിയും വലിയ ചില്ലു ഭരണികളില്‍ അറ നിറച്ചു.
'മക്കള്‍ക്ക് തിരിച്ചു പോകുമ്പോള്‍, കൊടുത്തയക്കാനുള്ളത് പൊതിഞ്ഞു വെച്ചോ സുശീലെ?, നേര്യേതിന്റെ ചുളിവുകള്‍ വലിച്ചിട്ടു മാധവേടത്തി ചോദിച്ചു.
'അതൊക്കെ ഇന്നലെ തന്നെ ചെയ്തു. ഇനി പായസത്തിനുള്ളതു ഒരുക്കി വെക്കണം. ബാക്കി കൂട്ടാനും പായസോം നാളെ ശര്യാക്കാം', അവള്‍ പറഞ്ഞു.
വലിയ ഉരുളികളും ചെമ്പും തവികളും ആയാസപ്പെട്ടു മച്ചിന്‍ മുകളില്‍ നിന്നും അവള്‍ വലിച്ചിറക്കി, കിണറ്റിങ്കരയിലേക്ക് ചുമന്നു.
'എന്തിനാ ഇതൊക്കെ ഒററക്കു ചെയ്യണ്യ കുട്ടി, സഹായത്തിനു പറമ്പു പണിക്കാരെ ആരെങ്കിലും വിളിയ്ക്കാര്‍ന്നില്ലെ? കോലായില്‍ നിന്നും കരുണന്‍ മാഷ് വിളിച്ചു ചോദിച്ചു.
'അവരൊക്കെ ഇന്നിത്തിരി നേരത്തെ പോയി, ഉത്രാടല്ലെ', അവള്‍ തനിക്ക് വീട്ടില്‍ ചെയ്തു തീര്‍ക്കാനുള്ളവയുടെ പട്ടികയിലൂടെ ഒരാവര്‍ത്തി കടന്നുപ്പോയി.
'രാഘവേട്ടന്റെ തുന്നല്‍ക്കട അടക്ക്വോ ആവോ?, കുട്ടികള്‍ ഓണപ്പുടവയ്ക്കു കാത്തിരിക്ക്ണുണ്ടാവും അമ്മേടെ മരുന്നു വാങ്ങണം പച്ചക്കറിയും വെളിച്ചെണ്ണയും പപ്പടവും വാങ്ങണം.'
ഉരുളികളില്‍ ചാരവും ചകിരിയും ചേര്‍ത്തുരഞ്ഞു. വിയര്‍പ്പു മുത്തുമണികളായി സുശീലയുടെ മുഖത്തും കഴുത്തിലും തങ്ങി നിന്നു. ഒഴുകിയിറങ്ങിയ വിയര്‍പ്പു ദേഹം നനച്ചു. വലിയ പാത്രങ്ങളില്‍, മുക്കിയൊഴിച്ച വെള്ളം തെറിച്ചു വസ്ത്രങ്ങള്‍ കാല്‍മുട്ടിനു താഴെ നനഞ്ഞൊട്ടി
കിഴക്കെ മുററത്തു ഉണക്കാനിട്ട വിറകു തണുത്തു തുടങ്ങിയിരിക്കുന്നു. അവള്‍ കഴുകി വെളുപ്പിച്ച പാത്രങ്ങള്‍ അടുക്കള കോലായില്‍ കയറ്റി വെച്ചു, ധൃതിയില്‍ ഉണക്കാനിട്ട വിറകു വാരിക്കൂട്ടി.
വെയില്‍ പിന്‍വാങ്ങി സന്ധ്യ പരക്കാന്‍ തുടങ്ങിയിരുന്നു
'മതി... സുശീലേ, ബാക്കി പണി നാള്യാവാം, നല്ലോണം സന്ധ്യാവുണു ', മാധവേടത്തി മുറ്റത്തേക്കിറങ്ങി.
'എന്തിനാ... വയ്യാണ്ട് ഈ ചവിട്ടുപ്പടിയൊക്കെ കയറിയെറങ്ങണെ?', വല്ലോടോം തട്ടിത്തടഞ്ഞു വീണാല് മക്കളു് എന്ന്വാ പറയാട്ടാ, സുശീല ഉറക്കെ ചിരിച്ചു.
' ഹും... ഹും, എനിക്കൊന്നും വരില്ല, നീ ദേവൂനോടും കുട്ട്യോളോടും ഓണുമുണ്ണാന്‍ വരാന്‍ പറയണം ട്ടോ ', അവര്‍ വീണ്ടും സുശീലയെ ഓര്‍മ്മിപ്പിച്ചു.
'അയ്യോ... അമ്മക്ക് തീരെ നടക്കാന്‍ വയ്യ. ഇത്രടം വരാന്‍ ബുദ്ധിമുട്ടാകും, വയസ്സായില്ലെ? അവര്‍ക്കെന്തെങ്കിലും ഞാന്‍ വെച്ചുണ്ടാക്കി കൊടുക്കാം. ', സുശീലയുടെ സ്വരം നെടുവീര്‍പ്പില്‍ ചിലമ്പിച്ചു നേര്‍ത്തു.
'എന്നാല് തയ്യാറായേന്ന് ഇച്ചിരിയെടുത്തു ഞാന്‍ തന്നയക്കാം. നിനക്കു നാളെ നേരത്തെ പണിക്ക് വരേണ്ടതല്ലെ... ന്നാലും കുട്ട്യോളോടു എന്തായാലും വരാന്‍ പറയണം. അശോകനും ഭാര്യേം നാളെ പുലര്‍ച്ചെ വണ്ടിക്കെത്തും. '
സുശീല പുഞ്ചിരിച്ചു. മാധവേടത്തിയുടെ കണ്ണില്‍, മാതൃഭാവങ്ങള്‍ തിരയിളക്കുന്നതവള്‍ കണ്ടു.
