സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ വിജയിച്ച ശേഷം ആനന്ദ് മറ്റു പല സര്‍ക്കാര്‍ പരീക്ഷകളിലും പേര് നേടിക്കഴിഞ്ഞിരുന്നു. ഫയര്‍മാന്‍, ബീറ്റ് വനം ഓഫീസര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍, ലാസ്റ്റ് ഗ്രേഡ് പരീക്ഷകള്‍ എല്ലാം റാങ്ക് ലിസ്റ്റില്‍ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നു. സ്ഥിരം ജോലി കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നതിനാല്‍ കുടുംബവും സുഹൃത്തുക്കളും ഏറെ സന്തോഷിച്ചിരുന്നു. എന്നാല്‍ ആനന്ദിന്റെ മനസില്‍ മറ്റൊരു ആഗ്രഹം ഉണ്ടായിരുന്നു. ചെറുപ്പം മുതലേ പൊലീസ് യൂണിഫോമിനോടുള്ള ആദരവും ആകര്‍ഷണവും. സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും നിയമം പാലിപ്പിക്കാനും കഴിയുന്ന സേനയിലെ ജീവിതം തന്നെയാണ് തനിക്ക് വേണ്ടത് എന്നു അദ്ദേഹം വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് സുരക്ഷിതമായ മറ്റു ജോലികളിലേക്ക് തിരിയാതെ, കൂടുതല്‍ പരിശ്രമിച്ച് പൊലീസ് പരിശീലനത്തിലേക്ക് എത്തിയത്. എന്നാല്‍ ആ സേനയില്‍ വച്ച് തന്നെ ജീവിതം അവസാനിപ്പിച്ചിരിക്കുകയാണ് ആനന്ദ്. മകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും ബന്ധുക്കളും.
മരിക്കുന്നതിന് മുന്‍പ് ആനന്ദ് അമ്മയായ ചന്ദ്രികയെ വിളിച്ചിരുന്നു. ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് പോലീസ് ക്യാംപില്‍ നിന്ന് ഒരു ഉദ്യേഗസ്ഥന്‍ വിളിച്ചു. എന്നിട്ട് എത്രയും വേഗം ക്യാംപില്‍ എത്തണമെന്ന് പറഞ്ഞു. എന്താണ് സംഭവിച്ചതെന്നോ എന്തിനാണ് വിളിപ്പിക്കുന്നതെന്നോ അദ്ദേഹം പറഞ്ഞിരുന്നില്ല. മൂത്ത് മകന്‍ വീട്ടില്‍ ഉണ്ടായിരുന്ന സമയം ആയിരുന്നില്ല അവര്‍ വിളിച്ചത്. അതുകൊണ്ട് തന്നെ ഉദ്യേഗസ്ഥരോട് പറഞ്ഞു മൂത്ത് മകന്‍ ഇവിടെ ഇല്ലെന്നും ഈ സമയം വരാന്‍ സാധിക്കില്ലെന്നും. അപ്പോള്‍ എന്നാല്‍ ആനന്ദിനെ വിടാം എന്നായിരുന്നു ആ പോലീസ് ഉദ്യേഗസ്ഥന്‍ പറഞ്ഞത്. അവരുടെ വാക്ക് കേട്ട് വിശ്വസിച്ച് തന്റെ രണ്ടാമത്തെ മകനെ ആ അമ്മ കാത്തിരുന്നു. മകന്റെ വരവിനായി. വലിയ സന്തോഷത്തിലായിരുന്നു ചന്ദ്രിക. ക്യംപിലെ ഭക്ഷണവും താമസവും ഒന്നും ശരിയായിരിക്കില്ല എന്ന് അവന്റെ അമ്മയ്ക്ക് നല്ലതുപോലെ അറിയാമായിരുന്നു. അതുകൊണ്ട് തന്നെ മകന്‍ വരുന്നു എന്ന് കേട്ടപ്പോള്‍ അവന് ഇഷ്ടമുള്ള ഭക്ഷണം എല്ലാം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. അവന് ശരിയായ രീതിയില്‍ ഉറങ്ങാന്‍ മുറിയിലെ ബെഡ്ഡിലെ ഷീറ്റുകള്‍ എല്ലാം മാറ്റി വൃത്തിയാക്കി കാത്തിരുന്ന അമ്മ. പക്ഷേ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മകനെ കണ്ടില്ല. എന്താ വരാത്തത് എന്ന ചിന്തയിലായിരുന്നു ചന്ദ്രിക.
