Latest News

വാല്‍പ്പാറക്ക് ഒരു യാത്ര പോകാം

ടി.കെ. ശ്രീജിത്ത്‌
topbanner
വാല്‍പ്പാറക്ക് ഒരു യാത്ര പോകാം

പ്രളയകാലത്ത് വാതിലടഞ്ഞുപോയ ചിലയിടങ്ങളുണ്ട്, ഒരിക്കലും തുറക്കില്ലെന്നു കരുതിയ ഇടങ്ങള്‍. പക്ഷേ മലക്കപ്പാറയ്ക്ക് മടിച്ചുനില്‍ക്കാനായില്ല. കാരണം വാല്‍പ്പാറയ്ക്കുള്ള പടിഞ്ഞാറിന്റെ വാതില്‍ തുറക്കുന്നത് മലക്കപ്പാറയില്‍ നിന്നാണ്. പ്രളയപ്രാരബ്ധങ്ങളഴിച്ചുവെച്ച് അതിരപ്പിള്ളിയില്‍നിന്ന് കാടിന്റെ വാതിലും തുറക്കുന്നു സഞ്ചാരികള്‍ക്കായി. പ്രളയം മറക്കാം, നമുക്കൊരു യാത്ര പോകാം...

അതിരപ്പിള്ളിയിലെ നീലപ്പൊതികളായിരുന്ന വഴിക്കടകള്‍ പൊതിയഴിച്ചിരിക്കുന്നു. വെള്ളച്ചാട്ടത്തിനിപ്പോള്‍ നല്ല തെളിമയാണ്. മഴക്കുറവില്‍ വെള്ളം അല്പം കുറവാണ്. 
കരിമ്പാറക്കൂട്ടങ്ങളില്‍ തട്ടിച്ചിതറി പൊട്ടുകളായി മുഖത്തു വീഴുന്ന വെള്ളത്തുള്ളികളോട് കഥപറയാം. മഞ്ഞുവീഴുന്നതു പോലെയാണത്. പാതി ഈറനണിഞ്ഞുകഴിഞ്ഞേ അറിയുള്ളൂ. 

മലക്കപ്പാറയിലേക്ക് ഇവിടെ നിന്ന് 53 കിലോമീറ്ററുണ്ട്. അതില്‍ അമ്പതും പച്ചയുടെ ലോകമാണ്. വിരിഞ്ഞൊഴുകുന്ന ചാര്‍പ്പയും പരന്നൊഴുകിപ്പോകുന്ന വാഴച്ചാലും കഴിഞ്ഞാല്‍ പിന്നെ കണ്ണുകളില്‍ പച്ച നിറയും. പിന്നെ കാട് മാത്രമാവും മിണ്ടുക. കാടല്ലാതെ കഥ പറയാന്‍ വേറെയാരും വരില്ല. അതിരപ്പിള്ളിക്കാടുകളെപ്പോഴും സൂര്യനെ മറച്ചുപിടിക്കും. തുള്ളിതുള്ളിയായി വെളിച്ചവും വീഴും ഈ വഴികളില്‍. വാച്ചുമരവും ആനക്കയവുമൊക്കെ കാടിനെ മുകളിലേക്കെത്തിക്കുമ്പോള്‍ സിദ്ധന്‍ പോക്കറ്റും കുമ്മാട്ടിയുമെല്ലാം ഉയരങ്ങളിലേക്ക് സഞ്ചാരിയെ കൈപിടിച്ചുകയറ്റും. 

