വാത്സല്യത്തില്‍ മമ്മൂട്ടിയുടെ 'കുഞ്ഞമ്മാവന്‍' ആയി തിളങ്ങിയ നടന്റെ മകന്‍; ഫിലോമിനയുടെ ശബ്ദാനുകരണത്തിലൂടെ മമിക്രിയില്‍ താരമായി; സിനിമയിലും ചിരിപ്പിച്ചു; ഡിക്ടറ്റീവ് ഉജ്ജ്വലനില്‍ അവസാനമായി തിളങ്ങി; എല്ലാവരേയും ചിരിപ്പിച്ച് 'പ്രകമ്പനത്തില്‍' നിറഞ്ഞു; അപ്രതീക്ഷിത വിയോഗം ഹൃദയാഘാതം മൂലം

Malayalilife
വാത്സല്യത്തില്‍ മമ്മൂട്ടിയുടെ 'കുഞ്ഞമ്മാവന്‍' ആയി തിളങ്ങിയ നടന്റെ മകന്‍; ഫിലോമിനയുടെ ശബ്ദാനുകരണത്തിലൂടെ മമിക്രിയില്‍ താരമായി; സിനിമയിലും ചിരിപ്പിച്ചു; ഡിക്ടറ്റീവ് ഉജ്ജ്വലനില്‍ അവസാനമായി തിളങ്ങി; എല്ലാവരേയും ചിരിപ്പിച്ച് 'പ്രകമ്പനത്തില്‍' നിറഞ്ഞു; അപ്രതീക്ഷിത വിയോഗം ഹൃദയാഘാതം മൂലം

ചലച്ചിത്ര-മിമിക്രി താരം കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നില്‍ ഹൃദയാഘാതമെന്ന വിലയിരുത്തല്‍ ശക്തം. 25 ദിവസം താമസിച്ച ഹോട്ടിലിലാണ് തളര്‍ന്ന് വീണ് കിടന്നത്. ചൊറ്റാനിക്കരയില്‍ പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. മൃതദേഹം ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടം നടത്തും. മരണവിവരമറിഞ്ഞ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി പേരാണ് ആശുപത്രികളിലെത്തിയത്. കലാ കുടുംബമായിരുന്നു നവാസിന്റേത്. അച്ഛന്‍ അബുബക്കര്‍ നടനായിരുന്നു. സഹാദരന്‍ കലാഭവന്‍ നിയാസും സജീവ സനിമാക്കാരനാണ്. ഭാര്യ രഹ്നയും സീരിയലിലും സിനിമയിലും അഭിനയിക്കാറുണ്ടായിരുന്നു.

വാത്സല്യം സിനിമയിലെ ഓരോ കഥാപാത്രങ്ങളും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ചും മമ്മൂട്ടിയുടെ കുഞ്ഞമ്മാവന്റെ കഥാപാത്രം. ആ വേഷം അനശ്വരമാക്കിയ അബൂബക്കര്‍ എന്ന നടന്റെ മകനാണ് നവാസ്. വടക്കാഞ്ചേരി എങ്കക്കാട് വടകര വീരാരുവുവിന്റെ മകനായ അബുബക്കര്‍ അവിടുത്തെ നാടന്‍ കലാസമിതികളിലൂടെയാണ് കലാരംഗത്തേയ്ക്ക് കടക്കുന്നത്. ശ്രദ്ധേയനാകുന്നത് 1968 ലെ 'പോക്കറ്റ് ലാമ്പ് ' എന്ന നാടകത്തിലൂടെയും. ഇതിലെ അഭിനയത്തിന് ഏറ്റവും മികച്ച ഹാസ്യ നടനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. നിരവധി അവസരങ്ങള്‍ പിന്നീട് അബൂബക്കറിനെത്തേടിയെത്തി. ചങ്ങനാശേരി ഗീത നാടകസമിതിയില്‍ എഴ് വര്‍ഷം പ്രവര്‍ത്തിച്ചു. പിന്നീട് കോട്ടയം നാഷണല്‍ തീയെറ്റിലേക്ക്. സുഹൃത്തും സ്വന്തം നാട്ടുകാരനുമായ സംവിധാകന്‍ ഭരതനാണ് അബൂബക്കറിനെ സിനിമയിലെത്തിക്കുന്നത്. രാമു കാര്യാട്ടിന്റെ 'ദ്വീപ്',അഗ്നി, കേളി, വളയം,വാത്സല്യം,ഭൂമിഗീതം,സല്ലാപം തുടങ്ങിയ ഒരു പിടി ചിത്രങ്ങള്‍. ഇടയ്ക്കിടയ്ക്കുന്ന ലഭിക്കുന്ന ചെറിയ ചെറിയ വേഷങ്ങളിലൂടെ അബൂബക്കര്‍ പ്രേക്ഷകരുടെ ഇഷ്ടനടനായി. നാടകത്തിലും, സിനിമയിലും ആര്‍ദ്രമായ ഭാവാഭിനയം കൊണ്ട് അബൂബക്കര്‍ തന്റെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. സന്ധ്യ മോഹന്‍ സംവിധാനം ചെയ്ത അമ്മ അമ്മായിയമ്മ, തിരകള്‍ക്കപ്പുറം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പുവച്ചിരുന്നെങ്കിലും നടന്നില്ല. വാല്‍സല്യത്തിലെ അബുബക്കറിന്റെ കഥാപാത്രം ഏറെ കൈയ്യടി നേടിയിരുന്നു. അച്ഛന്റെ വഴിയേയാണ് മകന്‍ നവാസും കലാരംഗത്ത് എത്തുന്നത്. മിമിക്രിയിലൂടെ സജീവമായി. കലാഭവനില്‍ എത്തിയതോടെ പാട്ടും ഭാവാഭിനയവുമായി കത്തി കയറി. നടി ഫിലോമിനയുടെ ശബ്ദാനുകരണം നാവാസിനെ താരമാക്കി. സ്ത്രീ ശബ്ദത്തിലെ പാട്ടുകളും വേദികളില്‍ അവതരിപ്പിച്ച് കൈയ്യടി നേടി.

