തമിഴില്‍ നിന്ന് മലയാളത്തിലേക്ക് ഒരു സീരിയലിലെ ഒരു സീനില്‍ അഭിനയിക്കാനായി വന്ന നടിയാണ് കുബ്ര. എന്നാല്‍, പിന്നീട് മഴവില്‍ മനോരമയിലെ കഥാനായികയിലെ നായികയായ നാരായണിയായി തിളങ്ങുകയും മലയാളി പ്രേക്ഷകര്‍ സ്നേഹം കൊണ്ട് മുറുകെ പിടിക്കുകയും ചെയ്ത നടിയാണ് കുബ്ര. കഥാനായിക പരമ്പര അവസാനിച്ചപ്പോള്‍ ചെമ്പനീര്‍പ്പൂവിലെ രേവതിയായി കുബ്ര എത്താനിരിക്കെയാണ് ചില അപ്രതീക്ഷിത ട്വിസ്റ്റുകള്‍ സംഭവിച്ചതും ആ കഥാപാത്രം കുബ്രയുടെ കയ്യില്‍ നിന്നും വഴുതിപ്പോവുകയും ചെയ്തത്. പിന്നാലെ തന്നെ ഏതാനും മാസത്തെ ആരാധകരുടെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോള്‍ ചട്ടമ്പിപ്പാറുവിലെ നായികയായി കുബ്ര വീണ്ടും മലയാള മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തിയത്. അപ്പോഴും കുബ്രയെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു ആരാധകര്‍.
തമിഴ്നാട്ടുകാരിയാണ് കുബ്ര. വ്യത്യസ്തമായ പേരു തന്നെയാണ് നടിയില്‍ ആദ്യം ശ്രദ്ധ നേടുന്നത്. ഗ്രേറ്റ്.. സുപ്പീരിയര്‍ എന്നൊക്കെയാണ് കുബ്രയുടെ പേരിന്റെ അര്‍ത്ഥം. വീട്ടില്‍ അച്ഛനും അമ്മയും ചേച്ചിയും ചേട്ടനും അടങ്ങുന്നതാണ് നടിയുടെ കുടുംബം. ചേച്ചി വിവാഹം കഴിച്ച് ചെന്നൈയിലേക്കും ചേട്ടന്‍ ജോലി നേടി വിദേശത്തേക്കും പോയതോടെ വീട്ടില്‍ അച്ഛനും അമ്മയും മകളും മാത്രമായി. അതോടെ കൂട്ടിന് ലെഡ്ഡു എന്നൊരു പെറ്റിനേയും വാങ്ങിയിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ക്കെ അഭിനയിക്കാന്‍ ആഗ്രഹിച്ച ആളൊന്നുമായിരുന്നില്ല കുബ്ര. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ലോക്കല്‍ ചാനലുകളില്‍ അവതാരകയായി ചെയ്തിട്ടുണ്ട്. രാവിലെ സ്‌കൂളില്‍ പോയി വൈകിട്ട് അവതാരകയായി ചെയ്ത് തിരിച്ചു വീട്ടിലെത്തി.. അന്നതൊരു ടൈം പാസ് പോലെ മാത്രമായിരുന്നു മുന്നോട്ടു കൊണ്ടുപോയത്. ആ സമയത്ത് ഡാന്‍സ് ഷോകള്‍ ചെയ്ത് റിയാലിറ്റി ഷോകളിലും തിളങ്ങിയിരുന്നു. അപ്പോഴൊന്നും അഭിനയം ഒരു പാഷനായി എടുത്തിരുന്നില്ല.
കോളേജിലേക്ക് എത്തിയപ്പോഴാണ് പതുക്കെ അഭിനയരംഗത്തെത്ത് എത്തിയത്. അച്ഛന്റെ ആഗ്രഹമായിരുന്നു കുബ്രയെ ഒരു നടിയാക്കണമെന്നത്. ആദ്യമായി ഒരു വെബ്സീരിസാണ് ചെയ്തത്. അത് ഭയങ്കര ഓവര്‍ ആക്ടിംഗ് പോലെയാണ് ഫീല്‍ ചെയ്തത്. തുടര്‍ന്ന് സംവിധായകന്‍ എല്ലാം പറഞ്ഞുതന്നാണ് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനും നോക്കാനും നടക്കാനും ഒക്കെ പോലും പഠിച്ചത്. അങ്ങനെയാണ് അതില്‍ നിന്നും മറ്റൊരു സീരിയലിലേക്കും എത്തിയത്. അപ്പോഴെല്ലാം ഓരോ സീരിയലുകളില്‍ നിന്നും ഓരോ ദിവസവും ഓരോന്ന് പഠിച്ചാണ് മുന്നോട്ടു കയറിവന്നത്. അധികമൊന്നും ആഗ്രഹങ്ങളില്ലാത്ത പെണ്‍കുട്ടിയാണ് കുബ്ര.
നല്ല സീരിയലുകളും നല്ല കഥാപാത്രങ്ങളും ചെയ്ത് മുന്നോട്ടു പോകണമെന്നാണ് കുബ്രയുടെ ആഗ്രഹം. ഇപ്പോള്‍ 25 വയസുകാരിയാണ്. മലയാളത്തിലേക്ക് വന്ന ശേഷം കേരളത്തിനെ ഏറെ സ്നേഹിക്കുന്ന കക്ഷി കൂടിയാണ്. ബിരിയാണി, പുട്ട്, പപ്പടം, ചിക്കന്‍ കറി ഒക്കെയാണ് ഇഷ്ടഭക്ഷണം. മോഡേണ്‍ വേഷങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്ന കുട്ടിയുമാണ്.