അമ്പലപ്പാറ കഴിയുന്നതോടെ വാല്‍പ്പാറയിലെ വലിയ മുടിപ്പിന്‍ വളവുകളിലേക്കെത്തുംമുമ്പൊരു 'ട്രയല്‍' കാണാം. ഒന്നുരണ്ട് കുഞ്ഞ് വളവുകള്‍. ഇനിയാണ് കാഴ്ചയുടെ കേളികൊട്ട്. എപ്പോഴും നിറഞ്ഞുകിടക്കുന്ന ഷോളയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശം. നീലനിലാവ് കണ്ണാടിയില്‍ നോക്കിയപോലെ നട്ടുച്ചയിലും തടാകം. അവിടവിടെയായി പച്ചത്തുരുത്തുകളിലെ മരങ്ങളില്‍നിന്ന് നീട്ടിയുള്ള പക്ഷിയൊച്ചകള്‍ കേള്‍ക്കാം. അതിനുള്ള മറുപടിയെന്നോണം കരിങ്കുരങ്ങുകളും ഒച്ചയിടും. 


കേരളത്തിലെ ഏറ്റവും മനോഹരമായ ഈ വനപാതയിലൂടെയുള്ള യാത്രയില്‍ ക്ഷീണമെന്നൊരു വാക്ക് ഒരിക്കല്‍പോലും നമ്മളെ തൊടില്ല. ചൊരിങ്ങലും പെരുമ്പാറയും കടന്ന് പോകുമ്പോഴൊരു ചെറിയ വെള്ളച്ചാട്ടമുണ്ട്. യാത്രക്കാര്‍ മുഖം കഴുകാനൊക്കെ ഇറങ്ങുന്നയിടം. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെവെച്ചാണ് ഈ റൂട്ടിലെ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ ബെന്നെറ്റ് കടുവയെക്കണ്ടത്. വളവ് തിരിഞ്ഞുവന്ന കെ.എസ്.ആര്‍.ടി.സി.ക്ക് മുന്നിലൂടെ യാതൊരു ഭാവഭേദവുമില്ലാതെ കടുവ കാടിന് മുകളിലേക്ക് കയറിപ്പോയി. അതിരപ്പിള്ളിക്കാടുകളില്‍ കടുവയുടെ സാന്നിധ്യമുണ്ടെന്നുറപ്പിച്ചത് അന്നാണ്. 

മലക്കപ്പാറയെന്നത് ഒരു കുട്ടിഗ്രാമമാണ്. തേയിലകൊണ്ട് പൊതിഞ്ഞൊരു ഗ്രാമം. തേയിലത്തോട്ടത്തിന് നടുവില്‍നിന്ന് നല്ലൊരു ചായ കുടിക്കാം. ഭാഗ്യമുണ്ടെങ്കില്‍ തൊട്ടടുത്തുള്ള ആളെപോലും കാണാത്ത കോടമഞ്ഞും കൂട്ടിനുണ്ടാകും. ബ്രാന്‍ഡഡ് അല്ലാത്ത തേയിലയും വാങ്ങാം. ഒരു രാത്രി തങ്ങണമെന്നുള്ളവര്‍ക്ക് മലക്കപ്പാറയില്‍ ഇടത്തരം ഹോംസ്റ്റേകളും മറ്റുമുണ്ട്. 

മനുഷ്യരെ തീരെ ഗൗനിക്കാതെ മയിലും മറ്റു പക്ഷികളും പറക്കുന്നത് കാണാം. ചിലസമയങ്ങളില്‍ ആനക്കൂട്ടവും ഇറങ്ങും, അവര്‍ നന്നായി 'ഗൗനി'ക്കും. റേഷനരിയുടെ കൊതിപിടിച്ചുവരുന്ന കൂട്ടമാണെങ്കില്‍ പറയുകയും വേണ്ട. 

മലക്കപ്പാറ ചെക്‌പോസ്റ്റില്‍ തീരുന്നു കേരളം. ഇനി തമിഴ്‌മൊഴിയാണ്. കഷ്ടിച്ചൊരു ആറ് കിലോമീറ്റര്‍ പോയാല്‍ ഷോളയാര്‍ ഡാം സിറ്റി എന്ന തിരക്കുപിടിച്ചൊരു 'ഠ' വട്ടം കാണാം. 
അവിടെനിന്ന് മുകളിലേക്ക് കയറുമ്പോഴാണ് തമിഴ്‌നാടിന്റെ അപ്പര്‍ ഷോളയാര്‍ ഡാം. ഇപ്പോള്‍ നിറഞ്ഞുകിടക്കുകയാണ് നിശ്ചലമായി. ഇത് തുറന്നുവിടുന്നെന്നു കേട്ടാല്‍ അതിരപ്പിള്ളിയും ചാലക്കുടിയുമെല്ലാം വിറയ്ക്കും. 