വീട്ടിലെ ഏകമകന്‍, അശോകന്‍.എത്ര തിരക്കിലും ഓണത്തിനു അവധിയെടുത്തു അയാളും ഭാര്യയും ദല്‍ഹിയില്‍ നിന്നും വീട്ടിലെത്തും. താനില്ലെങ്കില്‍ അച്ഛനുമമ്മയ്ക്കും ഓണമുണ്ടാകില്ലെന്നു അയാള്‍ക്കറിയാം. അശോകനും സഹോദരിമാരും കുട്ടികളും കൂട്ടുകാരും ഒത്തുകൂടുന്ന ചുരുക്കം ദിവസങ്ങളുടെ ഓര്‍മ്മകള്‍, പൊന്നോണ്ണമായി ഒരാണ്ടു പേറുന്ന വൃദ്ധ ദമ്പതികളുടെ മനസ്സു തന്നോളം വേറെ ആരാണ് മനസ്സിലാക്കിയിട്ടുണ്ടാവുക?, സുശീല സ്വയം ചോദിച്ചു.
പക്ഷെ ഉത്തരത്തിനായി അവള്‍ കാത്തു നിന്നില്ല. അവളെ ചൂഴ്ന്നിറങ്ങുന്ന ഉത്തരവാദിത്വങ്ങള്‍ അവളുടെ കാലുകളെ വേഗത്തില്‍ ചലിപ്പിച്ചു കൊണ്ടിരുന്നു.
മാധവേട്ടത്തി മരയലമാരയിലെ അടക്കു പാത്രങ്ങള്‍ തിരഞ്ഞു. സ്റ്റീല്‍ പാത്രത്തിന്റെ അടുക്കുകളില്‍ കറികള്‍ നിറച്ചു.
'കുട്ട്യോള്‍ക്കു കൊടുക്ക്', കടലാസ്സുപ്പൊതികളില്‍ വറവു പലഹാരം ഉരസ്സി ശബ്ദമുണ്ടാക്കി.
'നാളെ ഞാന്‍ നേരത്തെ വരാം ട്ടോ', തനിക്കു പിറകില്‍ നടന്നെത്തിയ മാധവേടത്തിയോടവള്‍ പറഞ്ഞു.
'മരുന്നു കഴിക്കാന്‍ മറക്കണ്ട, മാഷെ, ചൂടുവെള്ളം ഊണുമേശമേലുണ്ട്, പാത്രങ്ങള്‍ തൂക്കി,
ചവിട്ടുപ്പടി ഇറങ്ങുന്നതിനിടയില്‍, ഉമ്മറത്തെ ചാരുപ്പടിയില്‍ ചാരിയിരിക്കുന്ന മാഷെ അവള്‍ ഓര്‍മ്മിപ്പിച്ചു.
'ങും... അയാള്‍ തലയാട്ടി. നടന്നു നീങ്ങുന്ന അവളെ പിന്തുടരുന്ന അവരുടെ കണ്ണകളില്‍ സഹതാപം നങ്കൂരമിട്ടു.
' പാവം...,അവള്‍ തന്നെ എല്ലാടത്തും ഓടിയെത്തേണ്ടെ?, അയാളുടെ സ്വരമിടറി.
ദേവുവിന്റെ മകള്‍ സുശീലയ്ക്കു വിവാഹാലോചന നടത്തിയത്, മാഷും ഭാര്യയുമായിരുന്നു. പണി അന്വേഷിച്ചെത്തിയ ബാല്യക്കാരന്‍. നാടും വീടുമില്ലാത്ത യുവാവ് നല്ലൊരു പണിക്കാരനാണെന്ന് മാഷ്‌ക്കു തോന്നി. അവന്‍ സുശീലയ്ക്കു നല്ല ഭര്‍ത്താവും വീട്ടിലെ ആണ്‍ തുണയുമാകുമെന്നയാള്‍ കരുതി. സുശീലയുടെ അമ്മ ദേവുവിന്റെ സമ്മതം തേടാന്‍ ഭാര്യയെ മാഷ് ഏല്പിച്ചു
'ഓനെ നമ്മുടെ സുശീലയ്ക്കു കല്യാണം ആലോചിച്ചാലോ എന്നാ മാഷു പറയണെ, ദേവുവിനോടു മാധവിയേട്ടത്തി പറഞ്ഞു.
'നല്ലതാണെന്ന് നിങ്ങള്‍കൊക്കെ തോന്നാണെങ്കിലു് അങ്ങനെ നടക്കട്ടെ, ഇനിയൊക്കെ അവളുടെ യോഗം പോലെ', ദേവു എന്ന നിര്‍ധനയായ അമ്മയ്ക്ക് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല.
എവിടെയാണ് കണക്കുകൂട്ടലുകള്‍ പിഴച്ചത്? മാഷ് ആലോചിച്ചു. കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറെറടുക്കാന്‍ വിമുഖത കാണിക്കുന്ന സുശീലയുടെ ഭര്‍ത്താവിനെ പലപ്പോഴും നേര്‍വഴിക്ക് നയിക്കാന്‍ ശ്രമിച്ചെങ്കിലും നാടോടിയായ അയാള്‍ക്ക് ഒരിടത്തു ഒതുങ്ങി താമസിക്കാന്‍ വേഗം തന്നെ താല്പര്യമില്ലാതായി.
'അയാള് പോയി മാധവേട്ടത്തി, കെഴക്കന്‍ മലയിലേക്ക് പണിക്കു പോണൂന്നാ പറഞ്ഞെ ', അവളെ ചുറ്റിപ്പറ്റി നില്‍ക്കുന്ന മകളുടെ തലമുടിയില്‍ തലോടി സുശീല പറഞ്ഞു. അവളുടെ ഉദരത്തില്‍ തുടിക്കുന്ന മറെറാരു ജീവന്‍കൂടി അയാള്‍ അനാഥമാക്കിയിരുന്നു.
നീരുവന്ന കാല്‍പ്പാദം വലിച്ചു നീങ്ങുന്ന സുശീല, പിഴച്ചു പോയ കണക്കുകളിലെ കത്രികപ്പൂട്ടെന്നെ തിരിച്ചറിവില്‍ ദേവുവും മാഷും മാധവിയേട്ടത്തിയും നീറി.
ദിവസങ്ങള്‍ ഇരുട്ടി വെളുത്തു, ഋതുക്കള്‍ മാറി മറഞ്ഞു.
'അവനിനി വരില്യാന്ന് തോന്നുണു', കാത്തിരിപ്പിന്റെ അറ്റമില്ലാത്ത ചരടില്‍ പിടിച്ചു നടന്നവര്‍ പറഞ്ഞു.
'പാവം... അവന്‍ ആ പെണ്ണിനെ കഷ്ടത്തിലാക്കി, നാട്ടുകാര്‍ അടക്കം പറഞ്ഞു. ചിലര്‍ പരിഹസിച്ചു ചിരിച്ചു. സഹതാപവും പരിഹാസവും ഇരുത്തല മൂര്‍ച്ചയുള്ള വാളായി ചെറുപ്പക്കാരിയായ സുശീലയ്ക്കു ചുറ്റും സീല്‍ക്കാരമുയര്‍ത്തു. എന്തിനേയും പ്രതിരോധിക്കുന്ന പടച്ചട്ടയായി മൗനം കനത്തു. തന്നെ മാത്രം ആശ്രയിക്കുന്ന അമ്മയുടെയും പെണ്‍മക്കളുടേയും ആവശ്യങ്ങള്‍, തന്റെ കടമകള്‍ മാത്രമായി, അവള്‍ എടുത്തണിഞ്ഞു. ആ യുദ്ധത്തില്‍ ഒരു നിമിഷം പതറാതെ , ഒററയാള്‍പ്പടയായി അവള്‍ പോരാടി.
ഉത്രാട തിരക്ക് കവലയിലെ കടകളില്‍ ആളുകളെ നിറച്ചു. രാഘവേട്ടന്റെ കടയില്‍ മുനിഞ്ഞു കത്തുന്ന ബള്‍ബിനു താഴെ വീതിയുള്ള തയ്യല്‍ മേശയില്‍ സുശീലക്കുള്ള തുണിപ്പൊതി അയാള്‍ കരുതി വെച്ചിരുന്നു. ബീഡിക്കറയുള്ള ചുണ്ടില്‍ ചിരിപ്പരത്തി, സുശീലക്കു അതെടുത്തു കൊടുത്തു.
' രാഘവേട്ടന്റെ ഓണക്കോടിയുടെ തയ്‌പ്പൊക്കെ നന്നായോ എന്ന് കുട്ട്യോളോട് ചോദിക്കണം. നിന്റെ കൂടി തുണി തന്നിട്ടു വേണം, എനിക്ക് വീട്ടില്‍ പോകാന്‍ ', പഴയ തയ്യല്‍ മെഷീന്‍ വൃത്തിയാക്കി അയാള്‍ പറഞ്ഞു.
'കൊറച്ചു കൂടി നേരത്തെ ഇറങ്ങണം എന്നു കരുതീതാ... പറ്റീല്യ രാഘവേട്ടാ', അവളുടെ സ്വരം നേര്‍ത്തു.
'ഏയ്... സാരല്യാന്ന്, എനിക്ക് പണ്ടത്തെപ്പോലെ വല്യ തിരക്കൊന്നൂല്യ, ഇപ്പോ, എല്ലാവര്‍ക്കും റെഡിമെയ്ഡ് തുണി മതീല്യേ?, അയാളുടെ കണ്ണിലെ നരച്ച കൃഷ്ണമണികള്‍ വട്ടം കറങ്ങി.
സുശീല വെറുതെ ചിരിച്ചു.
'നിനക്ക് പിടിപ്പതു പണി കാണില്ലെ? മാഷ്ടെ മക്കളൊക്കെ ഓണത്തിനു എത്തില്ലെ?
'ഉം..., എല്ലാവരും വരും. എന്നാ പിന്നെ കാണാം, എനിക്കൊന്നു കടയില്‍ പോകണം', അവള്‍ കവലയിലെ മറ്റൊരു കടയിലേക്ക് വിരല്‍ ചൂണ്ടി.
'ങ്ഹാ... ആയ്‌ക്കോട്ടെ', അയാള്‍ പഴയ കട പൂട്ടി താഴിടാന്‍ തുടങ്ങി.
പച്ചക്കറിയും പലവ്യജ്ഞനവും വാങ്ങാന്‍ ആളുകള്‍ കടയില്‍ തിരക്കുകൂട്ടി. വാങ്ങിയ കുറച്ചു പച്ചക്കറികള്‍ തുണിസഞ്ചിയില്‍ നിറക്കുമ്പോളാണ് അവള്‍ ചാരായത്തിന്റെ വാടയോടൊപ്പം പൊങ്ങിയ ശബ്ദം കേട്ടത്.
' ടീ... ശുശീലേ... നെന്റെ കെട്ട്യോന്‍ കെഴക്കന്‍ മലേന്ന് വന്നോടീ?'
'ഔ... ഷാജി... ഇവന്‍ വല്യ ശല്യമായല്ലോ', അവള്‍ പിറുപിറുത്തു.
'ഒററക്കിങ്ങനെ ജീവിക്കാന്‍ ഒരു സുഖണ്ടോടി ?, ഞങ്ങളൊക്കെ ഇവിടില്ലേ...', ഷാജിയുടെ ആഭാസച്ചിരി മുഴങ്ങി.
അയാള്‍ മുണ്ടു മുകളിലേക്കു തെറുത്തു വെച്ചു, മുന്നോട്ടാഞ്ഞു സുശീലയുടെ വഴിത്തടഞ്ഞു.
'മാറണ് ണ്ടോ... വഴീന്ന്, കോപവും സങ്കടവും അവളുടെ ചുറ്റിലും ചീറ്റിയൊഴിഞ്ഞു.
'ടാ... ഷാജ്യേ... നീയവളെ വെറുതെ വിട്ടേയൊന്ന്, അവന്റെ സൂക്കേട്... ', കടയിലെ പരിചയകാരില്‍ ഒരാള്‍ വിളിച്ചു പറഞ്ഞു.
വിയര്‍പ്പും കണ്ണീരും തുടച്ചു അവള്‍ മരുന്നു കട ലക്ഷ്യമാക്കി നടന്നു. മൗനത്തിന്റെ വിള്ളലില്‍ നിന്നും തേങ്ങല്‍ പുറത്തു വന്നു.
ഭാരമേറിയ സഞ്ചികളുമായി ഇരുട്ടും ചളിയും കൂടിക്കുഴഞ്ഞ ഇടവഴികള്‍ താണ്ടി സുശീല വീട്ടിലേക്ക് നടന്നു. ചെറിയ വീടിന്റെ മുററത്തു പൂക്കളത്തില്‍, പൂക്കള്‍ നന്നെ വാടിക്കിടന്നിരുന്നു.
മക്കള്‍ ഓടിയെത്തി അവളുടെ പക്കല്‍ നിന്നും സഞ്ചികളും പൊതികളും വാങ്ങിച്ചു. ഓണക്കോടി പുറത്തെടുത്തു, മകള്‍ നേഹ ഭംഗി നോക്കി. അവളുടെ വിരലുകള്‍ കോടിയുടെ മിനുപ്പിലൂടെ ഒഴുകിയിറങ്ങുന്നത് കണ്ട് സുശീല കൃതാര്‍ഥയായി.
'നാളത്തെ ഓണസദ്യേടെ പണിയൊക്കെ തീര്‍ന്നോ?', സുശീലയുടെ അമ്മ അവളൊടൊപ്പം ഉമ്മറത്തെ തിണ്ണയില്‍ വന്നിരുന്നു.
'കൊറെയൊക്കെ തീര്‍ന്നു, ഇനി നാളെ', വേദനിക്കുന്ന ചുമലും, പുറവും സുശീല വളച്ചു നിവര്‍ത്തി.
'ഒററയ്ക്കിങ്ങനെ വലിച്ചു തീര്‍ക്കാനാണ്, ന്റെ മോള്‍ക്കു യോഗം', ദേവു മകളുടെ വിയര്‍പ്പൊട്ടിയ തലമുടിയില്‍ തഴുകി. അവരുടെ കണ്ണുകള്‍ ഈറനായി.
'ശ്ശേ... നല്ലൊരു ഓണായിട്ടു അമ്മ കരയാണോ?, സുശീല അമ്മയുടെ മരുന്നുപ്പൊതി തിരഞ്ഞു.
'ഞാനൊന്നു കുളിച്ചിട്ടു വരാം', അവള്‍ സഞ്ചികള്‍ തൂക്കിയെടുത്തു അകത്തേക്കു നടക്കുന്ന മൂത്തമകള്‍ സ്‌നേഹയോടു പറഞ്ഞു.
മകളുടെ മുഖത്തെ ഗൗരവം അവളെ ചകിതയാക്കി. കൗമാരത്തിന്റെ കളിച്ചിരികള്‍, അവള്‍ക്കു കൈമോശം വന്നിരിക്കുന്നു. തങ്ങളെ ചൂഴുന്ന ദാരിദ്രവും അമ്മയുടെ കഷ്ടപ്പാടും അവളെ വേഗം മുതിര്‍ന്നവളാകാന്‍ നിര്‍ബ്ബന്ധിക്കുന്നതില്‍ സുശീല ഖിന്നയായി.
ഈറന്‍ മുടിയുടെ തുമ്പില്‍ ഉരുണ്ടു നിന്ന വെള്ളത്തുള്ളികള്‍ തട്ടിക്കളഞ്ഞു, സുശീല അടുപ്പില്‍ തീപെരുക്കി. മെല്ലെ കത്തിപ്പടരുന്ന വിറകില്‍ നിന്നും പുക ചെറിയ അടുക്കള നിറച്ചു.
'ഒരു രണ്ടു കൂട്ടം ഞാനിപ്പോള്‍ ഉണ്ടാക്കി വെയ്ക്കാം. പിന്നെ തറവാട്ടില്‍ നിന്നും മാധവേടത്തി കുറെ തന്നു വിട്ടിട്ടുണ്ടു്. നാളെ രാവിലെ കറിയുണ്ടാക്കാനൊന്നും നേരം കാണില്ല', പച്ചക്കറികള്‍ കഴുകിയെടുക്കുന്ന സ്‌നേഹയോടവള്‍ പറഞ്ഞു.
