ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെയാണ് നയന ജോസണിനെ മലയാളികള്‍ പരിചയപ്പെട്ടത്. അതിനുള്ളില്‍ ചില സിനിമകളിലും അഭിനയിച്ചിരുന്നു. ഇപ്പോള്‍ ഏഷ്യനെറ്റില്‍ വിജയകരമായി മുന്നേറുന്ന പവിത്രം എന്ന സീരിയലിലെ രാധയായി സ്ഥിരം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്ന നയനയെ കുടുംബപ്രേക്ഷകര്‍ക്കെല്ലാം ഇഷ്ടമാണ്. വിക്രമിനെ കെട്ടാന്‍ പിന്നാലെ നടക്കുന്ന രാധയാണ് പവിത്രത്തിലെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ ഏറെ കഷ്ടപ്പാടുകള്‍ക്കും കണ്ണീരിനുമൊടുവില്‍ പ്രണയിച്ച പുരുഷനെ തന്നെ വിവാഹം കഴിച്ചിരിക്കുകയാണ് നടി ഇപ്പോള്‍. പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റും ഡാന്‍സറുമായ ഗോകുല്‍ കാകരോട്ട് ആണ് നയനയെ വിവാഹം കഴിച്ചത്. ഏറെ വര്‍ഷങ്ങളായുള്ള ഇവരുടെ പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തിയത്.
നയന ക്രിസ്ത്യന്‍ പെണ്‍കുട്ടിയും ഗോകുല്‍ ഹിന്ദു പയ്യനുമാണ്. അതുകൊണ്ടു തന്നെ ഇരുവരും വ്യത്യസ്ത മതത്തില്‍പ്പെട്ടവരായതിനാല്‍ വിവാഹത്തിന് വീട്ടുകാര്‍ വളരെയധികം എതിര്‍ത്തിരുന്നു. പ്രേത്യകിച്ചും നയനയുടെ വീട്ടിലായിരുന്നു എതിര്‍പ്പുകള്‍ ഒരുപാടുണ്ടായിരുന്നത്. ഒടുവില്‍ ഒരുപാട് പോരാടിയാണ് അനുവാദം വാങ്ങിയത്. ഈ മനുഷ്യനെ സ്വന്തമാക്കാന്‍ ഞാന്‍ ഒരുപാട് കരഞ്ഞു എന്ന് നയന വിവാഹനിശ്ചയ വേളയില്‍ പറഞ്ഞിരുന്നു. മാസങ്ങള്‍ക്കു മുമ്പായിരുന്നു നടിയുടെ വിവാഹനിശ്ചയം.
കുറച്ചു ദിവസങ്ങളായി വിവാഹവിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു നടി. ഇന്നലെ പരമ്പരാഗത ക്രിസ്ത്യന്‍ ആചാരമനുസരിച്ച് മധുരംവെപ്പ് ചടങ്ങും ആഘോഷങ്ങളും ഒക്കെയുണ്ടായിരുന്നു. അതിന് ഒരു ക്രിസ്ത്യന്‍ വധുവിനെ പോലെയാണ് നയന ഒരുങ്ങിയെത്തിയത്. ഇന്ന് വിവാഹം നടന്നത് ഹിന്ദു ആചാരങ്ങളനുസരിച്ചുമാണ്. അതിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ നിറയുന്നത്.
ബാലതാരമായി സിനിമയിലെത്തിയ നയന ഒരു അവതാരകയും കൂടിയാണ്. റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്. നയനയുടെ മുഖം കുടുംബ പ്രേക്ഷകര്‍ ശ്രദ്ധിച്ച് തുടങ്ങുന്നത് അമൃത ടിവിയില്‍ ഏറ്റവും വിജയകരമായി സംപ്രേഷണം ചെയ്തിരുന്ന സൂപ്പര്‍ ഡാന്‍സര്‍ ജൂനിയറില്‍ മത്സരാര്‍ത്ഥിയായി എത്തിയപ്പോള്‍ മുതലാണ്.
ഇടതൂര്‍ന്ന നീളന്‍ തലമുടിയും അസാധ്യ മെയ് വഴക്കവുമായി സൂപ്പര്‍ ഡാന്‍സര്‍ ജൂനിയറില്‍ തിളങ്ങിയ നയന ജോസണ്‍ ആ റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റുമായിരുന്നു. ശേഷമാണ് നയനയ്ക്ക് സിനിമകളിലും സീരിയലുകളിലും അവസരം ലഭിച്ച് തുടങ്ങിയത്. മമ്മൂട്ടിക്കൊപ്പം പട്ടണത്തില്‍ ഭൂതമെന്ന സിനിമയില്‍ വരെ അഭിനയിച്ചിട്ടുള്ള നയന സൂപ്പര്‍ ഡാന്‍സര്‍ ജൂനിയറിനുശേഷം കേരള ഡാന്‍സ് ലീഗ്, ഡാന്‍സ് ജോഡി ഡാന്‍സ് എന്നീ റിയാലിറ്റി ഷോകളിലും പങ്കെടുത്തു.
ഇവ രണ്ടിലും ഫൈനലിസ്റ്റുമായിരുന്നു. പിന്നീട് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഡാന്‍സിങ് സ്റ്റാര്‍സില്‍ പങ്കെടുത്ത് ടൈറ്റില്‍ വിജയിയാവുകയും ചെയ്തു. ഡാന്‍സിനോട് അടങ്ങാത്ത പ്രണയമുള്ള നയന ഇതിനെല്ലാം ഇടയില്‍ അഭിനയിക്കാനും സമയം കണ്ടെത്താറുണ്ട്. അങ്ങനെയാണ് ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയല്‍ കൂടെവിടെയിലെ നീതു എന്ന ശ്രദ്ധേയം വേഷം താരം ചെയ്തത്. കൂടെവിടെയില്‍ ഭാഗമായ ശേഷമാണ് അമ്മമാരും നയനയുടെ ആരാധകരായത്. കുട്ടിക്കാലം മുതല്‍ നൃത്തത്തിന് പിന്നാലെയാണ് നയന. താരം മാത്രമല്ല സഹോദരി നന്ദനയും നല്ലൊരു നര്‍ത്തകിയാണ്.
നാല് വയസ് മുതല്‍ നൃത്തം പഠിക്കുന്ന നയന സ്വന്തമായി ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട്. പഠനത്തിന് വളരെയധികം പ്രാധാന്യം നല്‍കിയ കുടുംബമായതിനാല്‍ തന്നെ എല്ലാം പൂര്‍ത്തിയാക്കി ഏറെ വൈകിയാണ് അഭിനയരംഗത്തേക്ക് സജീവമായത്. ചെറുപ്പം മുതല്‍ ഭരതനാട്യവും മോഹിനിയാട്ടവും കുച്ചിപ്പുടിയും പഠിച്ചു. അങ്ങനെയാണ് സൂപ്പര്‍ ഡാന്‍സര്‍ എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലേക്ക് എത്തുന്നത്. ഡാന്‍സ് സ്‌കൂളിന്റെ തിരക്കുകള്‍ക്കിടയിലാണ് പവിത്രം സീരിയലിലെ രാധയായും അഭിനയിക്കുന്നത്.