ഇനിയങ്ങോട്ട് വാല്‍പ്പാറയിലേക്കുള്ള വഴിയടുപ്പങ്ങളാണ്. ഇനി അടുക്കാനിടമില്ലെന്നരീതിയില്‍ തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുന്ന തേയിലത്തോട്ടങ്ങള്‍. അവയ്ക്കിടയില്‍ വാച്ച് ടവറുകളെന്നപോല്‍ ഉയര്‍ന്നു നില്‍ക്കുന്ന വലുതും ചെറുതുമായ മരങ്ങള്‍. വാല്‍പ്പാറ ടൗണെത്തുമ്പോഴേക്കും തിരക്കുകളുടെ ബഹളംകൂട്ടലുകള്‍ കേള്‍ക്കാം. ചാലക്കുടി കഴിഞ്ഞാല്‍ പെട്രോള്‍ പമ്പുള്ളത് ഇവിടെയാണ്. അതുകൊണ്ടുതന്നെ റേഷന്‍ കടയിലെന്നപോലെ നീണ്ട വരി എപ്പോഴും കാണാം. 

തേയിലയും ഏലവും പിന്നെ മറ്റെന്തൊക്കെയോ കലര്‍ന്ന ഗന്ധമാണീ ടൗണിന്. ബ്രിട്ടീഷുകാര്‍ വേനല്‍ക്കാലസുഖത്തിനായി തീര്‍ത്ത ഹൈറേഞ്ച്. കുറച്ചുകൂടി ചെന്നാല്‍ തോട്ടംതൊഴിലാളികളുടെ ക്വാര്‍ട്ടേഴ്‌സുണ്ട്. ഇതിനോടുചേര്‍ന്നുള്ള കാട്ടില്‍നിന്ന് സിംഹവാലന്‍ കുരങ്ങന്‍മാര്‍ വന്ന് നാട്ടുകാരെ പല്ലിളിച്ച് കാട്ടും ഇടയ്ക്കിടെ. ഇനിയാണ് നമ്മള്‍ നന്നായൊന്ന് വളയാന്‍ പോകുന്നത്. മനസ്സിലായില്ലേ, ദക്ഷിണേന്ത്യയിലെത്തന്നെ മനോഹരമായ 40 മുടിപ്പിന്‍ വളവുകള്‍ തുടങ്ങാന്‍ പോകുന്നു.

മലക്കപ്പാറയിലേക്കുള്ള വഴിയിലെ കേരളാ ഷോളയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്തിന്റെ കാഴ്ച.
തിരിഞ്ഞു തിരിഞ്ഞ് ഒമ്പതാം വളവിലെത്തിയാല്‍ 'ലോംസ് വ്യൂപോയിന്റാ'യി. ഇവിടെ നിന്ന് നോക്കിയാല്‍ പൊള്ളാച്ചിയുടെയും ആളിയാറിന്റെയും വിശാലമായ കാഴ്ച കാണാം. ഭാഗ്യമുണ്ടെങ്കില്‍ പാറക്കൂട്ടങ്ങളിലൂടെ കയറിപ്പോകുന്ന വരയാടുകളെയും കാണാം.കാഴ്ചയുടെ അനവധി മടക്കുകള്‍ കഴിഞ്ഞാല്‍ ആളിയാറെത്താം. 

അവിടെ ഡാമിലൊരു ബോട്ടിങ് ആകാം. അതുകഴിഞ്ഞാല്‍ വഴിയോരക്കടകളിലെ തിരക്കുകളിലേക്ക് കയറാം. മുളകരച്ചുപുരട്ടിയ, മൊരുമൊരാന്നിരിക്കുന്ന പല വലുപ്പത്തിലുള്ള മീനുകള്‍ മാടിവിളിക്കും. പിന്നെയും ഉണ്ട് നാടന്‍ വിഭവങ്ങള്‍, ഉപ്പിലിട്ടതും ഉപ്പിലിടാത്തതുമെല്ലാമായി. നാവില്‍ രുചിയുടെ കപ്പലോടും. അപ്പോ എങ്ങനെ, പുറപ്പെടുകയല്ലേ...

യാത്രപോകുമ്പോള്‍

കേരള ടൂറിസം മലക്കപ്പാറയിലേക്കും വാല്‍പ്പാറയിലേക്കും യാത്രയ്ക്ക് അവസരമൊരുക്കുന്നുണ്ട്. ജില്ലാ ടൂറിസം ?െപ്രാമോഷന്‍ കൗണ്‍സിലിന് കീഴിലുള്ള തുമ്പൂര്‍മുഴി ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലാണ് യാത്രയൊരുക്കുന്നത്. ചാലക്കുടിയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി.യും സര്‍വീസ് നടത്തുന്നുണ്ട്. ബൈക്കുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ മാത്രമാണ് കാടിനുള്ളിലേക്ക് വിടുക. അതിരപ്പിള്ളി കഴിഞ്ഞാല്‍ പെട്രോള്‍ പമ്പുള്ളത് വാല്‍പ്പാറയിലാണെന്നത് മറക്കരുത്. 

മലക്കപ്പാറ ജംഗിള്‍ സഫാരി

തുമ്പൂര്‍മുഴി ഡാം, അതിരപ്പിള്ളി, ചാര്‍പ്പ, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍, പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍, ആനക്കയം, മലക്കപ്പാറ എന്നീ വിനോദ സഞ്ചാരകേന്ദ്രങ്ങളുള്‍പ്പെടെയുള്ള യാത്രാ പാക്കേജാണ് ടൂറിസംവകുപ്പ് ഒരുക്കുന്നത്. 


രാവിലെ എട്ടിന് ചാലക്കുടി പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസില്‍നിന്നു തുടങ്ങി രാത്രി എട്ടിന് തിരിച്ചെത്തും. ആയിരം രൂപയാണ് നിരക്ക്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ലഘുഭക്ഷണം, പ്രവേശന പാസുകള്‍, ഗൈഡിന്റെ സേവനം, ശീതീകരിച്ച വാഹനം എന്നിവ ഉള്‍പ്പെടെയാണ് നിരക്ക്. ഫോണ്‍: 0480-2769888.

വാല്‍പ്പാറ ഹില്‍ സഫാരി

രാവിലെ 6.30-ന് തൃശ്ശൂര്‍ ജില്ലാ ടൂറിസം ഓഫീസില്‍നിന്ന് ആരംഭിക്കുന്ന വാല്‍പ്പാറ യാത്രയില്‍ തുമ്പൂര്‍മുഴി, അതിരപ്പിള്ളി, വാഴച്ചാല്‍, ഷോളയാര്‍, ആനക്കയം, മലക്കപ്പാറ, അപ്പര്‍ ഷോളയാര്‍ ഡാം, വാല്‍പ്പാറ, അട്ടകെട്ടി 40 ഹെയര്‍പിന്‍ വളവുകള്‍, ആളിയാര്‍ ഡാം എന്നിവ സന്ദര്‍ശിച്ച് രാത്രി 10.30-ന് തൃശ്ശൂര്‍ വഴി ചാലക്കുടിയില്‍ തിരിച്ചെത്തും. 

പ്രവേശന പാസുകള്‍, ട്രാവല്‍ കിറ്റ്, ഗൈഡിന്റെ സേവനം എന്നിവയടക്കം രണ്ടായിരം രൂപയാണ് നിരക്ക്. ഫോണ്‍: 0480-2769888, 9497069888

Read more topics: # travelouge,# vaalpara,# trip
travelouge,vaalpara,trip

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES