അപരിചിതരായ ആളുകള്‍ സൃഷ്ടിക്കുന്ന ഗ്രൂപ്പുകളിലൂടെ നടക്കുന്ന തട്ടിപ്പുകള്‍ തടയാന്‍ വാട്‌സ്ആപ്പ് പുതിയൊരു സുരക്ഷാ സംവിധാനം അവതരിപ്പിച്ചു. ഇനി മുതല്‍ പരിചയമില്ലാത്ത കോണ്‍ടാക്റ്റ് സൃഷ്ടിച്ച ഗ്രൂപ്പിലേക്ക് ആഡ് ചെയ്യപ്പെട്ടാല്‍, ഗ്രൂപ്പിലെ സന്ദേശങ്ങള്‍ തുറക്കുന്നതിന് മുമ്പ് ഉപയോക്താവിന് ഗ്രൂപ്പിനെക്കുറിച്ചുള്ള ലഘു വിവരണം (സമ്മറി) ലഭിക്കും.
ഈ വിവരണത്തില്‍ ഗ്രൂപ്പിന്റെ പേര്, ഗ്രൂപ്പ് സൃഷ്ടിച്ച വ്യക്തിയുടെ പേര്, സൃഷ്ടിച്ച തീയതി, നിങ്ങളെ ആരാണ് ക്ഷണിച്ചത്, അംഗങ്ങളുടെ പട്ടിക തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടും. സമ്മറി വായിച്ചശേഷം ഉപയോക്താവിന് ഗ്രൂപ്പില്‍ തുടരണമോ, പുറത്തുപോകണമോ എന്ന് തീരുമാനിക്കാം. തീരുമാനമെടുക്കുന്നതുവരെ പുതിയ അംഗങ്ങള്‍ക്ക് ഗ്രൂപ്പില്‍ നിന്ന് യാതൊരു നോട്ടിഫിക്കേഷനും ലഭിക്കില്ല.
ഇതിന് പുറമെ, കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇല്ലാത്ത ഒരാളിലേക്ക് സന്ദേശം അയയ്ക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് നല്‍കുന്ന മറ്റൊരു സുരക്ഷാ ഫീച്ചറും വാട്‌സ്ആപ്പ് പരീക്ഷണ ഘട്ടത്തിലുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയോ മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയോ ബന്ധപ്പെടുന്ന സൈബര്‍ തട്ടിപ്പുകാര്‍ക്കെതിരെ ഇത് പ്രതിരോധം ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
സൈബര്‍ സുരക്ഷാ വിദഗ്ധര്‍, പരിചയമില്ലാത്ത നമ്പറുകളുമായി വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്യുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും, ആരോടും പണം, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒടിപി, യുപിഐ ഐഡി തുടങ്ങിയ രഹസ്യ വിവരങ്ങള്‍ പങ്കിടരുതെന്നും മുന്നറിയിപ്പ് നല്‍കി.