കുറച്ച് നേരം കൂടി കാത്തിരുന്നെങ്കിലും മകന്‍ വരാത്തതില്‍ അമ്മയുടെ മനസില്‍ സംശയം വളര്‍ന്നു. അതിനാല്‍ വീണ്ടും തന്നെ ക്യാംപിലെ ആ പോലീസ് ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ചു. ''അച്ചു (ആനന്ദ്) വരാത്തത് എന്തുകൊണ്ടാണ്? അയച്ചില്ലേ?'' എന്ന് ഭയത്തോടും പ്രതീക്ഷയോടും ചേര്‍ന്ന സ്വരത്തിലാണ് അമ്മ ചോദിച്ചത്. എന്നാല്‍ മറുവശത്ത് നിന്ന് ലഭിച്ചത് വളരെ ചുരുക്കമായ മറുപടിയായിരുന്നു'അവന്‍ അങ്ങോട്ട് എത്തിക്കോളും.'' ആ അമ്മ വീണ്ടും പ്രതീക്ഷയിലായി. ഉടന്‍ തന്നെ മകന്‍ വീട്ടില്‍ എത്തും എന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു. മകനെ കാണാനുള്ള സന്തോഷത്തില്‍ ചന്ദ്രിക വീട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഇടയ്ക്കിടെ വാതിലിനരികിലേക്കു പോയി നോക്കി. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിന് ശേഷം ആനന്ദ് വീട്ടിലേക്ക് എത്തി. പക്ഷേ അത് ജീവനുള്ള തന്റെ മകനായിരുന്നില്ല. മറിച്ച് ജീവന്‍ ഇല്ലാത്ത അവന്റെ ശരീരമായിരുന്നു. ലോകം മുഴുവന്‍ തന്നെ ഒരു നിമിഷം കൊണ്ടു ഇരുണ്ടുപോയതുപോലെ ആ അമ്മയ്ക്ക് തോന്നി. മകന്റെ വരവിനായി കരുതിയ എല്ലാ ഒരുക്കങ്ങളും അമ്മയുടെ കണ്ണീരിലാഴ്ന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് പേരൂര്‍ക്കട എസ്എപി ക്യാംപിലെ ബാരക്കില്‍ ആനന്ദിനെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വാര്‍ത്ത അറിഞ്ഞ ഉടനെ തന്നെ കുടുംബം ക്യാംപിലെത്തി. എന്നാല്‍ ആനന്ദിന്റെ മരണത്തില്‍ പല ദുരൂഹതകളും ഉണ്ടെന്ന് കുടുംബം ആരോപിച്ചു. പ്രത്യേകിച്ച്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുടുംബം മുന്നോട്ടുവച്ചത്. ആനന്ദ് പലപ്പോഴും സഹോദരന്‍ എ. അരവിന്ദിനോട് തുറന്നു പറഞ്ഞിരുന്നതായി പറയുന്നു. ജാതി വിവേചനവും മാനസിക പീഡനവും തനിക്ക് നേരിടേണ്ടിവരുന്നുണ്ടെന്ന്. അത് കേട്ടപ്പോള്‍ തന്നെ വീട്ടുകാര്‍ക്ക് വലിയ ആശങ്കയുണ്ടായിരുന്നു. ക്യാംപില്‍ ഒരുപാട് ട്രെയിനികളോട് മോശമായ രീതിയില്‍ സംസാരിക്കാറുണ്ടെന്നും, അധിക്ഷേപിക്കുന്ന തരത്തില്‍ പെരുമാറാറുണ്ടെന്നും ആനന്ദിന്റെ ചേട്ടന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഭയത്താല്‍ ആര്‍ക്കും തുറന്ന് പറയാന്‍ ധൈര്യമുണ്ടായിരുന്നില്ല. ഇതാകാം ആനന്ദിന്റെ മരണത്തിന്റെ കാരണം എന്നാണ് വീട്ടുകാര്‍ സംശയിക്കുന്നത്.
നേരത്തേയും ആനന്ദ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. 16ന് രാവിലെ 5.45 ന് ബാരക്കിലെ ശുചിമുറിയില്‍ രണ്ട് കൈകളിലും സ്വയം മുറിവേല്‍പിച്ച നിലയില്‍ ആനന്ദിനെ കണ്ടെത്തിയിരുന്നു. ഉടന്‍ പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ എത്തിച്ചതു രക്ഷയായി. കൗണ്‍സലിങ്ങിനു ശേഷം ബാരക്കില്‍ എത്തിച്ച ആനന്ദിനെ അമ്മ ചന്ദ്രികയും അരവിന്ദും കണ്ടിരുന്നു. വീട്ടിലേക്ക് വരാന്‍ അമ്മ നിര്‍ബന്ധിച്ചെങ്കിലും ക്യാംപില്‍ തുടരാമെന്ന് ആനന്ദ് പറയുകയായിരുന്നു. അന്ന് ആനന്ദിനോടു തനിച്ചു സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നെന്നും അരവിന്ദ് പറയുന്നു. ആനന്ദ് എന്തിനെയോ പേടിക്കുന്നുണ്ടായിരുന്നുവെന്ന് തോന്നിയിരുന്നു. വീട്ടിലെത്തിയ ശേഷവും തുടര്‍ച്ചയായി ഫോണില്‍ ആനന്ദിനെ വിളിച്ചിരുന്നു. അസ്വാഭാവികത ഇല്ലാതെയാണ് സംസാരിച്ചതെങ്കിലും എന്തൊക്കെയോ ആശങ്കകള്‍ ഒളിപ്പിച്ചുവയ്ക്കുന്നതു പോലെ തോന്നിയെന്നും അരവിന്ദ് പറഞ്ഞു.