പുകമണം മാറി, അടുക്കളയില്‍ സാമ്പാറിലെ കായമണം പരന്നു. കാതിളകിയ ചെറിയ ചീനച്ചട്ടിയില്‍ കടുകും മുളകും വേപ്പിലയും മൊരിഞ്ഞുപ്പൊട്ടി.
'മോളു നാളെ പപ്പടം കാച്ചിയെടുത്തോളൂ, ദാ... അവിടെയുണ്ടു്', സുശീല ചുമരിലെ കരിപ്പിടിച്ച മരത്തട്ടിലേക്ക് വിരല്‍ ചൂണ്ടി.
'സ്‌നേഹേ, നീ കൈ പൊള്ളാതെ നോക്കണം, കാഞ്ഞ വെളിച്ചെണ്ണയാണ് ', സുശീല താക്കീത് കൊടുത്തു.
'ശരിയമ്മേ, ഞാനതൊക്കെ നോക്കിക്കോളാം, ഈ അമ്മയുടെ ഒരു പേടി ', സ്‌നേഹ ഉച്ചത്തില്‍ ചിരിച്ചു, അവള്‍ അടക്കു പാത്രങ്ങളുടെ അടക്കുകള്‍ തുറന്നു കറികള്‍ രുചിച്ചു.
'മകള്‍ വലുതായി വരുന്നു ', സുശീലയുടെ മനസ്സില്‍ അഭിമാനവും ആദിയും മത്സരിച്ചു പര്‍ടന്നു കയറി.
സുശീല അതിരാവിലെ തറവാട്ടില്‍ എത്തുമ്പോള്‍ തന്നെ മുറികളില്‍ വെളിച്ചം തെളിഞ്ഞിരുന്നു.
'അശോകേട്ടനും ഭാര്യേം എത്തീന്ന് തോന്നുണു ', അവള്‍ മനസ്സില്‍ പറഞ്ഞു.
മുറ്റം തൂത്തുവാരുമ്പോള്‍ ഉണക്കയിലകള്‍ നനുത്ത ഈര്‍പ്പത്തില്‍ കുതിര്‍ന്നു ചൂലില്‍ കുരുങ്ങി. തന്റെ ഓര്‍മ്മകള്‍ പോലെ, ഇവിടം വിട്ടു പോകാന്‍ ഇഷ്ടമില്ലാത്തവര്‍. ഈ തൊടിയിലും ഉമ്മറത്തും തട്ടിന്‍പ്പുറത്തും മാഷുടെ മക്കളും താനും കളിച്ചു നടന്നിരുന്ന ഓണക്കാലം തെന്നലായി അവളെ തഴുകി കടന്നുപ്പോയി.
'എല്ലാവരും എത്ത്യോ?, പ്രായം മറന്നു ഉത്സാഹത്തില്‍ ഓടി നടക്കുന്ന മാധവേട്ടത്തിയോടു സുശീല ചോദിച്ചു.
അശോകനും അദീതിയും പുലര്‍ച്ചെയെത്തി. അനസൂയ ഇന്നലെ രാത്രീല് തന്നെ വന്നു. അവളും അദീതിയും കൂടി അമ്പലത്തിലു തൊഴാന്‍ പോയിരിക്ക്വാ. അവര് ഇപ്പഴെത്തും. '
അര്‍ച്ചനേം കുട്ട്യോളും... ദാ എത്താറായിട്ടുണ്ടു്, യാത്രേലാന്ന് വിളിച്ചു പറഞ്ഞു. പിന്നെ അദീതി, നിന്നെ അന്വേഷിച്ചുട്ടോ... ', അവര്‍ സുശീലയുടെ അടുത്തേക്ക് നീങ്ങി നിന്നു.
'ങും... ങും..., എന്താപ്പോ സ്‌നേഹം..., സുശീല കണ്ണിറുക്കി ചിരിച്ചു.
'ഈ ഗോസായി പെണ്ണിനെ മാത്രെ അവനു കണ്ടുള്ളുന്ന് പറഞ്ഞു, തുള്ളി തറവാടു വിറപ്പിച്ചയാളാ... ', സുശീല പൊട്ടിച്ചിരിച്ചു.
വര്‍ഷങ്ങള്‍ക്കു മുമ്പ്, ദല്‍ഹിയില്‍ കണ്ടുമുട്ടിയ കാശ്മീരി പെണ്‍കുട്ടിയെ ഇഷ്ടമാണെന്ന് അശോകന്‍ പറഞ്ഞപ്പോള്‍, അംഗീകരിക്കാന്‍ ബുദ്ധിമുട്ടിയ അമ്മ. അവര്‍ കരഞ്ഞും കലഹിച്ചും മകനെ ശാസിച്ചും അയാളോടു പരഭവിച്ചും കടന്നുപ്പോയ ദിനങ്ങള്‍.
'ഓളെ അത്ര ഇഷ്ടായോണ്ടാവും അശോകേട്ടന്‍ അതു മതീന്ന് ശാഠ്യം പിടിക്കണെ', അന്ന് മാധവേടത്തിയോടു സുശീല പേടിച്ചു, അയാളുടെ പക്ഷം പറഞ്ഞു.
'അദീതി നല്ല സ്‌നേഹള്യോളാ... ഇവടെ എല്ലാരേം അവള്‍ക്ക് വല്യ കാര്യാണ്, തറവാട്ടിലെ കാരണവന്മാരുടെ സുകൃതം ', മാധവേട്ടത്തി നെഞ്ചില്‍ കൈത്തലം ചേര്‍ത്തു.
കാലം ഓര്‍മകളേക്കാള്‍ വേഗത്തില്‍ കുതിക്കുമെന്ന് സുശീലക്കു തോന്നി.
വാടിയ വാഴയില ചീന്തി, സുശീല നേര്‍മ്മയില്‍ അരിമാവണിഞ്ഞു, ഇല ചുരുട്ടി, വാഴനാരുകൊണ്ടു കെട്ടിവെച്ചു. ചരുവത്തില്‍ തിളച്ച വെള്ളത്തില്‍ ഇലപ്പൊതികള്‍ പുഴങ്ങിയെടുത്തു. സുശീലയുടെ വിരലുകളുടെ ദ്രുതചലനം അദീതി നോക്കി നിന്നു.
'ഇത് എന്തിനാണ് ?, തുടുത്ത മുഖഭാവത്തോടെ വിക്കി വിക്കി അദീതി ചോദിച്ചു.
'ഇതു പാലടപ്പായസത്തിന്, മലയാളമൊക്കെ പഠിച്ചൂല്ലേ?, സുശീല വിസ്മയം മറച്ചുവെച്ചില്ല.
'കുറച്ച്, അദീതിയുടെ ചുവന്ന ചന്തമാര്‍ന്ന ചുണ്ടുകള്‍ ചെറുചിരിയില്‍ വിടര്‍ന്നു.
'സുശീല പണിത്തിരക്കിലാണല്ലെ, ഞാന്‍ വന്നൂട്ടോ... പിന്നെ എന്തൊക്കെയുണ്ടു നിന്റെ വിശേഷങ്ങള്‍? ഇതു സുശീലയ്ക്ക്', വലിയ തുണിപ്പൊതി കൈയില്‍ ഏല്പിച്ച്, അര്‍ച്ചന സുശീലയെ കെട്ടിപ്പിടിച്ചു.
'സുഖം തന്നെ, എന്നാലും ഇതൊന്നും വേണ്ടായിരുന്നു. ', തന്നെ പുണരുന്ന കൂട്ടുകാരിയുടെ കണ്ണുകളില്‍ നോക്കാതെ സുശീല പറഞ്ഞു.
' സുശീല പെട്ടെന്ന് ഈ ഓണക്കോടിയൊന്നു ചുറ്റി വന്നെ, എനിക്കൊരു ഫോട്ടോയെടുക്കാനാണ്', അവള്‍ സുശീലയെ നിര്‍ബ്ബന്ധിച്ചു.
'ങ് ഹാ... പാലട പായസമുണ്ടാക്കുന്ന ഒരു വീഡിയോ എടുത്താലോ?'
'ഉം...ആയ്‌ക്കോട്ടെ, നിന്റെ ഇഷ്ടല്ലേ?, സുശീല തലയാട്ടി.
'ഈ പഴയ അടുക്കളേല് വെളിച്ചം പോര. കിഴക്കെമുററത്തെ അടുപ്പില്‍ വെച്ചു ചെയ്യാന്‍ പറ്റ്വോ സുശീലേ ?', അര്‍ച്ചന ചോദ്യമെറിഞ്ഞു.
'പിന്നെന്താ... കുഞ്ഞുമോളു പറഞ്ഞാ സുശീല എന്തിനും റെഡിയല്ലേ?, അടുക്കളയിലേക്ക് വന്ന അശോകനാണ് ഉത്തരം പറഞ്ഞത്. അല്ലേ, അനു?', അയാള്‍ അടുത്തു നില്‍ക്കുന്ന മൂത്ത സഹോദരി അനസൂയയോടു പറഞ്ഞു.
'ആരാ കുഞ്ഞുമോള്?, അര്‍ച്ചനയുടെ മകള്‍ അമ്മാവനെ തോണ്ടി.
'അതു നിന്റെ അമ്മ തന്നെ, ഈ വാശിക്കുടുക്ക', അയാള്‍ അര്‍ച്ചനയുടെ നേരെ വിരല്‍ ചൂണ്ടി.
'അതെ... അതൊക്കെ ഒരു രസികന്‍ കഥ. ദാ... അവിടെയെത്തിയിട്ടു ഏട്ടന്‍ പറയും', അനസൂയ ഉരുളിയെടുക്കാന്‍ സുശീലയെ സഹായിച്ചു.
കിഴക്കെ മുററത്തെ വലിയ അടുപ്പില്‍ വിറകു കൊള്ളികള്‍ തീപ്പടര്‍ത്തി. നെയ്യില്‍ മൊരിഞ്ഞ വെന്ത അടയില്‍ തേങ്ങാപ്പാലും മധുരവവും തിളച്ചു നുരഞ്ഞു. തലയില്‍ തോര്‍ത്തുമുണ്ടു വട്ടം ചുറ്റി, വെള്ളമുണ്ടു മടക്കി ചുറ്റി വലിയ ചട്ടുകം കൊണ്ടു പായസമിളക്കുന്ന അശോകനെ കണ്ടു അദീതി അടക്കി ചിരിച്ചു.
'അമ്മാവാ... കഥ', ഇറക്കം കൂടിയ പട്ടുപാവാട വലിച്ചു കയറ്റി അര്‍ച്ചനയുടെ മകള്‍ ചിണുങ്ങി.
'ഇതുപോലെ ഒരു ഓണത്തിന് ദൂരെ പീലിക്കുന്നില്‍ പോയി പൂ പറിക്കണമെന്ന് നിന്റെ അമ്മക്കു വാശി. അന്നു നിന്റമ്മ ചെറ്യേ കുട്ട്യാണ് ട്ടോ. അപ്പോ ഈ സുശീല പറഞ്ഞു, നമുക്ക് എല്ലാവര്‍ക്കും കൂടി പോയാലോ, മയിലിനെ ചെലപ്പൊ കാണാന്‍ പറ്റിയാലോന്ന്. '
'അവിടെ മയില്‍ വര്വോ ?', അര്‍ച്ചനയുടെ മകള്‍ ചോദിച്ചു.
'ഇത്തിരി ദൂരെയുള്ള അകമലയില്‍ നിന്നും ചെലപ്പോ പറന്നുവരും. '
ചൂടു കുറഞ്ഞ ഓണവെയിലില്‍ ഞങ്ങള്‍ കുട്ടികള്‍ പൂ പറിച്ച് പൂക്കൂട നിറച്ചു, പറന്നെത്തിയ മയിലുകളെ നോക്കി നിന്നു. ആകാശം ഇരുളുന്നതും മഴക്കാറു പരക്കുന്നതും ഞങ്ങള്‍ മറന്നു. ഇരുണ്ട മാനം നിറഞ്ഞ മഴക്കാറില്‍ പീലി വിടര്‍ത്തിയ മയിലുകള്‍ക്കു് ശരിക്കും എന്തു ഭംഗിയായിരുന്നൂന്നോ! കൊഴിഞ്ഞു വീണ പീലികള്‍ പെറുക്കിയെടുത്തു. സമയം പോയത് ഞങ്ങളറിഞ്ഞില്ല. സന്ധ്യ മങ്ങി, നേര്‍ത്ത ഇരുള്‍ കുന്നിനെ പൊതിയാന്‍ തുടങ്ങി. ആര്‍ത്തലച്ച മഴയും ഇടിമിന്നലും കണ്ടു അര്‍ച്ചന പേടിച്ചു കരയാന്‍ തുടങ്ങി. സുശീലയും അനസൂയവും വിതുമ്പിത്തുടങ്ങി. ഒരു തരത്തില്‍, പേടിച്ചു വിറച്ചു ഞങ്ങള്‍ വീടെത്തി. കുട്ടികളെ കാണാതെ അന്വേഷിച്ചു, വിഷമിച്ചു നില്‍ക്കണ അച്ഛനും അമ്മേം ദേവുടേത്തീം. ആരോടും പറയാതെ പീലിക്കുന്നില്‍ പോയതിന് അന്നു ഞങ്ങള്‍ക്കു കിട്ടിയ അടി... അമ്മോ...', അയാള്‍ കഥ തുടരാനാകാതെ പൊട്ടിച്ചിരിച്ചു.
അനസൂയയും സുശീലയും ആ ഓര്‍മ്മകളില്‍ അയാളോടൊപ്പം നൂണ്ടിറങ്ങി. ഏലക്കപ്പൊടി നറുമണം പരത്തി പായസത്തില്‍ കലങ്ങിത്തുടിച്ചു.
ഊണു കഴിഞ്ഞു, എച്ചില്‍ പാത്രങ്ങള്‍ അടുക്കളപ്പുറത്തു കുമിഞ്ഞു കൂടി. സുശീല ഓണക്കോടി ഒതുക്കി ചുറ്റി, പാത്രങ്ങളില്‍ വെള്ളം പകര്‍ന്നു, പാത്രങ്ങള്‍ കഴുകിയടുക്കി.
' ഇതു കുറെയുണ്ടല്ലോ... ഞാന്‍ സഹായിക്കാം', അനസൂയ മുററത്തേക്കിറങ്ങി, അവളോടൊപ്പം ചേര്‍ന്നു.
' സുശീലയുടെ മക്കള്‍ വരില്ലെ?', അദീതി ചോദിച്ചു.
' ദാ... അവരിപ്പോള്‍ എത്തും. മാധവേട്ടത്തിയും മാഷും പ്രത്യേകം പറഞ്ഞിരുന്നു. അമ്മയ്ക്കു തീരെ വയ്യല്ലോ, അതോണ്ട് ഉച്ചയൂണു അമ്മയോടൊപ്പം കഴിച്ചു വരാന്‍ പറഞ്ഞിട്ടുണ്ടു്, അദീതി ഏട്ടത്തിക്കു തരാന്‍ എന്തൊക്കെയൊ നേഹ വരച്ചു കൂട്ടുണുണ്ട്', സുശീല തലയുയര്‍ത്തി അദീതിയെ നോക്കി.
'ഓ... നൈസ്... അവള്‍ നല്ല ആര്‍ട്ടിസ്റ്റാകും', അദീതിയുടെ മുഖം കൂടുതല്‍ അരുണാഭമായി.
ഗ്രാഫിക് ഡിസൈനറായ അദീതി, സുശീലയുടെ മകളുടെ വിരല്‍ത്തുമ്പില്‍ ഒളിച്ചിരിക്കുന്ന അഭിരുചി നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. അവള്‍ക്കായി മികച്ച ചായക്കൂട്ടുകളും ബ്രഷുകളും വാങ്ങിച്ചതില്‍ അവള്‍ക്കു ഏറെ സന്തോഷം തോന്നി.
സുശീല ജോലിയില്‍ മുഴുകി. ഒരു നിമിഷം, ഓണ ദിവസം പോലും സ്വന്തം വീട്ടില്‍ മക്കള്‍ക്കു തന്നോടൊപ്പം ചിലവിടാന്‍ കഴിയാത്ത നൊമ്പരം നെഞ്ചില്‍ നീറി. താന്‍ ഈ ആരവങ്ങളില്‍ ഒററപ്പെട്ടു പോകുന്നതായി അവള്‍ക്കു തോന്നി. തൂങ്ങിയാടുന്ന അയയില്‍ കാക്കകള്‍ വന്നിരുന്നു. ഇടയ്ക്കിടെ താഴെ പറന്നിറങ്ങി, എച്ചില്‍ കൊത്തിവലിച്ചു, ഉച്ചത്തില്‍ കരഞ്ഞു.
മനുഷ്യന്റെ മാനസികാവസ്ഥകള്‍ സങ്കീര്‍ണമാണല്ലോ, നിനച്ചിരിക്കാതെ തിക്കിത്തിരക്കി മാനം കറുപ്പിക്കുന്ന മേഘങ്ങള്‍, പെയ്തു തന്നെ ഒഴിയണമല്ലോ.
' ദേ... ഇപ്പോള്‍ പറഞ്ഞതേയുള്ളൂ, കുട്ടികളെത്തീലോ...', അനസൂയ സുശീലയുടെ മക്കളെ ചേര്‍ത്തു നിര്‍ത്തി.
സുശീലയുടെ മക്കള്‍, വിശാലമായ തളത്തിലിരുന്ന് പായസമധുരം നുണഞ്ഞു.
' അശോകാ... സുശീലേടെ മോളു സ്‌നേഹ ക്ലാസ്സില്‍ ഒന്നാമതാ, പ്രസംഗം, കവിതയെഴുത്ത് എല്ലാം ഉണ്ട് ഈ കുട്ടിക്ക്. '
'പിന്നെ ചെറ്യേമോളു അസ്സലായി ചിത്രം വരയ്ക്കും', മാഷും മാധവേട്ടത്തിയും അവരുടെ വിജയങ്ങളെക്കുറിച്ചു വാചാലരായി.
' ഓഹോ, മിടുക്കികളാണല്ലോ, രണ്ടു പേരും. സ്‌നേഹ..., ധാരാളം വായിക്കാന്‍ ശ്രമിക്കണം. വായന, പാഠപുസ്തകങ്ങള്‍ മാത്രമാക്കരുത്. എല്ലാ വിഷയങ്ങളും നമ്മള്‍ വായിച്ചറിയണം. തട്ടില്‍പ്പുറത്തെ അലമാരയില്‍ എന്റെ കുറെ പുസ്തകങ്ങളുണ്ടു്, എല്ലാം ഒഴിവുപ്പോലെ എടുത്തു വായിക്കണം', അശോകന്റെ കണ്ണുകളില്‍ വാത്സല്യം തുടിച്ചു.
'ഇവള്‍ പഠിച്ചു മിടുക്കിയാകും സുശീലെ....', സ്‌നേഹയുടെ ചുമലില്‍ പിടിച്ചു, അശോകന്‍ പറഞ്ഞു.
'ങും..., സുശീലയുടെ ശബ്ദത്തില്‍, അവളുടെ ജീവിതാവസ്ഥയിലെ നിസ്സഹായതയുടെ രേഖപ്പെടുത്തല്‍ ഉണ്ടായിരുന്നു.
'സുശീല വിഷമിക്കേണ്ട, അതിനുവേണ്ട പണച്ചിലവു് ഞാന്‍ നോക്കിക്കോളാം', തന്റെ ഓര്‍മ്മയില്‍ ഉറച്ചുനില്‍ക്കാത്ത രൂപമായിരുന്ന സ്വന്തം അച്ഛന്റെ വാത്സല്യം മറ്റൊരാളിലൂടെ ഒഴുകിയെത്തുന്നതു സുശീലയുടെ മകളറിഞ്ഞു.
'ദാ... ഇത് ഞാന്‍ വരച്ചതാണ് ഒന്നു തുറന്നു നോക്ക്യേ', ഒരു നീളന്‍ പൊതിച്ചുരള്‍ നേഹ അദീതിക്കു കൈമാറി.
'സ്വീറ്റ് ഗേള്‍, താങ്ക്യു... പകരം ഈ പ്രസന്റ് നേഹക്ക്', അദീതി ചായക്കൂട്ടുകളുടെ പെട്ടി അവളുടെ കൈയില്‍ വെച്ചുകൊടുത്തു.
സുശീലയുടെ കഥകളില്‍ നിന്നും നേഹ കേട്ടറിഞ്ഞ ഓണപ്പൂക്കള്‍ വിടര്‍ന്നുനിറഞ്ഞ പീലിക്കുന്നും അവിടെ കാര്‍മേഘങ്ങളെ നോക്കി പീലി നിവര്‍ത്തിയാടുന്ന മയിലുകളും ചിത്രത്തില്‍ ചുരുള്‍ നിവര്‍ന്നു.
'ഈ സാരി ഏട്ടത്തിക്കു നന്നായി ചേരുന്നുണ്ട്', അര്‍ച്ചന അദീതിയുടെ ഓണക്കോടിയില്‍ തഴുകി.
ദേശവും ഭാഷയും അതിരിടാത്ത സംസ്‌ക്കാരസമന്വയം കസവുപ്പുടവയില്‍ നെയ്തു ചേര്‍ത്തിരുന്നു.
അദീതിയുടെ സാരിയിലെ മയില്‍പ്പീലി ചിത്രം ചെറുകാറ്റില്‍ ഇളകിയാടി.
മുററത്തു പരന്ന ഓണവെയിലില്‍, ചുവന്ന നിറമുള്ള വാലിളക്കി, ഓണത്തുമ്പികള്‍ പാറിപ്പറന്നു.