പൊന്നോമനക്കായി മുലപ്പാല്‍ ശേഖരിക്കാം

Malayalilife
topbanner
 പൊന്നോമനക്കായി മുലപ്പാല്‍ ശേഖരിക്കാം

മ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് മുലയൂട്ടല്‍. ആദ്യത്തെ ആറ് മാസം കുഞ്ഞിന് മുലപ്പാല്‍ അല്ലാതെ മറ്റ്  ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒന്നും നല്‍കാന്‍ പാടില്ല. ഇക്കാലയളവില്‍ കുഞ്ഞിന് ആവശ്യമായ ആന്റിബോഡികള്‍, പോഷകങ്ങള്‍, വളര്‍ച്ച, ദഹന ഹോര്‍മോണുകള്‍ എന്നിവയെല്ലാം പ്രധാനം ചെയ്യുന്നത് മുലപ്പാലിലൂടെയാണ്. അതേസമയം ഇന്ന് ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചതിനാല്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ ബുദ്ധിമുട്ടുന്നത് സ്ഥിരം സംഭവമാണ്. രണ്ട് വയസ് വരെയെങ്കിലും മുലയൂട്ടണമെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നതെങ്കിലും നിരവധി അമ്മമാരാണ് വളരെ നേരത്തെ തന്നെ കുഞ്ഞിന്റെ മുലകുടി അവസാനിപ്പിക്കുന്നത്. എന്നാല്‍ കുഞ്ഞിന്റെ സ്വാഭാവിക വളര്‍ച്ചയെ തന്നെ ഇത് ബാധിക്കാന്‍ കാരണമായേക്കാം എന്നതാണ് വസ്തുത

കുഞ്ഞിന് ആവശ്യത്തിന് പാല്‍ ലഭിക്കുന്നുണ്ടോ?

കുഞ്ഞിന് മതിയായ പാല്‍ ലഭിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാന്‍ ഏറ്റവും മികച്ച മാര്‍ഗം കുഞ്ഞിന്റെ ഭാരം നോക്കുന്നതാണ്. കുഞ്ഞിന് ഭാരം കൂടുന്നത് നന്നായി പാല്‍ ലഭിക്കുന്നതിന്റെ ലക്ഷണമാണ്. ഇതിനായി ഇടക്കിടെ ഭാരം പരിശോധിക്കുന്നത് നല്ലതാണ്. പാല്‍ കുടിച്ച ശേഷം കുഞ്ഞ് നന്നായി ഉറങ്ങുന്നുണ്ടെങ്കില്‍ അതും നന്നായി പാല്‍ ലഭിക്കുന്നതിന്റെ ലക്ഷണമാണ്. കുഞ്ഞ് പാല്‍ കുടിക്കാന്‍ ആവശ്യപ്പെടുന്നതിന്റെ ആവൃത്തി കുറയുന്നതും നന്നായി വയറ്റില്‍ നിന്ന് പോകുന്നതുമെല്ലാം മതിയായ പാല്‍ ലഭിക്കുന്നതിന്റെ സൂചനകളാണ്.

പൊന്നോമനക്കായി മുലപ്പാല്‍ ശേഖരിക്കാം

കുഞ്ഞ് ജനിച്ച് ആറ് മാസം പൂര്‍ത്തിയാകുന്നതിന് മുന്‍പേ തിരികെ ജോലിയില്‍ പ്രവേശിക്കേണ്ടി വരുന്ന അമ്മമാരുടെ എണ്ണം കൂടിയിട്ടുണ്ട്.  മുലപ്പാല്‍ ലഭിക്കാതെ കുഞ്ഞും കുഞ്ഞ് വിശന്ന് കരയുന്നതോര്‍ത്ത് അമ്മയും വിഷമിക്കുന്നതിലേക്ക് ഇത് വഴിവെക്കും.  ചിലപ്പോഴൊക്കെ യാത്രകളില്‍ സ്വകാര്യത സംബന്ധിച്ച ആശങ്കകള്‍ മൂലവും കൃത്യമായി പാല്‍ നല്‍കാന്‍ കഴിഞ്ഞെന്ന് വരില്ല. ഈ സാഹചര്യങ്ങളിലാണ് ബ്രസ്റ്റ്  പമ്പുകള്‍ പ്രസക്തമാകുന്നത്. പമ്പിന്റെ സഹായത്തോടെ മുലപ്പാല്‍ ശേഖരിച്ച് സൂക്ഷിക്കാനുള്ള സൗകര്യം ഇന്നുണ്ട്. ഇതു വഴി അമ്മ അടുത്തില്ലെങ്കിലും കുഞ്ഞിന് മുലപ്പാല്‍ നല്‍കാനും ആരോഗ്യത്തോടെ പരിരക്ഷിക്കാനും കഴിയും. ബ്രസ്റ്റ് പമ്പ് ഉപയോഗിച്ച് ശേഖരിക്കുന്ന മുലപ്പാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും അമ്മ അടുത്തില്ലാത്തപ്പോള്‍ കുഞ്ഞിനെ  പരിചരിക്കുന്നവര്‍ക്ക്  ആവശ്യാനുസരണം കുപ്പിയിലാക്കി നല്‍കുകയും ചെയ്യാം. മാനദണ്ഡങ്ങള്‍ പാലിച്ച് ശേഖരിക്കുകയാണെങ്കില്‍ മാസങ്ങളോളം കേടുകൂടാതെ മുലപ്പാല്‍ സൂക്ഷിച്ച് വെക്കാനും കഴിയും.

 മുലപ്പാല്‍ ശേഖരിക്കുന്നതിന്റെ ഗുണങ്ങള്‍

അമ്മക്കും കുഞ്ഞിനും സഹായകമാകുന്ന  ഗുണഗണങ്ങളാണ് ബ്രസ്റ്റ് പമ്പുകള്‍ ഉപയോഗിച്ച് മുലപ്പാല്‍ ശേഖരിക്കുന്നതിലൂടെ ലഭിക്കുന്നത്. പാല്‍ ലഭ്യത കുറവുള്ള അമ്മമാര്‍ക്ക് കുഞ്ഞിന് എപ്പോഴും മുലപ്പാല്‍ നല്‍കാന്‍ കഴിയും. ഇതു വഴികുഞ്ഞിന്റെ ആരോഗ്യം കാത്ത് സൂക്ഷിക്കാനും കഴിയും. പാലിന്റെ ഉത്പാദനം നിലനിര്‍ത്താന്‍ സാധിക്കും. സ്തനങ്ങളില്‍ പാല്‍ കെട്ടിക്കിടക്കുന്നത് മുലമുണ്ടാകുന്ന വേദനയും മറ്റ് ബുദ്ധിമുട്ടുകളും ഒഴിവാക്കാനാകും. ഒന്നിലധികം ദിവസങ്ങളായി ഫീഡ് ചെയ്യാതെ മുലപ്പാല്‍ നിറഞ്ഞ് നില്‍ക്കുന്ന സ്ഥിതി വന്നാല്‍  ഹോര്‍മോണ്‍ ഉല്‍പാദനം കുറയുകയും ക്രമേണ മുലപ്പാലിന്റെ അളവ് കുറയുകയും ചെയ്യും.

എപ്പോഴെല്ലാം ശേഖരിക്കാം ?

കഴിയുമ്പോഴൊക്കെ മുലപ്പാല്‍ ശേഖരിച്ച് സൂക്ഷിക്കാവുന്നതാണ്. വീട്ടിലാണെങ്കില്‍ കുഞ്ഞിന് പാല്‍ കൊടുത്ത് ശേഷം പമ്പ് ഉപയോഗിച്ച് പാല്‍ ശേഖരിച്ച് സൂക്ഷിക്കാം. ഒരു സ്തനത്തില്‍ നിന്ന് പൂര്‍ണമായും പാല്‍ ലഭിച്ച ശേഷം മാത്രം അടുത്തതില്‍ നിന്ന് എടുക്കുക. ഇങ്ങനെ വരുമ്പോള്‍ പാല്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള പ്രോലാക്ടിന്‍ ഹോര്‍മോണിന്റെ ഉത്പാദനം കൂടുകയും അതിനനുസരിച്ച് കുഞ്ഞിന് കൂടുതല്‍ പാല്‍ ലഭിക്കുകയും ചെയ്യും. ജോലി സ്ഥലങ്ങളില്‍ അവിടുത്തെ സൗകര്യത്തിന് അനുസരിച്ച് ശേഖരിക്കാവുന്നതാണ്.

മുലപ്പാല്‍ ശേഖരിച്ച് സൂക്ഷിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

നേരത്തെ സ്തനങ്ങള്‍ പിഴിഞ്ഞായിരുന്നു മുലപ്പാല്‍ ശേഖരിച്ചിരുന്നത്. എന്നാല്‍ ഏറ്റവും ശാസ്ത്രീയും  വൃത്തിയുമുള്ള മാര്‍ഗമാണ് ബ്രസ്റ്റ് പമ്പുകള്‍. സമയ ലാഭവും സുരക്ഷിതത്വവുമാണ് പമ്പുകള്‍ ഉപയോഗിക്കുന്നതിന്റെ മറ്റു ഗുണങ്ങള്‍.

ഇങ്ങനെ ലഭിക്കുന്ന മുലപ്പാല്‍ ഗ്ലാസിന്റെയോ സ്റ്റീലിന്റെയോ കണ്ടെയ്‌നറില്‍ വേണം സൂക്ഷിക്കാന്‍. പാല്‍ ശേഖരിച്ച കണ്ടെയ്‌നര്‍ മറ്റൊരു പാത്രത്തില്‍ അടച്ചു വെച്ചാണ് സൂക്ഷിക്കേണ്ടത്. ഫ്രിഡ്ജിന്റെ ഡോറില്‍ വെക്കാതെ ഉള്ളിലേക്ക് വെക്കണം. ഇടക്കിടെ ഫ്രിഡ്ജ് തുറന്നാലും തണുപ്പ് പോയി ചീത്തയാകാതിരിക്കാനാണ് ഇത്. ഇങ്ങനെ  നാല് ദിവസം വരെ സൂക്ഷിക്കാം. കൂടുതല്‍ കാലം സൂക്ഷിക്കേണ്ടതുണ്ടെങ്കില്‍ ഫ്രീസറില്‍ വെക്കുക. ഇങ്ങനെയാണെങ്കില്‍ മൂന്ന് മാസം വരെ കേടുകൂടാതെ സൂക്ഷിക്കാനാകും. ഇത്തരം സാഹചര്യങ്ങളില്‍ ഗ്ലാസ് കണ്ടെയ്‌നര്‍ പൊട്ടാനുള്ള  സാധ്യത പരിഗണിച്ച് സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. മുലപ്പാല്‍ ശേഖരിക്കുന്നതിനായി  പ്രത്യേകം തയ്യാറാക്കിയിട്ടുള്ള  ഉയര്‍ന്ന നിലവാരത്തിലുള്ള പ്ലാസ്റ്റിക് കണ്ടെയ്‌നറുകളും സിപ് ലോക് ബാഗുകളും ഉപയോഗിക്കാവുന്നതാണ്.

യാത്രക്കിടയില്‍ മുലപ്പാല്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി ഗുണനിലവാരമുള്ള കൂള്‍ബാഗുകള്‍ ഉപയോഗിക്കാം. ഇതിനകത്ത് ഐസ് പാക്കുകള്‍ ഉള്ളതിനാല്‍ കേടുപാടുകള്‍ സംഭവിക്കില്ല. ഫ്രിഡ്ജ് സൗകര്യം ഉള്ള സ്ഥലങ്ങളിലെത്തിയാല്‍ പാല്‍ സൂക്ഷിച്ചിട്ടുള്ള കണ്ടെയ്‌നറുകളും ഐസ് പാക്കുകളും ഇതിലേക്ക് മാറ്റാവുന്നതാണ്

 മുലപ്പാല്‍ ശേഖരിക്കുമ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യമാണ് ശുചിത്വം പരിപാലിക്കുക എന്നത്. ഓരോ തവണയും പാല്‍ ശേഖരിക്കുന്നതിന് മുന്‍പും ശേഷവും സ്തനങ്ങളും കൈകളും നന്നായി കഴുകി വൃത്തിയാക്കണം. ബ്രസ്റ്റ് പമ്പും നിര്‍ബന്ധമായും  അണുമുക്തമാക്കേണ്ടതുണ്ട്

'മുലയൂട്ടലും ജോലിയും ഒരുമിച്ചു കൊണ്ടുപോകാം'

മുലയൂട്ടലും ജോലിയും ഒരുമിച്ചു കൊണ്ടുപോകാം എന്നതായിരുന്നു ഈ വര്‍ഷത്തെ ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ മുദ്രാവാക്യം. ബ്രസ്റ്റ് പമ്പിന്റെ സഹായത്തോടെ കുഞ്ഞിന്  ആവശ്യമായ മുലപ്പാല്‍ ശേഖരിച്ച് സൂക്ഷിക്കാനുള്ള ബോധവല്‍ക്കരണം കൂടിയാണ് ഈ മുദ്രാവാക്യത്തിന്റെ ലക്ഷ്യം.  പുതുതായി അമ്മമാരായ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ഒരു ഫീഡിംഗ് മുറി സജ്ജീകരിച്ചാല്‍ കുത്തിന് വേണ്ടി മുലപ്പാല്‍ ശേഖരിക്കാന്‍ കഴിയും. ഇതിനായി അടച്ചുറപ്പുള്ള ഒരു മുറി നിര്‍ബന്ധമാണ്. സുരക്ഷിതമായ ഫീഡിംഗ് മുറി ഒരുക്കിയാല്‍ മാത്രമേ തുറിച്ചു നോട്ടം ഭയക്കാതെ സമാധാനമായി മുലപ്പാല്‍ ശേഖരിക്കാനാകൂ. മുറികളില്‍ കാമറ ഉണ്ടാകരുത്.

എട്ട് മണിക്കൂര്‍ ജോലിക്കിടെ രണ്ട് തവണ ഇങ്ങനെ മുലപ്പാല്‍ ശേഖരിക്കാം. സാധാരണ താപനിലയില്‍ പരമാവധി  നാല് മണിക്കൂര്‍ മാത്രമാണ് പാല്‍ സൂക്ഷിക്കാന്‍ കഴിയൂ.  ഇത് ഒഴിവാക്കാന്‍ ശേഖരിക്കുന്ന പാല്‍ സൂക്ഷിക്കാന്‍ ഫ്രിഡ്ജ് ആവശ്യമാണ്. ഫ്രിഡ്ജ് ഇല്ലാത്ത സ്ഥലങ്ങളിലാണെങ്കില്‍   കുടുംബാംഗങ്ങളില്‍ ആരെങ്കിലും എത്തി വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രദ്ധിക്കുക.

ഉപയോഗ ശേഷം പമ്പ് വൃത്തിയാക്കാനും സൂക്ഷിക്കാനും വേണ്ട സോപ്പ്, വാഷ് ബേസിന്‍, ഹാന്‍ഡ് റബ് തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കണം. ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാനും ആവശ്യമായ സഹായങ്ങള്‍ ചെയ്യാനും സഹപ്രവര്‍ത്തകരും തയ്യാറാകണം. കുടുംബത്തിലും തൊഴിലിടങ്ങളിലും പൂര്‍ണ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ എന്ന് മാത്രം.

പമ്പ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മികച്ച കമ്പനിയുടെ പമ്പ് വാങ്ങുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. വാങ്ങുന്നതിന് മുന്‍പ് നേരത്തെ വാങ്ങി ഉപയോഗിച്ചവരുടെ റിവ്യൂ നോക്കിയ ശേഷം വാങ്ങുക. ജോലിചെയ്യുന്ന അമ്മമാരെ സംബന്ധിച്ചിടത്തോളം ഇലക്ട്രിക് ഫീഡിങ് പമ്പുകള്‍ വാങ്ങുന്നതാണ് ഏറ്റവും നല്ലത്. രണ്ട് സ്തനങ്ങളും ഒരുമിച്ച് പമ്പ് ചെയ്യാന്‍ കഴിയുന്നതാണെങ്കില്‍ കൂടുതല്‍ സമയം ലാഭിക്കാനും കഴിയും. പമ്പുകള്‍ ഉപയോഗിക്കുന്നതിനു മുന്‍പ് അതുമായി ബന്ധപ്പെട്ട മാനുവല്‍ പൂര്‍ണ്ണമായും വായിച്ച് മനസ്സിലാക്കുക. ഉപയോഗശേഷം നല്ല രീതിയില്‍ അണുവിമുക്തമാക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

 ഭക്ഷണ ക്രമീകരണം

മുലയൂട്ടുന്ന കാലഘട്ടത്തില്‍ ഏറ്റവും ആരോഗ്യകരമായ ഭക്ഷണ ക്രമം പാലിക്കുന്നത് നല്ലതാണ്. മുലയൂട്ടുമ്പോള്‍ 500 മുതല്‍ 700 കലോറി വരെ ചിലവഴിക്കേണ്ടി വരുന്നുണ്ട്. ഇത് പരിഹരിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഭക്ഷണക്രമമാണ് വേണ്ടത്. പ്രോട്ടീന്റെ അളവ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് മാതാവിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം  കാല്‍സ്യം, അയണ്‍ തുടങ്ങിയവ ഉപയോഗിക്കാം. വെള്ളം നന്നായി കുടിക്കണം. അതേസമയം മാതാവ് കൂടുതലായി പശുവിന്‍ പാല്‍ കുടിക്കുന്നത് മുലപ്പാല്‍  വര്‍ദ്ധിക്കാന്‍ കാരണമാകും എന്നത് തെറ്റിദ്ധാരണയാണ്. ഉലുവ, വെളുത്തുള്ളി, സൂചി ഗോതമ്പ്, ഓട്‌സ്, ചെറുപയര്‍ മുളപ്പിച്ചത് തുടങ്ങിയവയും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്

Read more topics: # മുലപ്പാല്‍
Breastfeeding useful tips

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES