അമ്മു സജീവ് ഈ പേര് ആരും അങ്ങനെ മറക്കാന്‍ സാധ്യതയില്ല. സഹപാഠികളുടെ മാനസിക പീഡനം മൂലം മരിച്ച ഒരു നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായിരുന്നു അമ്മു. കുഞ്ഞ് കുഞ്ഞ് സ്വപ്‌നങ്ങളുമായി ഇഷ്ടപ്പെട്ട വിഷയം തന്നെ പഠിക്കാന്‍ എടുത്ത് എല്ലാവരുടെയും പ്രിയപ്പെട്ടവളായിരുന്നു അവള്‍. ഹോസ്റ്റലിന്റെ ടെറസ്സില്‍ നിന്ന് വീണ് മരിച്ചതാണെന്നാണ് പോലീസിന്റെയും മറ്റും പ്രാഥമിക നിഗമനം. എന്നാല്‍ അത് കൊലപാതകമെന്ന് വിശ്വസിക്കുകയാണ് അമ്മുവിന്റെ അച്ഛന്‍ സജീവും അമ്മ രാധാമണിയും. ഈയടുത്ത ദിവസമാണ് അമ്മുവിന്റെ പേസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നത്. അതില്‍ തലയ്ക്കും ഇടുപ്പിനും തുടയ്ക്കും ഉണ്ടായ പരിക്കാണ് മരണകാരണം എന്നാണ് പറയുന്നത്.
2024 നവംബര്‍ 15നാണ് ചുട്ടിപ്പാറ എസ്എംഇ കോളജിലെ അവസാനവര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിയായ അമ്മു ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ നിന്നു വീണു മരിക്കുന്നത്. എന്ത് സംഭവിച്ചാലും അച്ഛനും അമ്മയും കൂടെ ഉണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു. കോഴ്‌സ് അവസാനിക്കാന്‍ മാസങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് അമ്മു ഈ കടുംകൈ ചെയ്യുന്നത്. കുഞ്ഞ് അനുജത്തി മരിച്ചത് ഇപ്പോഴും വിശ്വസിക്കാന്‍ ആകാതെ ജീവിക്കുകയാണ് അവളുടെ ചേട്ടന്‍ അഖിലും. ലാളിച്ച് വളര്‍ത്തിയ മകള്‍ ഈ ലോകത്തോട് വിട പറഞ്ഞിട്ട് രണ്ട് മാസം ആകുമ്പോള്‍ പൊലിഞ്ഞത് നീണ്ട 22 വര്‍ഷം അച്ഛനും അമ്മയും കണ്ട സ്വപ്‌നങ്ങളാണ്.
അഖില്‍ ജനിച്ച് ആറ് വര്‍ഷത്തിന് ശേഷമാണ് അമ്മു ജനിക്കുന്നത്. ആര്യ സെന്‍ട്രല്‍ സ്‌കൂളിലും പട്ടം സെന്റ് മേരീസിലുമായാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഫുള്‍ എ പ്ലസ് വാങ്ങി പത്തും പ്ലസ് ടുവും പാസായി. നന്നായി പഠിക്കുമായിരുന്നു. എഴുതിയ പരീക്ഷകള്‍ക്കെല്ലാം നല്ല മാര്‍ക്കും ഉണ്ടായിരുന്നു. എല്ലാത്തിനും അവള്‍ക്ക് അച്ഛന്‍ വേണമായിരുന്നു. അമ്മ നഴ്‌സ് ആയതുകൊണ്ടാകണം ചെറുപ്പം മുതല്‍ നഴ്‌സിങ്ങിനോടായിരുന്നു അമ്മുവിനു താല്‍പര്യം. സിഇടിയില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് ആന്‍ഡ് എ ഐയ്ക്ക് അഡ്മിഷന്‍ കിട്ടിയതാണ്. അതിനുശേഷമാണ് ചുട്ടിപ്പാറ കോളജില്‍ ബിഎസ്‌സി നഴ്‌സിങ്ങിന് സീറ്റ് കിട്ടുന്നതും അവിടേക്കു മാറുന്നതും.
ആരെയും ആശ്രയിക്കാന്‍ ജീവിക്കാതെ പഠിക്കാന്‍ വേണ്ടിയാണ് അവളെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരാന്‍ പോകുന്നത് നിര്‍ത്തിയത്. വരുന്ന ദിവസത്തേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുക്കും. സംഭവം നടക്കുന്ന ആഴ്ചയിലും വീട്ടിലേക്കു വരാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പഠിക്കുന്ന സമയത്ത് ആലപ്പുഴ ബീച്ച് ആശുപത്രിയില്‍ ഒരു ഗൈനക്ക് പോസ്റ്റ് ലഭിച്ചു. അവിടെ സ്വകാര്യ ഹോസ്റ്റലിലായിരുന്നു താമസം. അവള്‍ക്കൊപ്പം കുറ്റാരോപിതരായ അലീന, അക്ഷിത, അഞ്ജന എന്നീ കുട്ടികളും ഉണ്ടായിരുന്നു. ഇവര്‍ വീട്ടിലും ടീച്ചറിനോടും പറയാതെ സിനിമയ്ക്ക് പോകാന്‍ ഇരുന്നത് ടീച്ചറുടെ അടുത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ പറഞ്ഞത് അച്ഛനായിരുന്നു. ഇത് അമ്മുവിനോട് അവര്‍ക്ക് ശത്രുത ഉണ്ടാക്കി. അന്ന് അവര്‍ അവളെ ടോര്‍ച്ചര്‍ ചെയ്യാന്‍ തുടങ്ങി. എല്ലാം അവള്‍ മാതാപിതാക്കളുടെ എടുത്തും ടീച്ചറുടെ എടുത്തും പറഞ്ഞു. അമ്മുവിടെ ടൂര്‍ കോര്‍ഡിനേറ്റര്‍ ആക്കിയതും അവര്‍ക്ക് ശത്രുത വര്‍ദ്ധിച്ചു. അപ്പോഴും ടോര്‍ച്ചറിങ് തുടര്‍ന്നു. ടീച്ചറോട് പരാതിപ്പെട്ടു. എല്ലാം പരിഹരിച്ചെന്നായിരുന്നു മറുപടി.
പല കാര്യങ്ങള്‍ക്കും അവര്‍ അമ്മുവിനെ ഉപ്രദവിച്ചു. മറ്റ് കുട്ടികളുടെ വീട്ടുകാരുമായി മീറ്റിങ് നടക്കാനിരിക്കെയാണ് ഈ അപകടം. വീട്ടില്‍ വിളിക്കുന്ന സമയം ആയിട്ടും വിളിക്കാതിരുന്നപ്പോള്‍ ടെന്‍ഷനായി. അവളുടെ ഹോസ്റ്റലിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ വിളിച്ചു അമ്മു സ്‌റെയറില്‍ നിന്ന് വീണു എന്ന് പറഞ്ഞു. എന്തു പറ്റി മക്കളേ എന്നു ചോദിച്ചപ്പോള്‍ 'വേദന സഹിക്കാന്‍ പറ്റുന്നില്ലമ്മാ...' എന്നു പറഞ്ഞു കരഞ്ഞു. പെട്ടെന്നു വാര്‍ഡന്‍ ഫോണ്‍ തിരികെ വാങ്ങി. അച്ഛന് കൊടുത്തപ്പോള്‍ അച്ഛാ എന്ന വിളി മാത്രമായിരുന്നു. പിന്നീടാണ് അവളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നത്. എന്നാല്‍ ആംബുലന്‍സില്‍ കൊണ്ടുവരുമ്പോള്‍ തന്നെ അവള്‍ മരിച്ചിരുന്നു.
ഒരുപാടു ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. അവളുടെ പുസ്തകത്തില്‍ നിന്ന് ലഭിച്ച കത്തില്‍ കുറച്ചു നാളുകളായി ചില കുട്ടികളില്‍ നിന്ന് പരിഹാസവും മാനസിക ബുദ്ധിമുട്ടു നേരിടുന്നുവെന്ന് എഴുതിയിട്ടുണ്ട്. അവള്‍ക്ക് എന്തൊക്കെയോ പറയാന്‍ ബാക്കിയുണ്ടായിരുന്നു. ഐ ക്വിറ്റ് എന്ന് പുസ്തകത്തിലും എഴുതിയിരുന്നു. എന്നാല്‍ അത് അമ്മുവിന്റെ കൈയക്ഷരം അല്ല. അമ്മുവിന് ഉയരം പേടിയാണ്. ആ കുട്ടി ഹോസ്റ്റലിന്റെ ടെറസില്‍ നിന്നു തഴേക്കു ചാടി എന്നു പറയുന്നതില്‍ എന്തൊക്കെയോ പൊരുത്തക്കേടുണ്ട്. ഒരുപാട് സ്വപ്‌നങ്ങള്‍ ബാക്കിയാക്കിയാണ് അവള്‍ പോയത്.