'പോലീസിന്റെ യൂണിഫോമിട്ട് അമ്മയുടെ മുന്നിലെത്തണം' അതായിരുന്നു അമ്മ ചന്ദ്രികയുടെ ഏറ്റവും വലിയ സ്വപ്നം. ഭര്‍ത്താവിന്റെ മരണത്തിന് പിന്നാലെ തയ്യല്‍ മെഷീന്റെ ശബ്ദത്തിലൂടെയാണ് അവള്‍ മക്കളെ വളര്‍ത്തിയത്. മിടുക്കനായ ആനന്ദ് ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി. പക്ഷേ, യൂണിഫോമിട്ട മകന്‍ അമ്മയുടെ കണ്ണിന് മുന്നിലെത്തുന്നതിന് മുന്‍പേ, വെള്ളത്തുണിയില്‍ പൊതിഞ്ഞ നിശ്ചലശരീരമായാണ് വീട്ടിലെത്തിയത്. മകന്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് ആ അമ്മയും ചേട്ടനും ഇപ്പോഴും വിശ്വസിക്കുന്നത്. അവന്‍ അങ്ങനെ ചെയ്‌തെങ്കില്‍ തന്നെ അതിന് തക്കതായ കാരണവും ഉണ്ടാകും എന്നാണ് അവര്‍ വിശ്വസിക്കുന്നത്. മകന്റെ ഒരു സാധരണ മരണമാക്കി മാറ്റാനാണ് പോലീസുകാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ക്യാംപില്‍ അവനെ മാനസികമായി പീഡിപ്പിക്കുന്നത് സഹിക്കാന്‍ കഴിയാതെ ആനന്ദ് ആത്മഹത്യ ചെയ്തത് എന്നാണ് അമ്മ ചന്ദ്രിക കരഞ്ഞുകൊണ്ട് പറയുന്നത്.
ആനന്ദ് മുമ്പ് തന്നെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന കാര്യം പിന്നീട് മാത്രമാണ് കുടുംബം അറിഞ്ഞത്. സെപ്റ്റംബര്‍ 16-ന്, ഇരുകൈകളിലും മുറിവേല്‍പ്പിച്ച് ജീവന്‍ അവസാനിപ്പിക്കാന്‍ ആനന്ദ് ശ്രമിച്ചിരുന്നു. സംഭവം അറിഞ്ഞ് ക്യാമ്പിലെത്തിയപ്പോള്‍, ആനന്ദിന്റെ കൈകളില്‍ അഞ്ച് തുന്നിക്കെട്ടുകളുണ്ടെന്ന് ബറ്റാലിയന്‍ ഡിഐജി തന്നെയാണ് അമ്മ ചന്ദ്രിക അശോകനോട് പറഞ്ഞത്. ആ വിവരം അമ്മയെ നടുങ്ങിച്ചു. എന്നാല്‍, അന്ന് ആനന്ദ് കുടുംബത്തോട് ഒന്നും വ്യക്തമാക്കാതെ, ഫുള്‍ കൈ ഷര്‍ട്ടിട്ടാണ് സംസാരിച്ചത്. കൈകളിലെ മുറിവുകള്‍ മറച്ചുവെച്ചത് തന്നെയായിരുന്നു. ''ചെറിയ മുറിവ് മാത്രമാണ്, വിഷമിക്കേണ്ട'' എന്ന് പറഞ്ഞ് അമ്മയെ ആശ്വസിപ്പിക്കാനും ശ്രമിച്ചു. പക്ഷേ, മുറിവിന്റെ ഗൗരവം കുടുംബം പിന്നീട് മാത്രമേ മനസ്സിലാക്കാന്‍ കഴിഞ്ഞുള്ളു.
ആനന്ദിന്റെ കൈകളില്‍ അഞ്ച് തുന്നിക്കെട്ടുകളുണ്ടെന്ന കാര്യം കുടുംബം നേരിട്ട് കണ്ടറിഞ്ഞതല്ല. അത് അറിയാന്‍ കഴിഞ്ഞത് ബറ്റാലിയന്‍ ഡിഐജിയില്‍ നിന്നാണ് ഇതാണ് അമ്മ ചന്ദ്രികയുടെ വെളിപ്പെടുത്തല്‍. സംഭവം അറിഞ്ഞ ശേഷം, അമ്മയും സഹോദരനും വിഷമത്തോടെ ആനന്ദിനെ ഫോണില്‍ ബന്ധപ്പെട്ടു. ''കൈയില്‍ മുറിവുണ്ടെന്ന് കേട്ടു, എന്താണ് സംഭവിച്ചത്?'' എന്ന് അമ്മ ചോദിച്ചപ്പോള്‍, ആനന്ദ് മറുപടി നല്‍കിയില്ല. വിഷയം മാറ്റിിക്കൊണ്ട്, ചോദ്യത്തിന് വ്യക്തമായ ഉത്തരം പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനെക്കുറിച്ച് ഓര്‍മ്മിക്കുന്ന അരവിന്ദ് പറയുന്നു: ''ഉദ്യോഗസ്ഥരെ പേടിച്ചതുകൊണ്ടായിരിക്കാം അവന്‍ ഒന്നും തുറന്നു പറഞ്ഞില്ല. എന്തെങ്കിലും സംഭവിച്ചാലും നമ്മോട് പറയാന്‍ അവനു മടിയുണ്ടായിരുന്നു.''
അരവിന്ദ് കൂടി കൂട്ടിച്ചേര്‍ത്തു: ''ഞങ്ങളുടെ കുടുംബത്തിന്റെ പശ്ചാത്തലം അറിയുന്നവര്‍ക്ക് വ്യക്തമാണ് ആനന്ദ് ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന ആളല്ല. അമ്മയ്ക്കുവേണ്ടിയും കുടുംബത്തിനുവേണ്ടിയും എന്നും പോരാടിയവനാണ് അവന്‍. അതിനാല്‍, അവന്‍ സ്വയം ജീവന്‍ അവസാനിപ്പിച്ചുവെന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല.' കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ആനന്ദിനെ ബാരക്കിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ക്യാംപ് അധികൃതര്‍ നല്‍കിയ വിവരങ്ങളിലും സംശയമുണ്ടെന്നാണ് കുടുംബത്തിന്റെ പക്ഷം. ആത്മഹത്യയ്ക്കു ശ്രമിച്ച ഒരാളെ അതേ സ്ഥലത്ത് തുടരാന്‍ അനുവദിച്ചതിനുപിന്നില്‍ ദുരൂഹതയുണ്ട്. ക്യാംപില്‍ തന്നെ തുടര്‍ന്നോളാമെന്ന് ആനന്ദ് അറിയിച്ചതായി എസ്എപിയിലെ പൊലീസ് കുടുംബത്തോടു പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ആനന്ദിനു ക്യാംപ് അധികൃതരുടെ ഭീഷണി ഉണ്ടായിരുന്നോയെന്ന് അന്വേഷിക്കണമെന്നാണു കുടുംബത്തിന്റെ ആവശ്യം.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് പേരൂര്‍ക്കട എസ്എപി ക്യാംപിലെ ബാരക്കില്‍ ആനന്ദിനെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വാര്‍ത്ത അറിഞ്ഞ ഉടനെ തന്നെ കുടുംബം ക്യാംപിലെത്തി. എന്നാല്‍ ആനന്ദിന്റെ മരണത്തില്‍ പല ദുരൂഹതകളും ഉണ്ടെന്ന് കുടുംബം ആരോപിച്ചു. പ്രത്യേകിച്ച്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുടുംബം മുന്നോട്ടുവച്ചത്. ആനന്ദ് പലപ്പോഴും സഹോദരന്‍ എ. അരവിന്ദിനോട് തുറന്നു പറഞ്ഞിരുന്നതായി പറയുന്നു. ജാതി വിവേചനവും മാനസിക പീഡനവും തനിക്ക് നേരിടേണ്ടിവരുന്നുണ്ടെന്ന്. അത് കേട്ടപ്പോള്‍ തന്നെ വീട്ടുകാര്‍ക്ക് വലിയ ആശങ്കയുണ്ടായിരുന്നു. ക്യാംപില്‍ ഒരുപാട് ട്രെയിനികളോട് മോശമായ രീതിയില്‍ സംസാരിക്കാറുണ്ടെന്നും, അധിക്ഷേപിക്കുന്ന തരത്തില്‍ പെരുമാറാറുണ്ടെന്നും ആനന്ദിന്റെ ചേട്ടന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഭയത്താല്‍ ആര്‍ക്കും തുറന്ന് പറയാന്‍ ധൈര്യമുണ്ടായിരുന്നില്ല. ഇതാകാം ആനന്ദിന്റെ മരണത്തിന്റെ കാരണം എന്നാണ് വീട്ടുകാര്‍ സംശയിക്കുന്നത്.
നേരത്തേയും ആനന്ദ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. 16ന് രാവിലെ 5.45 ന് ബാരക്കിലെ ശുചിമുറിയില്‍ രണ്ട് കൈകളിലും സ്വയം മുറിവേല്‍പിച്ച നിലയില്‍ ആനന്ദിനെ കണ്ടെത്തിയിരുന്നു. ഉടന്‍ പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ എത്തിച്ചതു രക്ഷയായി. കൗണ്‍സലിങ്ങിനു ശേഷം ബാരക്കില്‍ എത്തിച്ച ആനന്ദിനെ അമ്മ ചന്ദ്രികയും അരവിന്ദും കണ്ടിരുന്നു. വീട്ടിലേക്ക് വരാന്‍ അമ്മ നിര്‍ബന്ധിച്ചെങ്കിലും ക്യാംപില്‍ തുടരാമെന്ന് ആനന്ദ് പറയുകയായിരുന്നു. അന്ന് ആനന്ദിനോടു തനിച്ചു സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നെന്നും അരവിന്ദ് പറയുന്നു. ആനന്ദ് എന്തിനെയോ പേടിക്കുന്നുണ്ടായിരുന്നുവെന്ന് തോന്നിയിരുന്നു. വീട്ടിലെത്തിയ ശേഷവും തുടര്‍ച്ചയായി ഫോണില്‍ ആനന്ദിനെ വിളിച്ചിരുന്നു. അസ്വാഭാവികത ഇല്ലാതെയാണ് സംസാരിച്ചതെങ്കിലും എന്തൊക്കെയോ ആശങ്കകള്‍ ഒളിപ്പിച്ചുവയ്ക്കുന്നതു പോലെ തോന്നിയെന്നും അരവിന്ദ് പറഞ്ഞു.