ആനന്ദിന്റെ സ്വപ്നമായിരുന്നു സേനയിലെത്തുക എന്നത്. ചെറിയ പ്രായം മുതലേ തന്നെ യൂണിഫോം ധരിച്ച് സമൂഹത്തിനായി സേവനം ചെയ്യണം എന്ന ആഗ്രഹം ആനന്ദിനുണ്ടായിരുന്നു. പക്ഷേ, സേവന ജീവിതം തുടങ്ങും മുന്‍പേ തന്നെ ആ സ്വപ്നം അര്‍ദ്ധവഴിയില്‍ അവസാനിക്കുകയായിരുന്നു. പേരൂര്‍ക്കട എസ്എപി ക്യാംപില്‍ പരിശീലനം നേടുകയായിരുന്ന ആദിവാസി യുവാവ് എ. ആനന്ദിന്റെ ദുരൂഹമായ മരണം കുടുംബത്തെയും നാട്ടുകാരെയും വേദനയിലാഴ്ത്തി. ദിവസവും അമ്മയെ വിശേഷങ്ങള്‍ ചോദിച്ചിരുന്ന മകന്‍ ഇന്നിവര്‍ക്ക് ഓര്‍മ്മയായിരിക്കുകയാണ്. അമ്മയോട് സ്നേഹത്തോടെ സംസാരിച്ച് മണിക്കൂറുകള്‍ക്കകം ജീവന്‍ അവസാനിപ്പിച്ച ആനന്ദിന്റെ കഥ, അദ്ദേഹത്തെ സമീപിച്ച എല്ലാവരെയും നടുക്കിയിരിക്കുകയാണ്.
പേരൂര്‍ക്കട എസ്എപി ക്യാംപില്‍ പൊലീസ് ട്രെയിനിയായിരുന്ന ആദിവാസി യുവാവ്, വിതുര പേപ്പാറ കരിപ്പാലം അരവിന്ദ് ഭവനില്‍ നിന്നുള്ള എ. ആനന്ദ്, ജീവനൊടുക്കുന്നതിന് മിനിറ്റുകള്‍ക്കു മുന്‍പ് തന്നെ അമ്മയോട് ഫോണ്‍ വഴി സംസാരിച്ചിരുന്നു. സാധാരണ ദിവസങ്ങളിലെ പോലെ തന്നെ അമ്മയോട് ഇന്ന് ഭക്ഷണം കഴിച്ചോയെന്ന് ചോദിക്കുകയും, ജോലിക്കു പോകുമ്പോള്‍ സൂക്ഷിക്കണം എന്ന് സ്നേഹപൂര്‍വ്വം ഉപദേശം നല്‍കുകയും ചെയ്തിരുന്നു. അമ്മയ്ക്കു തോന്നിയത് മകന്‍ സുരക്ഷിതമായിരിക്കുന്നു, കാര്യങ്ങള്‍ എല്ലാം സാധാരണമാണ് എന്നായിരുന്നു. പക്ഷേ, അതിന് മണിക്കൂറുകള്‍ക്കകം തന്നെ ആനന്ദിന്റെ ജീവിതം അപ്രതീക്ഷിതമായി അവസാനിച്ചുവെന്ന വാര്‍ത്തയാണ് കുടുംബത്തെ നടുക്കിയത്. അമ്മയുടെ മനസ്സില്‍ ഇന്നും മുഴങ്ങുന്നത് മകന്റെ അവസാന വാക്കുകളും കരുതലും നിറഞ്ഞ ശബ്ദവുമാണ്.
മരുന്നും ഭക്ഷണവും കൃത്യസമയത്ത് കഴിക്കണമെന്ന് അമ്മ ചന്ദ്രിക പതിവുപോലെ ആനന്ദിനോട് ഓര്‍മ്മിപ്പിച്ചു. അതിന് ആനന്ദ് സ്നേഹത്തോടെ മറുപടി നല്‍കി'അതൊക്കെ ഞാന്‍ ചെയ്‌തോളാം, അമ്മ വിഷമിക്കണ്ട'' എന്ന്. എന്നാല്‍ ഈ വാക്കുകള്‍ അമ്മയെ ഏറെ വേദനിപ്പിക്കുകയാണ്. ആ സംഭാഷണം കഴിഞ്ഞിട്ട് ഏകദേശം ഒരു മണിക്കൂര്‍ പിന്നിടുമ്പോഴാണ് ക്യാംപിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ചന്ദ്രികയെ വിളിച്ചത്. എത്രയും വേഗം ക്യാംപിലേക്ക് വരണം എന്നായിരുന്നു പറഞ്ഞത്. പക്ഷേ മൂത്ത മകന്‍ ഇവിടെ ഇല്ലെന്നും ഒറ്റയ്ക്ക് വരാന്‍ സാധിക്കില്ലെന്നുമായിരുന്നു ചന്ദ്രിക മറുപടി പറഞ്ഞത്. എന്നാല്‍ ആനന്ദിനെ അയക്കാന്‍ എന്ന് പോലീസ് മറുപടി പറഞ്ഞ് ഫോണ്‍ വച്ചു. അവരുടെ വാക്ക് കേട്ട് അമ്മ മകനെ പ്രതീക്ഷയോടെ കാത്തിരുന്നു. അവന്റെ കിടക്കയും ഷീറ്റുമൊക്കെ മാറ്റി, അവനിഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ ഉണ്ടാക്കാനുള്ള ജോലി തുടങ്ങി. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും കാണാത്തതുകൊണ്ട് വീണ്ടും ആ ഉദ്യേഗസ്ഥനെ വിളിച്ചു. അവന്‍ വന്നോളും എന്നായിരുന്നു മറുപടി. പക്ഷേ പിന്നെ വന്നത് അനക്കമില്ലാതെയായിരുന്നു എന്ന് പറഞ്ഞ് ചന്ദ്രിക പൊട്ടിക്കരഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് പേരൂര്‍ക്കട എസ്എപി ക്യാംപിലെ ബാരക്കില്‍ ആനന്ദിനെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വാര്‍ത്ത അറിഞ്ഞ ഉടനെ തന്നെ കുടുംബം ക്യാംപിലെത്തി. എന്നാല്‍ ആനന്ദിന്റെ മരണത്തില്‍ പല ദുരൂഹതകളും ഉണ്ടെന്ന് കുടുംബം ആരോപിച്ചു. പ്രത്യേകിച്ച്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുടുംബം മുന്നോട്ടുവച്ചത്. ആനന്ദ് പലപ്പോഴും സഹോദരന്‍ എ. അരവിന്ദിനോട് തുറന്നു പറഞ്ഞിരുന്നതായി പറയുന്നു. ജാതി വിവേചനവും മാനസിക പീഡനവും തനിക്ക് നേരിടേണ്ടിവരുന്നുണ്ടെന്ന്. അത് കേട്ടപ്പോള്‍ തന്നെ വീട്ടുകാര്‍ക്ക് വലിയ ആശങ്കയുണ്ടായിരുന്നു. ക്യാംപില്‍ ഒരുപാട് ട്രെയിനികളോട് മോശമായ രീതിയില്‍ സംസാരിക്കാറുണ്ടെന്നും, അധിക്ഷേപിക്കുന്ന തരത്തില്‍ പെരുമാറാറുണ്ടെന്നും ആനന്ദിന്റെ ചേട്ടന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഭയത്താല്‍ ആര്‍ക്കും തുറന്ന് പറയാന്‍ ധൈര്യമുണ്ടായിരുന്നില്ല. ഇതാകാം ആനന്ദിന്റെ മരണത്തിന്റെ കാരണം എന്നാണ് വീട്ടുകാര്‍ സംശയിക്കുന്നത്.
നേരത്തേയും ആനന്ദ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. 16ന് രാവിലെ 5.45 ന് ബാരക്കിലെ ശുചിമുറിയില്‍ രണ്ട് കൈകളിലും സ്വയം മുറിവേല്‍പിച്ച നിലയില്‍ ആനന്ദിനെ കണ്ടെത്തിയിരുന്നു. ഉടന്‍ പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ എത്തിച്ചതു രക്ഷയായി. കൗണ്‍സലിങ്ങിനു ശേഷം ബാരക്കില്‍ എത്തിച്ച ആനന്ദിനെ അമ്മ ചന്ദ്രികയും അരവിന്ദും കണ്ടിരുന്നു. വീട്ടിലേക്ക് വരാന്‍ അമ്മ നിര്‍ബന്ധിച്ചെങ്കിലും ക്യാംപില്‍ തുടരാമെന്ന് ആനന്ദ് പറയുകയായിരുന്നു. അന്ന് ആനന്ദിനോടു തനിച്ചു സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നെന്നും അരവിന്ദ് പറയുന്നു. ആനന്ദ് എന്തിനെയോ പേടിക്കുന്നുണ്ടായിരുന്നുവെന്ന് തോന്നിയിരുന്നു. വീട്ടിലെത്തിയ ശേഷവും തുടര്‍ച്ചയായി ഫോണില്‍ ആനന്ദിനെ വിളിച്ചിരുന്നു. അസ്വാഭാവികത ഇല്ലാതെയാണ് സംസാരിച്ചതെങ്കിലും എന്തൊക്കെയോ ആശങ്കകള്‍ ഒളിപ്പിച്ചുവയ്ക്കുന്നതു പോലെ തോന്നിയെന്നും അരവിന്ദ് പറഞ്ഞു.
സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ വിജയിച്ച ശേഷം ആനന്ദ് മറ്റു പല സര്‍ക്കാര്‍ പരീക്ഷകളിലും പേര് നേടിക്കഴിഞ്ഞിരുന്നു. ഫയര്‍മാന്‍, ബീറ്റ് വനം ഓഫീസര്‍, സിവില്‍ എക്സൈസ് ഓഫീസര്‍, ലാസ്റ്റ് ഗ്രേഡ് പരീക്ഷകള്‍ എല്ലാം റാങ്ക് ലിസ്റ്റില്‍ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നു. സ്ഥിരം ജോലി കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നതിനാല്‍ കുടുംബവും സുഹൃത്തുക്കളും ഏറെ സന്തോഷിച്ചിരുന്നു. എന്നാല്‍ ആനന്ദിന്റെ മനസില്‍ മറ്റൊരു ആഗ്രഹം ഉണ്ടായിരുന്നു. ചെറുപ്പം മുതലേ പൊലീസ് യൂണിഫോമിനോടുള്ള ആദരവും ആകര്‍ഷണവും. സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും നിയമം പാലിപ്പിക്കാനും കഴിയുന്ന സേനയിലെ ജീവിതം തന്നെയാണ് തനിക്ക് വേണ്ടത് എന്നു അദ്ദേഹം വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് സുരക്ഷിതമായ മറ്റു ജോലികളിലേക്ക് തിരിയാതെ, കൂടുതല്‍ പരിശ്രമിച്ച് പൊലീസ് പരിശീലനത്തിലേക്ക് എത്തിയത്. എന്നാല്‍ ആ സേനയില്‍ വച്ച് തന്നെ ജീവിതം അവസാനിപ്പിച്ചിരിക്കുകയാണ് ആനന്ദ്.