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. വൈകീട്ട് ആറുമണിയോടെ ഹോട്ടലിലെത്തിയെന്നാണ് ജീവനക്കാര്‍ പറയുന്നത്. എട്ട് മണിക്ക് തിരിച്ചുമടങ്ങുമെന്ന് നവാസ് ജീവനക്കാരെ അറിയിച്ചിരുന്നു. സിനിമയിലെ മറ്റു അണിയറ പ്രവര്‍ത്തകരും ഇതേ ഹോട്ടലില്‍ത്തന്നെയാണ് താമസിച്ചിരുന്നത്. എട്ടുമണിക്ക് റൂം ചെക്കൗട്ട് ചെയ്യുമെന്ന് അറിയിച്ച നവാസിനെ ഒന്‍പതു മണിയോടടുത്തിട്ടും പുറത്തുവരുന്നത് കണ്ടില്ല. ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. മറ്റു സഹപ്രവര്‍ത്തകരെല്ലാം ചെക്കൗട്ട് ചെയ്ത് പോവുകയും ചെയ്തു. ഇതോടെയാണ് റൂമില്‍ പോയി നോക്കിയത്. റൂം അകത്തു നിന്നും ലോക്ക് ചെയ്തിരുന്നില്ല. തുറന്നുനോക്കിയപ്പോള്‍ കട്ടിലിനോട് ചേര്‍ന്ന് തറയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടു. സോപ്പും തോര്‍ത്തും വസ്ത്രവുമടക്കം കട്ടിലിലുണ്ടായിരുന്നു. ഉടന്‍തന്നെ അടുത്ത കേന്ദ്രങ്ങളിലായുണ്ടായിരുന്ന സഹപ്രവര്‍ത്തകരെയും കൂട്ടി ആശുപത്രിയിലെത്തിച്ചു. ഹോട്ടലില്‍നിന്ന് കൊണ്ടുപോവുമ്പോള്‍ ശരീരത്തിന് അനക്കമുണ്ടായിരുന്നു. ഒന്‍പതുമണിയോടെയാണ് ആശുപത്രിയിലെത്തി. അപ്പോള്‍ മരണം സ്ഥിരീകരിച്ചു. നടനും നാടക കലാകാരനുമായിരുന്ന അബൂബക്കര്‍ ആണ് നവാസിന്റെ പിതാവ്. നടി രഹ്ന നവാസ് ആണ് ഭാര്യ. 2002-ലാണ് ഇരുവരും വിവാഹിതരാകുന്നത്. മക്കള്‍: നഹറിന്‍, റിദ്വാന്‍, റിഹാന്‍.

ലൊക്കേഷനില്‍ പതിവുപോലെത്തന്നെ കളിചിരിതമാശകളൊക്കെയായി നവാസ് സജീവമായിരുന്നു. രാവിലെ തൊട്ട് വൈകീട്ട് അഞ്ചര വരെ ലൊക്കേഷനിലുണ്ടായിരുന്നു. എല്ലാവരോടും കുശലം പറഞ്ഞും ചിരിച്ചുമൊക്കെയാണ് മടങ്ങിയത്. ചോറ്റാനിക്കരയില്‍ ഒരു വനഭാഗത്തുവെച്ചായിരുന്നു പ്രകമ്പനത്തിന്റെ ഷൂട്ടിങ്. ആരോഗ്യം വളരെയധികം ശ്രദ്ധിക്കുന്നയാളായിരുന്നു. മിമിക്രി വേദികളിലൂടെയാണ് നവാസ് മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. കലാഭവന്‍ മിമിക്രി ട്രൂപ്പില്‍ അംഗമായിരുന്നു. സഹോദരന്‍ നിയാസ് ബക്കറിനൊപ്പവും അദ്ദേഹം നിരവധി ഷോകളുടെ ഭാഗമായിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായ ഡിറ്റക്ടീവ് ഉജ്ജ്വലനിലെ പ്രകടനത്തിലൂടെ ഏറെ പ്രശംസയേറ്റുവാങ്ങിയിട്ടുണ്ട് കലാഭവന്‍ നവാസ്. ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തിയത് കലാഭവന്‍ നവാസ് ആയിരുന്നു. എന്നാല്‍ ഈ കഥാപാത്രം ചെയ്തത് നവാസാണെന്ന് ചിത്രം ഒടിടിയിലെത്തിയപ്പോഴാണ് പലര്‍ക്കും മനസിലായത്. നവാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണന്‍-രാഹുല്‍ ജി. എന്നിവര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമായിരുന്നു ഡിറ്റക്ടീവ് ഉജ്ജ്വലന്‍.

1995-ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ജൂനിയര്‍ മാന്‍ഡ്രേക്ക്, അമ്മ അമ്മായിയമ്മ, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാന്‍, ചന്ദാമാമ, മൈ ഡിയര്‍ കരടി, വണ്‍മാന്‍ ഷോ, വെട്ടം, ചട്ടമ്പിനാട്, കോബ്ര, എബിസിഡി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാ നാം ഷാജി എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

actor navas died heart attack

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES